Connect with us

Editorial

ജനാധിപത്യം അപകടത്തിൽ

Published

|

Last Updated

ഏറ്റവും മികച്ച ജനാധിപത്യ രാജ്യമെന്നായിരുന്നു ഇന്ത്യയെക്കുറിച്ച് നാം അവകാശപ്പെട്ടിരുന്നതും അഹങ്കരിച്ചിരുന്നതും. എന്നാൽ ഇനി അങ്ങനെ അവകാശപ്പെടാൻ വരട്ടെ. ബ്രിട്ടീഷ് സ്ഥാപനമായ ദി എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റിന്റെ പുതിയ ജനാധിപത്യ ഇൻഡക്‌സിൽ ഇന്ത്യ പത്ത് സ്ഥാനങ്ങൾ പിന്നിലേക്ക് താഴ്ന്നിരിക്കുകയാണ്. പൗരസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, സർക്കാറിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 60 ഘടകങ്ങൾ പരിഗണിച്ച് തയ്യാറാക്കുന്ന ഇൻഡക്‌സിൽ 2018 ൽ 41-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2019ലെ സർവേയിൽ 51-ാം സ്ഥാനത്താണുള്ളത്. 165 രാജ്യങ്ങളും രണ്ട് ഭരണ പ്രദേശങ്ങളും അടക്കം 167 ജനാധിപത്യ ഭരണപ്രദേശങ്ങളെയാണ് ഇൻഡക്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നോർവേ ആണ് ഏറ്റവും മികച്ച ജനാധിപത്യ ക്രമമുള്ള രാജ്യമായി പട്ടികയിൽ ഇടംപിടിച്ചത്. പൗരത്വത്തിന് മതം പരിശോധിക്കുന്ന ഭേദഗതി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് കുറ്റപ്പെടുത്തുന്നു.

ഇതോട് ചേർത്തു വായിക്കേണ്ടതാണ് ദി എക്കണോമിസ്റ്റ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഇന്ത്യയുടെ പ്രചോദനാത്മക ആശയത്തെ പൗരത്വ നിയമം അപകടത്തിലാക്കിയെന്നാണ് “അസഹിഷ്ണുത ഇന്ത്യ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. സർക്കാർ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയും ഹിന്ദുരാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. 20 കോടിയോളം വരുന്ന മുസ്‍ലിം ജനത കടുത്ത ഭയപ്പാടിലാണ്. തകർച്ചയിലായ സാമ്പത്തിക വ്യവസ്ഥ പോലുള്ള വിഷയങ്ങള്‍ സംബന്ധിച്ച ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് സി എ എ പോലുള്ള വിവേചനപരമായ നിയമങ്ങളുടെ ലക്ഷ്യമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയെമ്പാടുമുയരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. രാജ്യം 71-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഈ സാഹചര്യത്തിൽ അത്യന്തം ശ്രദ്ധേയവും പ്രസക്തവുമാണ് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച ഈ വിശകലനങ്ങൾ. ഒട്ടനവധി മതസ്ഥർ, ജാതികൾ, ഭാഷാ സമൂഹങ്ങൾ, ഇവയെല്ലാമായി ബന്ധപ്പെട്ട സംസ്‌കാരങ്ങളുമെല്ലാം ചേർന്നതാണ് ഇന്ത്യ. പല ജനാധിപത്യ രാജ്യങ്ങളും സ്വേഛാധിപത്യ ഭരണത്തിലേക്ക് വഴുതിവീഴുകയും സോവിയറ്റ് യൂനിയനുകളെ പോലെ ഫെഡറൽ സംവിധാനത്തിനു കീഴിലുള്ള രാജ്യങ്ങൾ ഛിന്നഭിന്നമാകുകയും ശ്രീലങ്കയെന്ന നമ്മുടെ കൊച്ചു അയൽരാഷ്ട്രം ആഭ്യന്തരകലഹത്താൽ പ്രയാസപ്പെടുകയും ചെയ്യുമ്പോൾ, 70 വർഷത്തിലേറെ കാര്യമായ പോറലേൽക്കാതെ ജനാധിപത്യ ഭരണസംവിധാനത്തെ നിലനിർത്താനും ഭരണഘടനാ വ്യവസ്ഥക്ക് അനുസൃതമായി പ്രവർത്തിക്കാനും ഇന്ത്യക്ക് സാധിച്ചുവെന്നത് ലോകം ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ സമീപകാലത്തായി കൃത്യമായി പറഞ്ഞാൽ മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ ഇന്ത്യ ജനാധിപത്യ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഭരണഘടനയാണ് ജനാധിപത്യത്തെ തകരാതെ നിലനിർത്തുന്ന ഒരു പ്രധാന ഘടകം. ലോകത്തെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്ന് ഏറ്റവും മികച്ച വശങ്ങൾ ഉൾക്കൊള്ളിച്ചു പ്രതിഭാധനരായ രാഷ്ട്രതന്ത്രജ്ഞർ തയാറാക്കിയതാണ് നമ്മുടെ ഭരണഘടന. 130 കോടിയോളം വരുന്ന ജനസഞ്ചയത്തെ ഒന്നിച്ചു നിർത്തുന്നതിലും നാനാത്വത്തിൽ ഏകത്വം സാധ്യമാക്കുന്നതിലും ഇന്ത്യൻ ഭരണഘടനയുടെ പങ്ക് വളരെ വലുതാണ്. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും മത, സംഘടനാ സ്വാതന്ത്ര്യവും വലിയൊരളവോളം സംരക്ഷിക്കുന്നത് ഭരണഘടനയാണ്. ഇതിനെപ്പോലും പുറംകാൽ കൊണ്ട് ചവിട്ടിയരക്കുകയാണ് ഇന്ന് ഭരണതലപ്പത്തുള്ളവർ. ഭരണഘടനയുടെ കീഴിൽ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള പ്രയാണം അത്ര എളുപ്പമല്ലെന്ന ബോധ്യമായിരിക്കണം ഇതിനു പിന്നിൽ. ജനാധിപത്യത്തിന്റെ അടിത്തറകളായ ജുഡീഷ്യറിയെയും മാധ്യമവിഭാഗത്തെയും ഇവർ കൈപ്പിടിയിലൊതുക്കുകയും വഴങ്ങാത്തവരെ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് നിശബ്ദമാക്കുകയും ചെയ്യുന്നു. പ്ലാനിംഗ് കമ്മീഷൻ എടുത്തുകളഞ്ഞത്, ഗ്രീൻ കമ്മീഷനെ ദുർബലപ്പെടത്തിയത്, നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയ രീതി, ദേശീയ വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരണം തുടങ്ങി ഈ സർക്കാർ കൊണ്ടുവന്ന പല പദ്ധതികളും ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധമാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും അതിന്റെ നിലനിൽപ്പിനും ജുഡീഷ്യറിയുടെ ഇടപെടലുകൾ കുറച്ചൊന്നുമല്ല സഹായിച്ചത്. നിയമനിർമാണ സഭകൾ ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച പല സന്ദർഭങ്ങളിലും സുപ്രീം കോടതി തിരുത്തിയിട്ടുണ്ട്.

ജനാധിപത്യ രാജ്യങ്ങളിലെ ഉന്നത നിലവാരത്തിലുള്ള നീതിന്യായ വ്യവസ്ഥയോട് കിടപിടിക്കുന്നതായിരുന്നു ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. ഇന്നിപ്പോൾ ജുഡീഷ്യറിയും ഭരണ നേതൃത്വത്തിനു വിധേയപ്പെടുകയാണോ എന്ന് സന്ദേഹിപ്പിക്കുന്നതാണ് സമീപകാലത്തെ പല വിധി പ്രസ്താവങ്ങളും. സ്വതന്ത്രവും ധർമാധിഷ്ഠിതവുമായ ജുഡീഷ്യറിയുടെ അഭാവത്തിൽ ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്മാർക്കിടയിലെ സമത്വവും അവകാശങ്ങളും സംരക്ഷിക്കുക ദുഷ്‌കരമാണ്. എങ്കിലും മതേതര ജനാധിപത്യ ശക്തികൾ നിരാശരാകേണ്ടതില്ല. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പിൽ പോലും 30-40 ശതമാനം വോട്ട് മാത്രമാണ് അവർക്ക് ലഭിച്ചത്. ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ശിഥിലീകൃതാവസ്ഥയാണ് അവർക്ക് ഭരണത്തിലേറാൻ വഴിയൊരുക്കിയത്. മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിന്നാൽ അവർ പുറത്തുനിൽക്കേണ്ടി വരുമായിരുന്നു. മതേതര ഐക്യം സാധ്യമാക്കുകയാണ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ നിലവിൽ ഫാസിസ്റ്റ് വിരുദ്ധ കക്ഷികളുടെ മുമ്പിലുള്ള മാർഗം. അതേസമയം, അവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.