Connect with us

National

ഭീഷണികളെ അതിജീവിച്ച് ശഹീൻ ബാഗ് പ്രതിഷേധിക്കുന്നു

Published

|

Last Updated

ശഹീൻ ബാഗിലെ സമരക്കാർക്ക് പിന്തുണയുമായി കെ കെ രാഗേഷ്
എം പി സമരപ്പന്തലിലെത്തിയപ്പോൾ

ന്യൂഡൽഹി | ഭീഷണികളെ അവഗണിച്ച് ഡൽഹി ശഹീൻ ബാഗ് സമരം ഓരോ ദിനം കഴിയും തോറും കൂടുതൽ ശക്തമാകുന്നു. ഹിന്ദുത്വ ഭീഷണിയെ അവഗണിച്ച് മരംകോച്ചും തണുപ്പിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ശഹീൻ ബാഗിലെ സമരപ്പന്തലിൽ ഒത്തുചേരുന്നത്. രാവും പകലും വ്യത്യാസമില്ലാതെ ഈ തെരുവിൽ സമരം നടക്കുകയാണ്. ശഹീൻ ബാഗിൽ സമരം തുടങ്ങിയിട്ട് അമ്പത് ദിവസത്തിലധികമായി.

തീവ്ര ഹിന്ദുത്വ വിഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ തരത്തിലുള്ള ഭീഷണികൾ ശഹീൻ ബാഗ് സമരത്തിന് നേരയുണ്ടായിരുന്നു. ഇന്നലെ പ്രകോപന മുദ്രാവാക്യവുമായി ഒരു കൂട്ടം ഹിന്ദുസേനക്കാർ സമരപ്പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. ഈ സമരം ഇതോടെ അവസാനിപ്പിച്ചു തരാമെന്ന ആക്രോശവുമായാണ് 200ൽ പരം വരുന്ന ഹിന്ദുസേന പ്രവർത്തകർ എത്തിയത്. “രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂ” എന്നടക്കമുള്ള മുദ്രാവാക്യങ്ങൾ അവർ മുഴക്കുന്നുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം തോക്കുമായി എത്തിയ തീവ്രവാദി, സമരക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് സമരപ്പന്തലിലേക്ക് ഇരച്ചെത്തിയത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അർധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ഇടത് എം പിമാർ സമര പന്തലിലെത്തി. കെ കെ രാഗേഷ്, സോമപ്രസാദ് എന്നിവരാണ് സമര പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരത്തിന് നേരെ വെടിവെപ്പ് ഉൾപ്പെടെ തുടർച്ചയായ പ്രകോപനം ഉണ്ടായിട്ടും തികച്ചും സമാധാനപരമായാണ് ഇവിടെ ജനങ്ങൾ പ്രതിഷേധിക്കുന്നതെന്നും ഇതാണ് സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നതെന്നും കെ കെ രാഗേഷ് എം പി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ശഹീൻ ബാഗുകൾ രാജ്യമെമ്പാടും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest