Connect with us

National

വെടിവെപ്പ്: ഡല്‍ഹി പോലീസ് ഡി സി പിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന രണ്ട് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷിന് പകരം ഇടക്കാല ചുമതല നല്‍കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പുതിയ ഡിസിപിയായി നിയമിക്കാന്‍ യോഗ്യരായ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസിപിചിന്മയ് ബിസ്വാള്‍ ചുമതലകള്‍ ഉടന്‍ ഒഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതില്‍ ചിന്‍മോയ് ബിശ്വാസിനു വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ഗാന്ധിജിയുടെ ചരമവാര്‍ഷികദിനത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് പതിനേഴുകാരനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരുക്കേറ്റു. ശനിയാഴ്ച ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാള്‍ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

Latest