Connect with us

Eranakulam

പൗരത്വ നിയമ ഭേദഗതി: ക്രിസ്ത്യൻ സഭകളും പ്രതിഷേധം കടുപ്പിക്കുന്നു

Published

|

Last Updated

കൊച്ചി | മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് കാട്ടി ലത്തീൻ കത്തോലിക്കാ സഭ പള്ളികളിൽ ഇടയ ലേഖനം വായിച്ചു. മതേതര ജനാധിപത്യ സങ്കൽപത്തിന് വിരുദ്ധമാണ് നിയമമെന്ന് വ്യക്തമാക്കുന്ന ഇടയലേഖനം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഞായറാഴ്ച കുർബാനയിലാണ് സംസ്ഥാനത്തെ എല്ലാ കൃസ്ത്യൻപള്ളികളിലും വായിച്ചത്. പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനത്തിൽ പൗരത്വ ബിൽ ഭരണഘടനാവിരുദ്ധമാണെന്നും ഇത് മുസ്‌ലിം കളുടെ മാത്രമല്ല,സർവ്വ ജനത്തിന്റെയും ഭരണഘടനാവിശുദ്ധിയുടെയും പ്രശ്‌നമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ബില്ലിന്റെ ആന്തരാർത്ഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകൾ വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നതായി ലേഖനത്തിൽ പറയുന്നുണ്ട്. ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് ഇതിനാവശ്യമെന്നും നമുക്ക് വേണ്ടത് മതേതര ഇന്ത്യയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ദിനം ഇന്ത്യയുടെ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചതിനൊപ്പം ദിവ്യബലിക്കുശേഷം കുടുംബയോഗങ്ങളിലും മതബോധന ക്ലാസ്സുകളിലും യുവജനസമുദായ- സാമൂഹിക സംഘടനകളുടെ യോഗങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷ പ്രതിജ്ഞയെടുക്കുന്ന ചടങ്ങുകളും കഴിഞ്ഞ ദിവസം നടന്നു. ബോധവത്കരണ പ്രക്രിയയ്ക്കു നേതൃത്വം നൽകണമെന്നും ഇടയലേഖനം നിർദേശിച്ചിട്ടുണ്ട്. ഭരണഘടനാ സംരക്ഷണത്തിനായി ജനങ്ങൾ ഒറ്റക്കെട്ടാകണമെന്ന് യാക്കോബായ സുറിയാനി സഭ അങ്കമാലി മേഖലാ മെത്രാപ്പൊലീത്ത ഡോ.എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പൊലീത്തയും പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമ്പാശേരിയിലെ അത്താണിയിൽ മനുഷ്യമഹാ ശൃംഖലയിൽ കണ്ണിയായ ശേഷം ചേർന്ന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മെത്രാപ്പൊലീത്ത.

[irp]

മതമുള്ളവർക്കും മതമില്ലാത്തവർക്കും എല്ലാ മതസ്ഥർക്കും തുല്യനീതി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു. സമാധന പൂർണമായ അന്തരീക്ഷം തകർക്കാൻ വിദ്വേഷം പ്രചരിപ്പിക്കാൻ വലിയ പരിശ്രമമുണ്ട്.
എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. തുടക്കത്തിൽ പ്രക്ഷോഭത്തിനനുകൂലമായ നിലപാടെടുക്കാൻ മടികാട്ടിയ വൈദികരുൾപ്പടെ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യ ശൃംഖലയിലുൾപ്പെടെ പങ്കെടുത്താണ് പലരും പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനണിനിരന്നത്. പൗരത്വ വിഷയത്തിൽ സീറോ മലബാർ സഭയുടെ നിലപാട് സംഘ്പരിവാറിന് അനുകൂലമാണെന്ന ആക്ഷേപമുയർത്തി വിശ്വാസികൾ തുടക്കത്തിൽ തന്നെ ഇടഞ്ഞതിന്റെ പശ്ചാത്തലത്തിൽ സീറോമലബാർ സഭ പിന്നീട് നിലപാട് തിരുത്തിയിരുന്നു.