ബംഗ്ലാദേശികളെ അവരുടെ വിചിത്രമായ ഭക്ഷണ രീതികൊണ്ട് തിരിച്ചറിയാമെന്ന് ബിജെപി നേതാവ്

Posted on: January 24, 2020 12:42 pm | Last updated: January 24, 2020 at 3:05 pm

ഇന്തോര്‍ | ബംഗ്ലാദേശില്‍ നിന്നെത്തിയ തൊഴിലാളികളെ അവരുടെ വിചിത്രമായ ഭക്ഷണ ശീലം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ.വീട്ടില്‍ നിര്‍മാണ ജോലിക്കെത്തിയ ചിലരുടെ വിചിത്രമായ ഭക്ഷണ ശീലം ശ്രദ്ധയില്‍പ്പെട്ടതോടെ അവരുടെ പൗരത്വത്തില്‍ സംശയം തോന്നിയിരുന്നതായും ബിജെപി നേതാവ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വീട്ടില്‍ പുതിയ മുറിയുടെ നിര്‍മാണത്തിനായെത്തിയ ജോലിക്കാരില്‍ ചിലര്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി അവല്‍ ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളത്. ഇതില്‍ സംശയം തോന്നിയപ്പോള്‍ അവരുടെ സൂപ്പര്‍വൈസറോടും കോണ്‍ട്രാക്ടറോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇവര്‍ ഇന്ത്യക്കാരല്ല മറിച്ച് ബംഗ്ലാദേശികളാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതെന്നും കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞു.

ഇവര്‍ ബംഗ്ലാദേശികളാണെന്ന് എനിക്ക് സംശയം തോന്നി രണ്ട് ദിവസങ്ങള്‍ക്കകം അവരെല്ലാം വീട്ടിലെ ജോലി നിര്‍ത്തി തിരിച്ചുപോയി. അതേസമയം ഇക്കാര്യത്തില്‍ താന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. ജനങ്ങള്‍ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും വിജയ്‌വര്‍ഗീയ കൂട്ടിച്ചേര്‍ത്തു.

സി എ എ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും പൗരത്വ നിയമത്താല്‍ സാധിക്കുമെന്നും വിജയ്‌വര്‍ഗീയ വ്യക്തമാക്കി.