Connect with us

Ongoing News

ശാസ്ത്ര പുരോഗതിക്ക് പുരാതന മുനിവര്യരോട് കടപ്പാടെന്ന് ഗവർണർ

Published

|

Last Updated

തിരുവനന്തപുരം | രാജ്യം ആർജിച്ച ശാസ്ത്രപുരോഗതിക്ക് ശാസ്ത്രജ്ഞരോട് മാത്രമല്ല, പുരാതാന കാലത്തെ മുനിവര്യന്മാരോടും കടപ്പെടണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നൂറ്റാണ്ടുകൾ മുമ്പ് സന്യാസിമാർ എഴുതിയ ഗ്രന്ഥങ്ങളിൽ നിരവധി ശാസ്ത്ര സൂചകങ്ങൾ ഉണ്ടായിരുന്നുവെന്നും ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഇവയെ നമ്മുടെ മനസ്സിൽ ഐതിഹ്യങ്ങളായി തരംതാഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ഒമ്പതാം നൂറ്റാണ്ടിൽ എഴുതിയ സംസ്‌കൃത ഗ്രന്ഥം സൂര്യ സിദ്ധാന്തമാണ് പിന്നീട് യൂറോപ്പിന്റെയാകെ ബഹിരാകാശ പഠനത്തിന് അടിത്തറയായത്.

ഇന്ത്യയിൽ നിന്ന് ബാഗ്ദാദിലേക്കും പിന്നീട് സ്‌പെയിനിലേക്കും എത്തിയ സൂര്യ സിദ്ധാന്തം എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിന്റെ ആധാരം. ആധുനിക ശാസ്ത്രജ്ഞന്മാർ പുതുതായി ഒന്നും കണ്ടുപിടിക്കുന്നില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന അറിവിനെ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും വ്യവസായ സ്ഥാപനങ്ങൾ നിർമിക്കുന്ന ആദ്യ പി എസ് എൽ വി 2022ൽ സാധ്യമാകുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിച്ച ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു.
ടി പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് സംസാരിച്ചു.

Latest