Connect with us

National

നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഹരജി വിധി പറയനായി മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന സര്‍ക്കാറിന്റെ ഹരജി വിധി പറയാനായി മാറ്റിവെച്ചു. പ്രതികള്‍ വധശിക്ഷ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍ വാദിച്ചു. കേസിലെ പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കാതിരിക്കുന്നത് മനപൂര്‍വമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈകോടതിയെ അറിയിച്ചു. നാല് പേരുടേയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. വിചാരണ കോടതി പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്തതിനെതിരായി സമര്‍പ്പിച്ച ഹരജിയില്‍ നടന്ന വാദത്തിലാണ് തുഷാര്‍ മേത്ത ഇക്കാര്യമറിയിച്ചത്.

വിധി വൈകിപ്പിക്കാനുള്ള നടപടികള്‍ പ്രതികള്‍ മനഃപൂര്‍വം, ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. നിയമ നടപടികളെ പരീക്ഷിക്കുന്ന നടപടിയാണ് പ്രതികളുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീതി നടപ്പാക്കുന്നത് വൈകരുത്. വധശിക്ഷ നല്‍കുന്നത് വൈകാന്‍ പാടില്ല. കുറ്റവാളികളുടെ താത്പര്യത്തിനനുസരിച്ച് വധശിക്ഷ വൈകിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ്‌നല്‍കുകയെന്നുംഅദ്ദേഹം വാദിച്ചു.

ജയില്‍ ചട്ടം പ്രകാരം വധശിക്ഷ ഒരുമിച്ചേ നടത്താനാകുവെന്നും വധശിക്ഷ നടപ്പിലാക്കുന്നതിന് ഭരണഘടനയില്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദി്ച്ചു.

പ്രതി മുകേഷ് സിങ്ങിനു വേണ്ടി അഭിഭാഷകയായ റെബേക്ക ജോണും മറ്റ് പ്രതികള്‍ക്കായി അഭിഭാഷകനായ എ പി സിങ്ങും ഹാജരായി.

പ്രതികളെ ശനിയാഴ്ച രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നെങ്കിലും പ്രതികളിലൊരാളായ വിനയ് ശര്‍മ ദയാഹരജി സമര്‍പ്പിച്ചതിനാല്‍ വധശിക്ഷക്ക് വെള്ളിയാഴ്ച ഡല്‍ഹി പട്യാലഹൗസ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Latest