Connect with us

National

മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു ചുക്കുമറിയില്ല: രാഹുല്‍

Published

|

Last Updated

ജയ്പുര്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോദി തകര്‍ത്തു. പ്രധാന മന്ത്രി ഒന്നുകില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടില്ല. അല്ലെങ്കില്‍ അത് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ജി എസ് ടി തന്നെ എന്താണെന്ന് മോദിക്ക് അറിയില്ല. അദ്ദേഹമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. ഒരു എട്ടുവയസ്സുകാരനായ പയ്യന്‍ പോലും പറയും നോട്ട് നിരോധനം മൂലം ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടായതെന്ന്. ജയ്പുരില്‍ യുവ് ആക്രോശ് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.

“യു പി എ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനമായിരുന്നു. ആ സമയത്ത് ലോകം മുഴുവന്‍ നമ്മെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. നൂതനമായ അളവുകോലുകള്‍ വച്ച് അളന്നാല്‍ ജി ഡി പിയുടെ വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനമാണ്. എന്നാല്‍ പഴയ അളവുകോലുകള്‍ വച്ചു നോക്കുകയാണെങ്കില്‍ അത് 2.25 ശതമാനം മാത്രമാണ്.” രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ വലുതായിരുന്നു. സാഹോദര്യമായിരുന്നു രാഷ്ട്രത്തിന്റെ മുഖമുദ്ര. അതെല്ലാം മോദി തകര്‍ത്തെറിഞ്ഞു. ഇന്ന് ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ അധപതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഇതേക്കുറിച്ചൊന്നും മിണ്ടുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച് യുവാക്കള്‍ സംസാരിച്ചാല്‍ അവര്‍ക്കെതിരെ വെടിയുതിര്‍ക്കും. എന്തെങ്കിലും പ്രസംഗിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഏതെങ്കിലുമൊരു സര്‍വകലാശാല സന്ദര്‍ശിക്കാനും അവിടെയുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും മോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Latest