Connect with us

International

കെ എല്‍ എഫ് തലവന്‍ ഹര്‍മീത് സിംഗ് കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ് | ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ (കെ എല്‍ എഫ്) പ്രമുഖ നേതാവ് ഹര്‍മീത് സിംഗിനെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കള്ളക്കടത്ത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ഗുണ്ടാ സംഘം ഹര്‍മീതിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയോടെ ലാഹോറിലെ ദേരാ ചഹല്‍ ഗുരുദ്വാരക്കു സമീപത്തു വച്ചായിരുന്നു കൊലപാതകം.

പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതില്‍ സജീവ പങ്കുവഹിച്ചിരുന്ന ഹര്‍മീത് നിരവധി കേസുകളില്‍ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പ്രതിയാണ്. ഹര്‍മീത് ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഖലിസ്ഥാന്‍ ബന്ധമുള്ള എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കെ എല്‍ എഫ് തലവന്‍ ഹര്‍മീന്ദര്‍ മിന്റൂവിനെ 2014ല്‍ പഞ്ചാബ് പോലീസ് തായ്‌ലന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെ ഹര്‍മീത് സംഘടനയുടെ മേധാവിയായി മാറിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. നബ ജയിലില്‍ നിന്ന് മിന്റൂ പിന്നീട് രക്ഷപ്പെട്ടെങ്കിലും പോലീസ് വീണ്ടും പിടികൂടുകയും 2018 ഏപ്രിലില്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. അമൃത്‌സറിലെ ചെഹര്‍ത നിവാസിയായ ഡോക്ടറേറ്റ് നേടിയതിനെ തുടര്‍ന്ന് ഹര്‍മീത് “പി എച്ച് ഡി” എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടായി പാക്കിസ്ഥാനിലാണ് ഇയാള്‍ താമസിക്കുന്നത്.

Latest