Connect with us

Kerala

ഇന്ത്യൻ കോഫീ ഹൗസിൽ ഇനി വനിതകളും ഭക്ഷണം വിളമ്പും

Published

|

Last Updated

പ്രീതി പ്രമോദും സുരൻസാ ദേവിയും ഭക്ഷണം വിളന്പുന്നു

കോട്ടയം | ഇന്ത്യൻ കോഫീ ഹൗസിൽ സ്ത്രീ തൊഴിലാളികളെ ഉൾപ്പെടുത്തി. ജില്ലയിലെ വിവിധ ഇന്ത്യൻ കോഫീ ഹൗസിന്റെ റസ്റ്റോറന്റുകളിൽ ജനറൽ വർക്കർ തസ്തികയിൽ അഞ്ച് സ്ത്രീ തൊഴിലാളികളാണ് പുതുതായി ജോലിക്ക് പ്രവേശിച്ചിരിക്കുന്നത്. കോട്ടയം വൈ എം സിക്ക് സമീപത്തെ ഇന്ത്യൻ കോഫീ ഹൗസിൽ ആദ്യമായി ജോലിക്കെത്തിയ സ്ത്രീ ജീവനക്കാരെ പൂമാലയണിഞ്ഞാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.

കോട്ടയം ഇല്ലിക്കൽ സ്വദേശിനി പ്രീതി പ്രമോദ്, കോട്ടയം പരിപ്പ് സ്വദേശിനി സുരൻസാ ദേവി എന്നിവരാണ് കോട്ടയം വൈ എം സിക്ക് സമീപത്തെ കോഫി ഹൗസിൽ ജോലിയിൽ പ്രവേശിച്ചത്. ഇരുവരുടെയും ഭർത്താക്കൻമാർ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരാണ്. പ്രീതിയുടെ ഭർത്താവ് പ്രമോദ് ക്ലർക്കായാണ് ജോലി ചെയുന്നത്. സുരൻസാ ദേവിയുടെ ഭർത്താവ് ശ്യാംലാലിന് കോട്ടയം മെഡിക്കൽ കോളജിലെ കോഫി ഹൗസിലാണ് ജോലി.
മുൻപരിചയമില്ലെങ്കിലും ജോലി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

തൊഴിൽ മേഖലയടക്കം എല്ലാ രംഗത്തും സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കോഫീ ഹൗസിലും ജോലിക്കാരായി വനിതകളെ നിയമിച്ചത്. വനിതകളെ ജോലിക്കായി നിയമിക്കണമെന്ന ബോർഡിന്റെ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ വനിതകൾ ജോലിയിൽ പ്രവേശിച്ചിരുന്നു. കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് ആദ്യം മധുരം വിളമ്പി, അതിനുശേഷം ഓർഡർ എടുത്തും ഭക്ഷണം വിളമ്പിയുമാണ് വനിതാ ജീവനക്കാർ തങ്ങളുടെ ആദ്യദിവസത്തെ ജോലിക്ക് തുടക്കം കുറിച്ചത്. പുരുഷന്മാരായ ജീവനക്കാർ നിർദേശങ്ങൾ നൽകി സഹായിച്ചു.

ആദ്യ ദിവസം കുടുംബസമേതമാണ് ഇരുവരും എത്തിയത്. ഒന്നര വർഷം ഇവർ ട്രെയിനിയായി ജോലി ചെയ്യും. ട്രെയിനിംഗ് പിരിയഡിൽ 9,000 രൂപക്കടുത്ത് ശന്പളം ലഭിക്കും. അതിനു ശേഷം ഇവരെ സ്ഥിരപ്പെടുത്തും.

Latest