Connect with us

National

ശഹീന്‍ ബാഗ് ബി ജെ പി പ്രചാരണായുധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറിയ ഡല്‍ഹിയിലെ ശഹീന്‍ ബാഗ് ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമാക്കുന്നു. ഡിസംബര്‍ 15 മുതല്‍ ശഹീന്‍ ബാഗില്‍ വൃദ്ധരായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നടത്തുന്ന രാപകല്‍ സമരം കേന്ദ്ര സര്‍ക്കാറിന് വലിയ അലോസരമാണ് സൃഷ്ടിച്ചിക്കുന്നത്.
സ്ത്രീകളാണ് സമരക്കാരെന്നതിനാല്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ സാധിക്കാത്ത നിലയിലാണ് സർക്കാർ. ഈ പശ്ചാത്തലത്തിലാണ് ശഹീന്‍ ബാഗിനെ ഒറ്റപ്പെടുത്തി പരമാവധി വിദ്വേഷ പ്രചാരണം നടത്താന്‍ ബി ജെ പി ശ്രമിക്കുന്നത്.

ശഹീന്‍ ബാഗിനെ ഉപയോഗിച്ച് എ എ പിയെയും കോണ്‍ഗ്രസിനെയും ആക്രമിക്കുകയാണ് ബി ജെ പി. ശഹീന്‍ ബാഗിനെ പ്രചാരണായുധമാക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം താമര ചിഹ്നത്തിൽ ആഞ്ഞ് കുത്തിയാല്‍ വോട്ടെണ്ണല്‍ ദിവസം വൈകുന്നേരം തന്നെ പ്രതിഷേധക്കാര്‍ സ്ഥലം കാലിയാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അദ്ദേഹം പറഞ്ഞത്. ശഹീന്‍ ബാഗിലുള്ളവര്‍ നിലവില്‍ അനുഭവിക്കുന്ന അതേ ദേഷ്യത്തോടെ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ഞെക്കണം. ബി ജെ പി സ്ഥാനാര്‍ഥിക്കുള്ള നിങ്ങളുടെ വോട്ട് ഡല്‍ഹിയെയും രാജ്യത്തെയും സുരക്ഷിതമാക്കുകയും ശഹീന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങളെ തടയുകയും ചെയ്യുമെന്നും ഷാ പറഞ്ഞു.

സമാധാനപ്രിയരായ ഭൂരിപക്ഷത്തിന്റെ നിലപാടുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ശഹീന്‍ ബാഗെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തുക്‌ഡെ തുക്‌ഡെ സംഘത്തോടൊപ്പം നിലകൊള്ളുകയാണ്. സമാധാനത്തോടെ കഴിയുന്ന ഭൂരിപക്ഷത്തെ ചിലര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ മികച്ച ഉദാഹരണമായി ശഹീന്‍ ബാഗ് ഉയരുകയാണ്. രാജ്യത്തിന്റെ മുന്നില്‍ അതിന്റെ മറ നീക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ശഹീന്‍ ബാഗിനെ ഉപയോഗിച്ച് എ എ പിയെയും കോണ്‍ഗ്രസിനെയും ഒറ്റപ്പെടുത്തുമെന്നും അവരെക്കൊണ്ട് നിലപാട് പറയിക്കുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് പോലുള്ള രാജ്യ വിരുദ്ധ ശക്തികളെ ഉപയോഗിച്ച് എ എ പി മറ തീര്‍ക്കുകയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു.
ഡല്‍ഹി തെരുവില്‍ നടക്കുന്ന ആക്രമണങ്ങളെ അനുകൂലിക്കുന്നവരാണ് എ എ പിയും കോണ്‍ഗ്രസുമെന്ന് ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹി സ്തംഭിച്ചപ്പോൾ ബഗ്്ദാദ് പോലെയോ ദമസ്‌കസ് പോലെയോ തോന്നിച്ചു. ഭീകര കേന്ദ്രീകൃത നഗരമായി ഡല്‍ഹിയെ ചുരുക്കുകയില്ലെന്നും റാവു പറഞ്ഞു.

ശഹീന്‍ ബാഗിനെ കുറിച്ച് പലതരത്തിലുള്ള കള്ളപ്രചാരണങ്ങൾ ബി ജെ പി നേതാക്കള്‍ നടത്തുന്നുണ്ട്. ദിനേനെ അഞ്ഞൂറ് ലഭിക്കുന്നത് കൊണ്ടാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നതെന്നും കശ്മീര്‍ പണ്ഡിറ്റുകള്‍ പലായനം ചെയ്തത് ആഘോഷിക്കുന്നുണ്ടെന്നുമുള്ള നുണകള്‍ ബി ജെ പി. ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പ്രചരിപ്പിച്ചിരുന്നു. ശഹീന്‍ ബാഗ് മാതൃകയില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ കേന്ദ്രങ്ങള്‍ സജീവമാണ്.