Connect with us

National

പൗരത്വ നിയമം: ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

Published

|

Last Updated

ജബൽപൂർ | കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവക്കെതിരെ ബി ജെ പിയിലും പ്രതിഷേധം കനക്കുന്നു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്ന് ജില്ലാ മേധാവിയും മുൻ ചാൻസലർമാരും തൊഴിലാളികളും മുതിർന്ന പ്രവർത്തകരും ഉൾപ്പെടെ 700ഓളം പേരാണ് വിവാദ നിയമത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടത്. രാജിവെച്ചവരെല്ലാം ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗം പ്രവർത്തകരാണ്.

പൊതുതാത്പര്യാർഥമാണ് ഞങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ചതെന്നും വിവാദമായ നിയമത്തിനെതിരായ പ്രതിഷേധം ഓരോ ദിവസം പൗരന്മാർക്കിടയിൽ വ്യാപിക്കുകയാണെന്നും അവർക്കൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും പാർട്ടി വിട്ട ജബൽപൂർ ബി ജെ പി മേധാവി ഷാഫിക് ഹിറ പറഞ്ഞു.
പ്രവർത്തകരുടെ കൂട്ട രാജി ബി ജെ പി നിഷേധിച്ചു. പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് രാജിയുമായി രംഗത്തു വന്നിട്ടുള്ളതെന്ന് ബി ജെ പി പ്രതികരിച്ചു. എന്നാൽ, പാർട്ടിക്ക് മറുപടിയായി രാജിവെച്ച പ്രവർത്തകർ തങ്ങളുടെ പ്രാഥമിക അംഗത്വ സർട്ടിഫിക്കറ്റ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.

രണ്ട് ദിവസം മുമ്പ് മൈഹാർ നിയമസഭാ മണ്ഡലത്തിലെ നിന്നുള്ള ബി ജെ പി. എം എൽ എ നാരായൺ ത്രിപാഠി സി എ എയെ എതിർത്ത് രംഗത്ത് വന്നിരുന്നു. ബി ജെ പി ഒന്നുകിൽ ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന പിന്തുടരുകയോ അല്ലെങ്കിൽ അതിനെ കീറി വലിച്ചെറിയുകയോ ചെയ്യണം, കാരണം മതപരമായ അടിസ്ഥാനത്തിൽ രാഷ്ട്രത്തെ വിഭജിക്കാൻ കഴിയില്ലെന്ന് വ്യക്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രണ്ടാഴ്ച മുമ്പ്, വിവാദ നിയമത്തിനെതിരെ പ്രതിഷേധിച്ച് ഖാർഗോണിൽ നിന്നുള്ള 170 ബി ജെ പി ന്യൂനപക്ഷ സെൽ അംഗങ്ങളും ഭോപ്പാലിൽ നിന്ന് 50 ഓളം തൊഴിലാളികളും രാജിവച്ചിരുന്നു. കൂടാതെ, ഗോത്രവർഗ ആധിപത്യമുള്ള ബർവാനിയിൽ നിയമത്തിനെതിരെ സംസ്ഥാനത്തെ പത്തോളം ജില്ലകൾ അനിശ്ചിതകാല പണിമുടക്കിന് സാക്ഷ്യം വഹിച്ചു.

മധ്യപ്രദേശിൽ ന്യൂനപക്ഷ സെല്ലിന്റെ 550 ഓളം ഭാരവാഹികളില്‍ 350ലധികം പേർ പാർട്ടി വിട്ടുപോയതായി മുൻ നേതാവ് ജാവേദ് ബെയ്ഗ് പറഞ്ഞു. 12,000-15,000 മുസ്‌ലിംകളാണ് ബി ജെ പിയിലുള്ളത്.

Latest