Connect with us

Editorial

ആളും തരവും നോക്കിയല്ല നീതിയും നിയമവും

Published

|

Last Updated

സുപ്രീം കോടതി നല്ല നടപ്പിനു തുറന്നു വിട്ടിരിക്കുകയാണ് ഗുജറാത്ത് വംശഹത്യാ കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ. മധ്യപ്രദേശിലേക്ക് മാറിത്താമസിച്ച് സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്ന വ്യവസ്ഥയോടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ചാണ് ഇവര്‍ക്കു ജാമ്യം അനുവദിച്ചത്. പ്രതികള്‍ ആറ് മണിക്കൂര്‍ ദിവസേന സാമൂഹിക സേവനം നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇന്‍ഡോര്‍, ജബല്‍പൂര്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 14 പ്രതികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു സംഘത്തെ ഇന്‍ഡോറിലും രണ്ടാമത്തെ സംഘത്തെ ജബല്‍പൂരിലും താമസിപ്പിക്കണം. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഭോപ്പാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന വംശഹത്യക്കിടെ 2002 ഫെബ്രുവരി 28ന് മെഹ്‌സാന ജില്ലയിലെ സര്‍ദാര്‍പുര ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 മുസ്‌ലിം സഹോദരങ്ങളെ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തവരാണ് ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികള്‍. ഹിന്ദുത്വ ഭീകരരുടെ അക്രമങ്ങളില്‍ ഭയന്ന് ഒരു വീട്ടിലൊളിച്ചിരിക്കുകയായിരുന്ന മുസ്‌ലിംകളെ വീടിന് തീവെച്ചു അഗ്നിക്കിരയാക്കുകയായിരുന്നു അക്രമികള്‍. 2011ല്‍ വിചാരണാ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതാണ്. ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. ഇവരില്‍ ഒരാള്‍ പിന്നീട് മരണപ്പെട്ടു. മൂന്ന് പേരെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. അവശേഷിക്കുന്ന 14 പേര്‍ക്കാണ് “നല്ല നടപ്പ്” നിബന്ധനയോടെ സുപ്രീം കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. രണ്ടായിരത്തോളം മുസ്‌ലിംകളെയാണ് ഗുജറാത്ത് വംശഹത്യക്കിടെ ഹിന്ദുത്വ ഭീകരര്‍ നിഷ്ഠൂരമായി വധിച്ചത്.

ആത്മ സംസ്‌കരണത്തിലൂടെ കുറ്റവാളികളെ നല്ല പൗരന്മാരാക്കി മാറ്റിയെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ. അതേസമയം കൊടും കുറ്റവാളികളോടുള്ള പരമോന്നത കോടതിയുടെ ഈ ദയാവായ്പ് കാണുമ്പോള്‍ മൂന്ന് പതിറ്റാണ്ടു മുമ്പ് നടന്ന കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും, താന്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ പതിറ്റാണ്ടുകളായി വിചാരണാ തടവ് അനുഭവിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെയും മറ്റും ഓര്‍ത്തു പോകുക സ്വാഭാവികം. 1990 നവംബറില്‍ നടന്ന കസ്റ്റഡി മരണത്തിന്റെ പേരിലാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. കസ്റ്റഡിയില്‍ നടന്ന ദേഹോപദ്രവത്തെ തുടര്‍ന്ന് പ്രതി പ്രഭുദാസ് മരിച്ചെന്നാണ് കേസ്. കിഡ്‌നി തകരാര്‍ മൂലമാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നത്. നേരത്തേ ഈ കേസ് തേഞ്ഞുമാഞ്ഞു പോയതായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് അദ്ദേഹം ഗുജറാത്ത് സര്‍ക്കാറിന്റെ കണ്ണില്‍ കരടായതും അദ്ദേഹത്തിനെതിരെയുള്ള കേസില്‍ നടപടികള്‍ പുനരാരംഭിച്ചതും. തുടര്‍ന്ന് 2018 സെപ്തംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണില്‍ കോടതി തടവു ശിക്ഷയും വിധിച്ചു. വിചാരണാ തടവുകാരനായിരുന്ന കാലത്ത് സഞ്ജീവ് ഭട്ട് ജാമ്യത്തിനു അപേക്ഷിച്ചെങ്കിലും നല്‍കിയില്ല. ഭട്ടിന്റെ കാര്യത്തില്‍ നല്ല നടപ്പിനുള്ള ജാമ്യം അനുവദിക്കാന്‍ ജൂറിമാര്‍ക്ക് തോന്നിയില്ല.
1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതര വര്‍ഷത്തോളം ജയിലില്‍ കിടന്നു മഅ്ദനി.

നിരപരാധിയാണെന്നു കണ്ട് കോടതി പിന്നീട് വിട്ടയച്ചെങ്കിലും നീണ്ടകാലത്തെ ജയില്‍ വാസത്തിനിടയില്‍ ആരോഗ്യം പാടേ തകര്‍ന്ന അദ്ദേഹത്തെ ബെംഗളൂരു സ്‌ഫോടനക്കേസിലെ പങ്ക് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കര്‍ണാടക പിന്നെയും തടവിലാക്കി. മോശം ആരോഗ്യാവസ്ഥ കാണിച്ചു ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കര്‍ണാടക ഹൈക്കോടതി ഇത് നിരസിച്ചു. നിരന്തരമായി നീളുന്ന വിചാരണയും കേസ് നടപടികളും പരിഗണിച്ച് പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് ബെംഗളൂരു നഗരം വിട്ടു പോകാന്‍ അനുവാദമില്ല. പ്രായമായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നപേക്ഷിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വിസമ്മതിച്ചു. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും യാത്രാ ചെലവിനും സുരക്ഷക്കും താമസത്തിനുമായി പതിനഞ്ച് ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക പോലീസ് മഅ്ദനിയെ സമാനതകളില്ലാത്ത വിധം ദ്രോഹിച്ചു കൊണ്ടേയിരുന്നു.

നീതിയുടെ രണ്ട് മുഖങ്ങളാണ് ഇവിടെ കാണപ്പെട്ടത്. സഞ്ജീവ് ഭട്ടും മഅ്ദനിയും നിരന്തരം ഭരണകൂട ഭീകരതക്ക് ഇരയാകുമ്പോള്‍, പൂര്‍ണ ഗര്‍ഭിണിയായ കൗസര്‍ബിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വയര്‍ കുത്തിപ്പിളര്‍ന്നു ഭ്രൂണം പുറത്തെടുത്ത് ത്രിശൂലത്തില്‍ ഉയര്‍ത്തിപ്പിടിച്ച് “ഹിന്ദു സംസ്‌കാരം സംരക്ഷിച്ചത് താനാണെ”ന്നു വിളിച്ചു പറഞ്ഞ കൊടും ഭീകരന്‍ ബാബു ബംജ്രംഗി രാജ്യത്ത് വിലസി നടക്കുന്നു. ഗുജറാത്ത് വംശഹത്യാ വേളയില്‍ നരോദ്യപാട്യയില്‍ ഹിന്ദുത്വരുടെ യോഗം വിളിച്ചു ചേര്‍ത്ത് മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത, നരോദ്യപാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരിയും ബി ജെ പി നേതാവുമായ കോഡ്‌നാനിയും പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളും രാജ്യത്ത് വിഹരിക്കുകയാണ്. എന്തുകൊണ്ടോ ഹിന്ദുത്വ വിരുദ്ധരെ കള്ളക്കേസുകളില്‍ കുടുക്കി നിയമം മൂലം വേട്ടയാടപ്പെടുമ്പോള്‍ ഹിന്ദുത്വ ഭീകരരെ വെറുതെ വിടുന്ന വിചിത്ര കാഴ്ചയാണ് കാണപ്പെടുന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പെഹ്‌ലുഖാന്‍ കേസിലെ പ്രതികള്‍ക്കെതിരെ കേസെടുത്തത്. എന്നിട്ടും കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി അവരെ വെറുതെ വിട്ടു. അതേസമയം പെഹ്‌ലുഖാനെ ഹിന്ദുത്വര്‍ മൃഗീയമായി അക്രമിക്കുമ്പോള്‍, അത് തടയാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സഹായികളായ റഫീഖും അസ്മത്തും പോലീസ് ചുമത്തിയ കള്ളക്കേസിന്റെ പേരില്‍ നിയമ നടപടികളെ നേരിട്ടു കൊണ്ടിരിക്കുകയുമാണ്.

Latest