Connect with us

International

കൊറോണ: വ്യാപനം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് ചൈന; മരണസംഖ്യ 425 ആയി

Published

|

Last Updated

ബെയ്ജിംഗ് | രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും സമ്മതിച്ച് ചൈന. അതേ സമയം, കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയിൽ 20,400 പേർക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയിൽ 2,829 പേർ കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
രോഗ സംശയത്തെ തുടർന്ന് 17,205 പേർ ചികിത്സയിലുണ്ട്. ചൈനയിൽ നിന്ന് പടർന്ന കൊറോണവൈറസിന്റെ ഉത്ഭവം വവ്വാലുകളാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. സാർസിനേക്കാളും ഭീകരമായ അവസ്ഥയിലേക്കാണ് വൈറസ് പടരുന്നത്.

അതിനിടെ കൊറോണ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇതിനകം 25 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സർക്കാർ അടച്ചു.

കൂടുതൽ ജാഗ്രതയോടെ കേരളം

സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

ചൈനക്ക് പുറത്തേക്കും മരണം

ചൈനക്ക് പുറത്തേക്കും മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങി.
വൈറസ് കൂടുതൽ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നൽകി വുഹാനിൽനിന്ന് 800 കിലോമീറ്റർ മാറിയുള്ള കിഴക്കൻ നഗരമായ വെൻഷൂവാണ് അടച്ചത്. ഷെജിയാംഗ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകൾ കഴിയുന്ന നഗരമാണ് വെൻഷൂ. ഷെജിയാംഗിൽ 661 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 265ഉം വെൻഷൂവിലാണ്.
വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ച് കോടിയോളം ആളുകൾക്കാണ് വീടുകളിൽത്തന്നെ കഴിയാൻ നിർദേശം നൽകിയിരിക്കുന്നത്.

ഇവിടേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങൾക്ക് രണ്ട് ദിവസം കൂടുമ്പോൾ കുടുംബത്തിൽ ഒരാൾക്കാണ് പുറത്തുപോകാൻ അനുമതിയുള്ളത്. 46 ഹൈവേകളാണ് അടച്ചത്.
സഊദി എണ്ണ ഉത്പാദനം വെട്ടിക്കുറച്ചു
ചൈനയിൽ കൊറോണവൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സഊദി അറേബ്യ ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറച്ചു. സഊദിയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ചൈനയിൽ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. ഹൈവേകൾ അടക്കുകയും യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതോടെ ഇവിടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒപെക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണലാണ് വാർത്ത പുറത്തുവിട്ടത്. ദിവസേന അഞ്ച് ലക്ഷം ബാരൽ എണ്ണയുടെ ഉത്പാദനമാണ് സഊദി കുറച്ചത്.

കിവംദന്തി നേരിടാൻ
ഡബ്ല്യു എച്ച് ഒ

കൊറോണവൈറസുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കിംവദന്തികളെയും വ്യാജ പ്രചാരണങ്ങളെയും നേരിടാൻ ഡബ്ല്യു എച്ച് ഒ രംഗത്തെത്തി.
ഗൂഗിളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് തങ്ങൾ നടത്തുന്നതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ഡെഡ്രോസ് അദനോം വ്യക്തമാക്കി. ഗൂഗിളിൽ കൊറോണവൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരയുന്നവർക്ക് ഏറ്റവും ശരിയായതും ഔദ്യോഗികവുമായ വിവരങ്ങൾ ആദ്യം നൽകുന്ന സംവിധാനമാണ് ഒരുക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.

അതിർത്തികൾ അടച്ച് ഹോങ്കോംഗ്

ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗ് അതിർത്തികളടച്ചു. ചൈനയുമായുള്ള 13ൽ പത്ത് അതിർത്തികളും അടച്ചതായി ഹോങ്കോംഗ് ഭരണാധികാരി കാരി ലാം വ്യക്തമാക്കി. അതിർത്തികൾ അടക്കാത്തപക്ഷം വൈറസ് നിയന്ത്രണ വിധേയമാക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹോങ്കോംഗിൽ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് അതിർത്തികൾ അടച്ചത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം നടന്നത്.
ചൈനയിൽ നിന്നെത്തിയ 15 പേരിൽ ഇവിടെ കൊറോണവൈറസ് സ്ഥിരീകരിച്ചിരുന്നു.

ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു.

വ്യാജ വാർത്തകൾ തടയും

കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ തന്നെ ആദ്യം കിട്ടാൻ ഗൂഗിളുമായി ധാരണയായി. ആഗോള തലത്തിൽ വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു.  വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാർത്തകൾ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

Latest