Connect with us

Kerala

കെ എം ബഷീറിന്റെ കൊലപാതകം: അന്തിമ ഫൊറൻസിക് റിപ്പോർട്ട് രണ്ടാഴ്ചക്കകം

Published

|

Last Updated

തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഫൊറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കുമെന്ന് സൂചന.
അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ശേഷമുള്ള അന്തിമ റിപ്പോർട്ടാണ് ഫൊറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറുക.

കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് ഫൊറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നേരത്തേ നൽകിയിരുന്ന റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുവെന്നാണ് ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ട് നൽകിയിരുന്നത്.
വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന പ്രാഥമിക റിപ്പോർട്ടാണ് ഫൊറൻസിക് വകുപ്പ് നൽകിയതെന്നാണ് വിവരം. ബഷീറിന്റെ ബൈക്കിൽ നിന്ന് ലഭിച്ച പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്‌സ് വാഗൺ വെന്റോ കാറിന്റേതാണെന്ന് ഫൊറൻസിക് റിപ്പോർട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫൊറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കാറിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നിന്ന് സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. വാഹനം ഓടിച്ചത് താനല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാറിനുള്ളിൽ നിന്ന് ലഭിച്ച വസ്തുക്കൾ അപഗ്രഥിച്ച് കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിശദാംശങ്ങൾ ശേഖരിച്ചാകും ഫൊറൻസിക് വിഭാഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
കേസന്വേഷണത്തിന് സമാന്തരമായി ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പുതല അന്വേഷണവും പുരോഗിക്കുകയാണ്. കേസിൽ സസ്‌പെൻഷനിലായ ശ്രീറാം അന്വേഷണ കമ്മീഷനായ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നൽകിയ കുറ്റപത്രത്തിന് വിശദീകരണം നൽകിയ രീതിയിൽ തന്നെ അപകട സമയത്ത് താൻ വാഹനമോടിച്ചിരുന്നില്ലെന്ന വാദമാണ് ശ്രീറാം വെങ്കിട്ടരാമൻ ഉയർത്തിയത്.
എന്നാൽ ഈ വാദം തള്ളി സിറാജ് ഡയറക്ടർ എ സൈഫുദ്ദീൻ ഹാജി തെളിവുകൾ നിരത്തി അന്വേഷണ കമ്മീഷൻ മുന്പാകെ മൊഴി നൽകിയിരുന്നു. എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് ശേഖരിച്ച മൊഴികളും മറ്റ് രേഖകളും കൂടി കമ്മീഷൻ പരിശോധിക്കണമെന്നും സിറാജ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ തെറ്റായ മൊഴി നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു സർക്കാർ ഉദ്യോഗസ്ഥനായി തുടരാനുള്ള അവകാശമില്ലെന്നും സൈഫുദ്ദീൻ ഹാജി അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു. അപകടം നടന്ന് ആറുമാസം കഴിയുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഫൊറൻസിക് വിഭാഗത്തിന്റെ അന്തിമഫലം എത്തുന്നത്. ഫൊറൻസിക് ഫലത്തിന്റെ അടിസ്ഥാനത്തിലാകും കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുക.

കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാം സർവേ ഡയറക്ടറായി ചുമതലയേൽക്കാനിരിക്കെയായിരുന്നു അപകടം.
അപകടം നടന്ന ശേഷം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ ബോധപൂർവ ശ്രമങ്ങളാണ് നടന്നത്. അപകടം ഉണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നതെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല.
മാത്രമല്ല പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന തരത്തിലായിരുന്നു എഫ് ഐ ആർ തയാറാക്കിയിരുന്നത്. പിന്നീട് മാധ്യമങ്ങളുടേയും ബന്ധപ്പെട്ടവരുടേയും നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ജാമ്യമില്ലാ വകുപ്പ് ചാർജ് ചെയ്ത് വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തത്.

---- facebook comment plugin here -----

Latest