Connect with us

Sports

ഇന്ത്യ 5.0; പരമ്പര തൂത്തുവാരി

Published

|

Last Updated

മൗണ്ട് മൗംഗനൂയി | ഇത്തവണ സൂപ്പർ ഓവർ ഉണ്ടായില്ല. എന്നാൽ, ആവേശത്തിന് കുറവുമില്ലായിരുന്നു. ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വി20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ വിജയം. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഏഴ് റൺസിന്റെ ജയം നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ടി20 ക്രിക്കറ്റിൽ ഇതാദ്യമാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു ടീം സമ്പൂർണ ജയം നേടുന്നത്.

ഇന്ത്യ മുന്നോട്ടുവെച്ച 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ കിവികൾക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസ്. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ ആ ഓവറിൽ രണ്ട് സിക്‌സർ പറത്തിയ ഇഷ് സോധി ഇന്ത്യയെ വിറപ്പിച്ചെങ്കിലും ഏഴ് റൺസകലെ ഇന്നിംഗ്‌സ് അവസാനിച്ചു. ജസ്പ്രീത് ബുംറ കളിയിലെ താരമായും കെ എൽ രാഹുൽ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ ബൗളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ന്യൂസിലാൻഡ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപണർമാരായ ഗപ്റ്റിലിലും (രണ്ട് ), മൺറോയും (15) ടോം ബ്രൂസും (പൂജ്യം) പവലിയനിൽ തിരിച്ചെത്തിയപ്പോൾ 17 റൺസായിരുന്നു ടീമിന്റെ സമ്പാദ്യം. റോസ് ടെയ്‌ലറും ടിം സീഫർട്ടും ഒരുമിച്ചതോടെ കളിമാറി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 99 റൺസ്. ഇതിന് ആവശ്യമായി വന്നത് 59 പന്തുകൾ മാത്രം.

ശിവം ദുബെ എറിഞ്ഞ, പത്താമത്തെ ഓവറിൽ ഇരുവരും ചേർന്ന് വാരിയത് 34 റൺസ്. ഒരു നോബോൾ ഉൾപ്പെടെ ഏഴ് പന്തെറിഞ്ഞ ദുബെക്കെതിരെ ഇവർ നേടിയത് നാല് സിക്‌സും രണ്ട് ബൗണ്ടറിയും. ഇതോടെ ടി20യിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ താരമായി ദുബെ മാറി. 2016ൽ വെസ്റ്റിൻഡീസിനെതിരെ ഒരു ഓവറിൽ 32 റൺസ് വഴങ്ങിയ സ്റ്റുവർട്ട് ബിന്നിയുടെ റെക്കോർഡാണ് തകർന്നത്. 13ാം ഓവറിൽ സീഫർട്ടിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് സെയ്്നി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. 30 പന്തിൽ 50 റൺസ് നേടിയ താരം മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും നേടി. 18ാം ഓവറിന്റെ തുടക്കത്തിൽ ടെയ്‌ലറിനെ സെയ്്നി വീഴ്ത്തിയതോടെ ന്യൂസിലാൻഡിന്റെ നില പരുങ്ങലിലായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും സെയ്്നി, ഠാക്കൂർ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. ഓപണിംഗ് റോളിൽ ഒരു അവസരം കൂടി ലഭിച്ച സഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തി. അഞ്ച് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലെന്നതുപോലെ തന്നെ സ്‌കോട് കുഗ്ഗെലെയ്്‌ന്റെ പന്തിൽ മിച്ചൽ സാന്റ്‌നർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പിന്നീട് 41 പന്തിൽ 60 റൺസടിച്ച രോഹിതും 33 പന്തിൽ 45 റൺസെടുത്ത രാഹുലും ചേർന്ന് സ്‌കോർ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ രോഹിതും അയ്യരും ചേർന്ന് നേടിയ 42 റൺസ് നേടി.
മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും നേടി നന്നായി ബാറ്റ് ചെയ്ത രോഹിത് പരുക്കിനെ തുടർന്ന് കളം വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
31 പന്തിൽ 33 റൺസുമായി ശ്രേയസ് അയ്യരും നാല് പന്തിൽ 11 റൺസെടുത്ത മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു. ശിവം ദുബെക്ക് (അഞ്ച്) തിളങ്ങാനായില്ല. ന്യൂസിലാൻഡിനായി കുഗ്ഗെലെയ്്ൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചത്. കഴിഞ്ഞ മത്സരത്തിൽ രോഹിതിന് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. പരുക്കിൽ നിന്ന് മുക്തനാകാത്ത കെയ്്ൻ വില്യംസണിന് പകരം ടിം സൗത്തിയാണ് ഇന്നലെയും ന്യൂസിലാൻഡിനെ നയിച്ചത്.

Latest