Connect with us

Vazhivilakk

മക്കളെ പൂ കാണിച്ച് മാടിവിളിക്കാമോ?

Published

|

Last Updated

മക്കൾ മിടുക്കരാകണം എന്നാണ് എല്ലാ രക്ഷിതാക്കളും കൊതിക്കുക. പക്ഷേ, ആയതിലേക്ക് ഏതു വഴി പോകണം എന്ന് പലർക്കും അറിഞ്ഞുകൂടാ. പലരും കരുതിയത് തീറ്റയും കുടിയും എത്തിച്ചു കൊടുത്താൽ എല്ലാമായി എന്നാണ്. അതിലപ്പുറം അവരെ വൈകാരികമായി പുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളെ പറ്റി ഒന്നുകിൽ തീരെ അറിവില്ല. അല്ലെങ്കിൽ തെറ്റായ അറിവ് വെച്ചു പുലർത്തുന്നു. മാതാപിതാക്കളിൽ നിന്ന് പരിഗണനയും നല്ലവാക്കും കിട്ടണമെന്ന് ദാഹിച്ചുകഴിയവേ അത് നിഷേധിക്കപ്പെടുമ്പോൾ മക്കളിൽ അലോസരങ്ങൾ പതഞ്ഞുപൊന്തും. സ്‌നേഹത്തിന് പകരം അവരുടെ മനസ്സിൽ വെറുപ്പും പകയും പുകഞ്ഞുവരും. അവസാനനാളുകളിൽ കൈത്താങ്ങാവേണ്ടവർ അന്നേരം നെഞ്ചിനുകുത്തുന്നവരായി മാറും.

സേതുവിന്റെ കാര്യം തന്നെ ഓർത്ത് നോക്ക്. വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. വീട്ടിലെ സാങ്കേതിക സാഹചര്യം വളരെ മോശം. ചിമ്മിനി വിളക്കിന്റെ കരിയും പുകയും. പുകഞ്ഞ് നീറുന്ന വയറും മനസ്സും. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു. ഇന്നാണ് റിസൾട്ട്. അതമ്മയ്ക്കറിയാം, എല്ലാവർക്കുമറിയാം. ടൗണിൽ റേഷൻകട നടത്തുന്ന കോയസ്സൻ മാപ്പിളയുടെ പീടികയിൽ പത്രമുണ്ട്. മറിച്ച് പരിശോധിച്ചപ്പോൾ 51931, നല്ല നിലയിൽ പാസ്സായിട്ടുണ്ട്. വിജയശ്രീലാളിതനായി വീട്ടിലേക്ക് കുതിച്ചോടുന്ന ഒരു പതിനഞ്ചു വയസ്സുകാരന്റെ മനസ്സിലെ പഞ്ചാരക്കടൽ ഒന്നോർത്തു നോക്കൂ. വിജയവാർത്ത അറിഞ്ഞതും അമ്മ മാറോടണച്ച് നെറ്റിയിൽ തുരുതുരാ ചുംബിച്ച് വായിൽ മധുരലഡു വെച്ച് കൊടുത്ത്…അങ്ങനെയൊക്കെയാണല്ലോ സ്വപ്‌നങ്ങളിൽ ഉണ്ടായിരിക്കുക.

പക്ഷെ, വന്ന് കയറിയതും വീട്ടിലൊരു ചർച്ച നടക്കുകയായിരുന്നു, അപ്പുനായരുടെ അധ്യക്ഷതയിൽ. പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, എല്ലാം തീരുമാനിക്കുന്നത് ജാതകബലമാണെന്നായിരുന്നു, ആ ചർച്ചയുടെ കാതൽ. ആയതിലേക്ക് തെളിവായി ഒന്നും പഠിക്കാതെ ഇപ്പോൾ പണം വാരുന്ന പങ്കുണ്യാരുടെ മകൻ രാമുട്ടിയുടേയും എത്രയോ പഠിച്ചിട്ട് ഒന്നുമില്ലാതെ നരകിക്കുന്ന സ്വന്തം ജ്യേഷ്ടന്റെ കഥകളുമാണ് കെട്ടഴിച്ചുവിടുന്നത്. ഞാൻ കയറിച്ചെല്ലുമ്പോൾ എല്ലാവരും വന്നെന്നെവളയും എന്നോർത്ത് ആഹ്ലാദത്തോടെയാണ് കയറിച്ചെന്നത്. അപ്പോൾ അമ്മ പുറത്തിറങ്ങി വന്നു.

“നീയെവിട്യാടാ ഇത്ര രാവിലെ തന്ന പോയ്യേ?…”- എന്ന് ചോദിച്ചത് അപ്പുനായരാണ്; അമ്മയല്ല. അമ്മയത് ചോദിച്ചിരുന്നെങ്കിൽ പാസ്സായകാര്യം സദസ്സിലവതരിപ്പിക്കാനുള്ള അവസരമാവുമായിരുന്നു. എന്നിട്ട് കണ്ടില്ലേ, ഒന്നന്വേഷിക്കുന്നുപോലുമില്ല. ഞാൻ പബ്ലിക് പരീക്ഷ പാസ്സായത് ഒരു സാധാരണ സംഭവം മാത്രം. വീട്ടിലെ മൊത്തം പ്രതികരണത്തിൽ പുച്ഛത്തിന്റെ രാശിപ്രഭ, അവഗണനയുടെ പുകക്കറ. ഇല്ലെങ്കിലും ഉണ്ടെന്നാണ് സേതുമാധവന് തോന്നുന്നത്. മുമ്പിതുപോലെ ജനറൽ നോളജിൽ ഫസ്റ്റ് കിട്ടി സമ്മാനമായി ലഭിച്ച പുസ്തകവുമായി വന്നിരുന്നു, സേതു. അച്ഛന്റെ കയ്യിലാണ് അഭിമാനം നിറഞ്ഞ നാണക്കേടോടെ അത് വെച്ച് നീട്ടിയത്. മനസ്സില്ലാമനസ്സോടെ അച്ഛനത് വാങ്ങി. കൈകൊണ്ട് തടവി നോക്കിയിട്ടു പറഞ്ഞു. “ഇപ്പോഴത്തെ പുസ്തകങ്ങളുടെ ബൈന്റൊന്നും ഒന്നിനും കൊള്ളില്ല!”
സേതു ഇപ്പോൾ വളർന്ന് വലുതായിരിക്കുന്നു. പണവും പത്രാസുമുള്ള മുതലാളിയായിരിക്കുന്നു. ഏതോ ഒരു മഹാമാന്യന്റെ അസംതൃപ്തയായ ഭാര്യയെ കരവലയത്തിലാക്കി കഴിഞ്ഞിരിക്കുന്നു. പെട്ടൊന്നൊരു കമ്പി!

“തുറന്ന് വായിക്കെെടാ!”
സേതു കീഴുദ്യോഗസ്ഥനോട് ഉത്തരവിട്ടു.
“മദർ എക്‌സപയേർഡ്!”
അമ്മ പണിയായെന്ന്.
റൊമാൻസുകൾക്കിടെ ഭർത്താവിന്റെ മുഖത്തൊരു ഭാവഭേദം. ആ വനിത ചോദിച്ചു. “അല്ല, ഇതെന്ത് പറ്റി?”
“നതിംഗ്”
ഇതായിരുന്നു മറുപടി (?!)
എന്റെ അമ്മ മരിച്ചു, ഞാനോടി നാട്ടിൽപോട്ടെ എന്നൊന്നുമല്ല, മറിച്ച,് നതിംഗ്!
സ്‌നേഹം ഉണ്ടെന്നും അത് ഉള്ളിൽ പൂഴ്ത്തിവെയ്ക്കുകയേ ചെയ്യൂവെന്നും വാശിപിടിച്ചാൽ ഇങ്ങനെയൊക്കെയാണ്. നിങ്ങൾ പറയും എം.ടി വാസുദേവൻ നായരുടെ “കാല” മെന്ന കഥയിലെ സേതുമാധവനെപറ്റിയല്ലേ നിങ്ങളീ പറയുന്നത് എന്ന്. കഥകളിലെന്തിരിക്കുന്നു എന്നും നിങ്ങളിൽ ചിലർ ചോദിച്ചേക്കാം. ചില കഥകൾ പച്ചജീവിതത്തേക്കാൾ ജീവത്തായതാണെന്ന് മറന്ന്‌പോകരുത്. “നിങ്ങളാരാങ്കിലും ഒരാളെ ഇഷ്ടപ്പെട്ടുവെന്നാൽ അതയാളോടത് തുറന്ന് പറയണം” എന്ന ഹദീസിന്റെ ആശയം ആ വാക്കർഥങ്ങൾ മാത്രമാണെന്നാണോ നിങ്ങൾ കരുതിയത്. പേജുകളോളം ഉപന്യസിക്കാവുന്ന ആശയക്കടൽ ഒതുക്കിവെച്ച കനത്ത വചനമാണത്.

ചില രക്ഷിതാക്കൾ മക്കൾ നന്നായിക്കിട്ടാൻ ചെയ്യുന്ന പണി മറ്റെന്നുമല്ല, തച്ചു ചാറാക്കുക തന്നെ! കുട്ടികളെ മുറക്ക് മർദിച്ചാൽ അവർ നേർവഴി പ്രാപിച്ചുകൊള്ളും എന്ന അന്ധവിശ്വാസപ്രകാരം അവർ സ്വന്തം മക്കളെ തല്ലിനാശമാക്കുന്നു. മലയാളികൾ കണ്ണുതുടച്ച് വായിച്ചുതീർത്ത ഒരാത്മകഥയുണ്ട് എന്ന് പറയുമ്പോൾക്ക് തന്നെ നിങ്ങളിൽ ചിലർക്ക് വി ടി ഭട്ടതിരിപ്പാടിന്റെ “കണ്ണീരും കിനാവും” ഓർമ വന്നിരിക്കും. വി ടി എഴുതുന്നു. “അന്നത്തെ വടിപ്പാടുകൾ ഇന്നും എന്റെ ഹൃദയത്തിൽ വടുകെട്ടിക്കിടപ്പുണ്ട്. വെളുക്കാൻ തേച്ച് പാണ്ടു പിടിക്കുമ്പോലെ സന്താനങ്ങൾ നന്നായിത്തീരാൻ ചില അന്ധമതികൾ ചെയ്യുന്ന കഠിനതകൾ അപകടങ്ങളാണ്, അധിക്ഷേപാർഹങ്ങളുമാണ്. മർദിക്കുന്തോറും പൊന്തിവരുന്ന ഒരു പന്തല്ല ബാലഹൃദയമെന്ന് അക്കൂട്ടർ അറിയുന്നില്ല. ഈ ശാസനാ സമ്പ്രദായം അച്ഛന്റെ നേരെ വെറുപ്പാണ് എന്നിൽ ഉളവാക്കിത്തീർത്തത്. ഇദ്ദേഹത്തെ കാണുന്നതു തന്നെ എനിക്കിഷ്ടമല്ലായിരുന്നു. ഇങ്ങനെ വളർന്ന പ്രതികാരാവേശം നിമിത്തം പിന്നിൽ നിന്ന് അന്യനറിയാതെ പലപ്പോഴും അദ്ദേഹത്തെ ഞാൻ കൊഞ്ഞനം കുത്തിയിട്ടുണ്ട്. കൈ കൊണ്ട് ചക്ക കാട്ടിയിട്ടുണ്ട്. അച്ഛൻ ഇല്ലാത്ത അപൂർവ ദിവസങ്ങൾ എനിക്ക് ഓണത്തിരുവോണം പോലെയാണ്. അദ്ദേഹം പടികടന്നു പോകുന്നതു കണ്ടാൽ ഞാൻ തേവരുടെ മുന്നിൽ കൂപ്പുകൈയോടെ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു: “ഈശ്വരാ, അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരരുതേ, വല്ല പിശാചും വഴിയിൽ വച്ചു കടിച്ചു തിന്നണേ…”

അച്ഛൻ അടിച്ചുകൊണ്ടിരിക്കുന്ന അതേവടി പിടിച്ചുവാങ്ങി പൂതിതീരുവോളം അച്ഛനെ തിരിച്ചടിക്കുന്ന ഭാഗം ഭംഗിയിൽ വരച്ചിട്ടിട്ടുണ്ട്, സുഭാഷ് ചന്ദ്രൻ, “മനുഷ്യന് ഒരു ആമുഖത്തിൽ”. നാറാപിള്ള എന്ന കരളില്ലാ അച്ഛനാണ് ഇങ്ങനെ മകന്റെ പേട്ടടി വാങ്ങിക്കെട്ടിയത്. സ്‌നേഹത്തിന് സ്‌നേഹവും നല്ല വാക്കിന് നല്ല വാക്കുമല്ലാതെ പകരമില്ലെന്ന് മക്കളുടെ തിരിച്ചടി കിട്ടുന്നതിന്റെ മുമ്പ്തന്നെ നാം തിരിച്ചറിയണം. മക്കളെ അടിച്ചു ശരിയാക്കുകയല്ല, മറിച്ച് അവരെ സ്‌നേഹിച്ച്, സന്തോഷിപ്പിച്ച് വിജയത്തിലേക്കെത്തിക്കുകയാണ് വേണ്ടത്. കുട്ടികളോട് സ്‌നേഹം പ്രകടിപ്പിച്ചാൽ അവർ കേടുവരും എന്നചിന്തയിൽ അശേഷം കഴമ്പില്ല. സ്വർഗത്തിൽ ഒരു ആനന്ദഭവനം (ദാറുൽഫറഹ്) ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, ആരമ്പനബി (സ). അതാർക്കുള്ളതാണെന്നറിയുമോ? ലിമൻ ഫർറഹസ്സ്വിബ്‌യാൻ, കുട്ടികളെ സന്തോഷിപ്പിച്ചവർക്ക്!
ജീവിതത്തിൽ വിജയിക്കാൻ നമുക്ക് ചില ടാക്റ്റിക്‌സുകൾ വേണം. നേരെചൊവ്വേ കിട്ടാത്തതിനെ അടിച്ച് പൊട്ടിച്ച്, ഇരുവരും നശിക്കുന്നതിന് പകരം, രീതിമാറ്റി കാര്യം വിജയിപ്പിച്ചെടുക്കുക എന്നതായിരിക്കണം അതിന്റെ കാതൽ. കുത്താൻ വരുന്നതിനെ കുത്തിക്കൊല്ലുക എന്ന അതിവാദത്തിന്റെയും കുത്താൻ വരുന്നതിനോട് വേദമോതുക എന്ന അന്തങ്കമ്മിത്തരത്തിന്റെയും ഇടയിൽ കിടക്കുന്നു, ബുദ്ധിയും പക്വതയും കലർന്നുപരന്ന ആ ടാക്റ്റിക് പോയിന്റ്. മുത്തുനബി നമുക്കത് കാണിച്ചുതന്നിട്ടുണ്ട്. തിരുജീവിതത്തിൽ, നമ്മെ അമ്പരപ്പിച്ചുകളയുന്ന അത്തരം സംഭവങ്ങൾ നമുക്ക് കണ്ടെടുക്കാൻ പറ്റും.

ഒരു ദിവസം തിരുനബിയും സ്വഹാബാ കിറാമും (തിരുസഹചരും) ഒന്നിച്ചിരിക്കുന്നു. അന്നേരം ഒരു ബദവി (ഗ്രാമീണവാസി) കടന്നുവരുന്നു. വല്ലതും തരണമെന്നാവശ്യപ്പെടുന്നു. തിരനബി (സ) ഉടനെ അയാൾക്ക് എന്തോ കൊടുത്തു. എന്നിട്ടു ചോദിച്ചു, ഞാൻ താങ്കളോട് ഔദാര്യപൂർവമല്ലേ പെരുമാറിയത്? അയാൾ പറഞ്ഞു, ഇല്ല! നിങ്ങൾ ചെയ്തത്ര നന്നായൊന്നുമില്ല. ഇതു കേട്ട അനുചരൻമാർ കോപിച്ചു കൊണ്ട് അയാളുെട നേർക്ക് തിരിഞ്ഞു. നബി തിരുമേനി ആംഗ്യം മുഖേന അവരോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. അനന്തരം അവിടുന്ന് വീട്ടിൽ നിന്ന് എന്തോ കുറേക്കുടി എടുത്തു കൊണ്ടു വന്ന് അയാൾക്കു കൊടുത്തു. എന്നിട്ട് അവിടുന്ന് തന്റെ ചോദ്യം ആവർത്തിച്ചു: ഇപ്പോൾ ഞാൻ നല്ലനിലക്കല്ലേ പെരുമാറിയത്?

അതെ, തീർച്ചയായും! ഗ്രമീണൻ തുടർന്നു. അല്ലാഹു താങ്കൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ.
അന്നേരം തിരുനബി (സ) അരുളി: താങ്കളുടെ വാക്കുകൾ എന്റെ അനുയായികളുടെ മനസ്സിൽ നീരസം ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് താങ്കൾക്ക് വിരോധമില്ലെങ്കിൽ ഇപ്പോൾ പറഞ്ഞ വാക്കുകൾ അവരുടെ മുമ്പിൽ വച്ചു കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു. എങ്കിൽ അവരുടെ മനസ്സിലുള്ള ഇഷ്ടക്കേട് നീങ്ങിക്കിട്ടും.
ആട്ടെ, അയാളേറ്റു. അടുത്ത ദിവസം രാവിലെ തിരുമേനി (സ) അനുചരൻമാരോടൊരുമിച്ചിരിക്കുമ്പോൾ ഗ്രാമീണൻ കടന്നു വന്നു. തിരുമേനി (സ) ചോദിച്ചു:

ഇദ്ദേഹം കഴിഞ്ഞ ദിവസം എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം ചോദിച്ചത് വീണ്ടും ഞാൻ അദ്ദേഹത്തിനു കൊടുത്തു. അതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടുന്ന് അദ്ദേഹത്തെ നോക്കി ചോദിച്ചു:
“അങ്ങനെതന്നെയല്ലേ?”

“അതെ” അയാൾ പറഞ്ഞു: അല്ലാഹു താങ്കൾക്കും കുടുംബത്തിനും അനുഗ്രഹം ചെയ്യട്ടെ.
ഇതുകേട്ട് തിരുമേനി(സ) അരുളി: എന്റെയും ഈ ഗ്രാമീണന്റെയും അവസ്ഥ, കൈവിട്ടു പോയ ഒരു ഒട്ടകത്തിന്റെ ഉടമയുടേതു പോലെയാണ്. ജനം ആ ഒട്ടകത്തിന്റെ പിറകെക്കൂടി. ഒട്ടകമാവട്ടെ വിറളിപൂണ്ട് കൂടുതൽ കൂടുതൽ അകന്ന് പോയി. അപ്പോൾ അതിന്റെ ഉടമ അവരെ വിളിച്ചു പറഞ്ഞു: ദയവായി ഒട്ടകത്തിനെ അതിന്റെ പാട്ടിനു വിട്ടേക്കൂ. അതിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. അതിനോട് ഏറ്റവും കൃപയുള്ളവനും അതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനും ഞാൻ തന്നെയാണ്.

ശേഷം ഒട്ടകത്തിന്റെ ഉടമസ്ഥൻ അതിന്റെ നേർക്ക് നടന്നു. അയാൾ ഒരു പിടി പുല്ല് പറിച്ചു നീട്ടിക്കൊണ്ട് അതിനെ വിളിച്ചു. അത് മെല്ലെമെല്ലെ അടുത്തു വന്നു. അവസാനം ഒട്ടകം അയാളുടെ മുമ്പിൽ മുട്ടുകുത്തി. അപ്പോൾ അയാൾ അതിന്റെ പുറത്തെ ജീനിയുറപ്പിച്ച് അതിൽ കയറുകയും ചെയ്തു.

ആലോചിച്ചു നോക്കൂ, ഈ മനുഷ്യൻ ആദ്യം എന്തോ പറഞ്ഞപ്പോൾ നിങ്ങളദ്ദേഹത്തിന്റെ പിറകേ കൂടി. അന്നേരം ഞാനദ്ദേഹത്തെ നിങ്ങൾക്ക് വിട്ടുതന്നിരുന്നുവെങ്കിൽ നിങ്ങളയാളെ ശരിയാക്കിക്കളയും. അയാൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.
തല്ലിയാലോടുന്നതിനെ പുല്ലുകാട്ടി തിരിച്ചുവിളിക്കുന്ന ഈ തിയറി ജീവിതത്തിലാകമാനം നമുക്ക് പാഠമാവട്ടെ. സ്വന്തം രക്തത്തിൽ പിറന്ന മക്കളെ പൂ കാണിച്ച് മാടിവിളിക്കാൻ നമുക്കാവേണ്ടതല്ലേ?.