നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Posted on: January 22, 2020 7:31 pm | Last updated: January 22, 2020 at 10:26 pm

ന്യൂഡല്‍ഹി | നേപ്പാളില്‍ മരിച്ച എട്ടു മലയാളികളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നേരത്തെ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് പണം നല്‍കാനാവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയും പണം നല്‍കാന്‍ നോര്‍ക്കയോട് ആവശ്യപ്പെടുകയുമായിരുന്നു.

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവായു ശ്വസിച്ചാണ് മലയാളികള്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും. എട്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. എല്ലാ മൃതദേഹങ്ങളും ഒരു വിമാനത്തില്‍ തന്നെയാണ് എത്തിക്കുക. നേരത്തെ രണ്ട് വിമാനങ്ങളിലായി കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു.