Connect with us

National

ജന്ദർ മന്ദറിൽ എസ് എസ് എഫ് പ്രതിഷേധ റാലി

Published

|

Last Updated

ന്യൂഡൽഹി | പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും രാജ്യത്തെ പൗരൻമാരെ ഭിന്നിപ്പിച്ച് മുന്നോട്ടു പോകാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ലെന്നും എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അൽ ബുഖാരി. ഡൽഹി ജന്ദർമന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയെയും ധർണയെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമം ഇന്ത്യയെന്ന ആശയത്തിന് തന്നെ എതിരാണ്. സി എ എയും ശേഷം എൻ ആർ സിയും നടപ്പാക്കുക വഴി ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗത്തിന്റെ തന്നെ പൗരത്വം നിഷേധിക്കാൻ ഭരണകൂടത്തിന് സാധിക്കും. ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്തും. മുസ്്ലിംകളുടെ മാത്രം പ്രശ്‌നമല്ലിത്. അതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും സമര രംഗത്തുണ്ടെന്നും ലക്ഷ്യം നേടും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് നിരായുധരായി ഭരണഘടനാപരവും സമാധാനപരവുമായി സമരം ചെയ്യുന്നവരെ ഭീകരരെന്ന് മുദ്ര കുത്തുമ്പോൾ മറുഭാഗത്ത് ആയുധധാരികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ വെടിയുതിർത്ത് കളിക്കുന്നു. പക്ഷേ, ഇത് കൊണ്ടൊന്നും ഗാന്ധിയുടെ ഇന്ത്യ ഭയപ്പെടില്ല.
ജെ എൻ യു സ്റ്റുഡന്റ‌്സ് യൂനിയൻ കൗൺസിലർ വിഷ്ണുപ്രസാദ്, എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷൻ സുഹൈറുദ്ദീൻ നൂറാനി, സെക്രട്ടറിമാരായ ശരീഫ് ബാംഗ്ലൂർ, നൗഷാദ് ആലം, ജാമിഅ മില്ലിയ്യ വിദ്യാർഥി നേതാവ് എൻ എസ് അബ്ദുൽ ഹമീദ് പ്രസംഗിച്ചു.

രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന എസ് എസ് എഫ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെത്തിയ അംഗങ്ങൾക്ക് പുറമെ വിവിധ യൂനിവേഴ്‌സിറ്റികളിലെ പ്രവർത്തകരും ഡൽഹിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരും പങ്കെടുത്തു. സുഹൈൽ ബറകാത്തി സ്വാഗതവും അബ്ദുൽ ഖാദിർ നൂറാനി നന്ദിയും പറഞ്ഞു.

Latest