Connect with us

Kerala

നയപ്രഖ്യാപനവും റിപ്പബ്ലിക് ദിനവും: ഗവർണറുടെ നീക്കങ്ങളെ ആകാംക്ഷയോടെ നോക്കി രാഷ്ട്രീയ കേരളം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിൽ ബി ജെ പി നിലപാടിനോട് അനുഭാവം പുലർത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ എതിരഭിപ്രായമുള്ള സർക്കാർ നിലപാടിനോട് പരസ്യമായ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിലും ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് നയപ്രഖ്യാപനത്തിലും സ്വീകരിക്കുന്ന നീക്കങ്ങളെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് കേരളം. കേരളത്തിന്റെയും രാജ്യത്തിന്റെയും നിലപാടുകൾക്ക് വിരുദ്ധമായി കേന്ദ്രത്തിന്റെ നിലപാടിനൊപ്പം നിൽക്കുകയും എതിർപ്പ് പ്രകടിപ്പിച്ച സംസ്ഥാന സർക്കാറിനോട് പരസ്യമായ ഏറ്റുമുട്ടുകയും ചെയ്ത ഗവർണർ സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആശങ്ക.

പൗരത്വ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളും കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളും മന്ത്രിസഭ അംഗീകരിച്ചു നൽകുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ തങ്ങളുടെ നേട്ടമായി ഉൾപ്പെടുത്തുമെന്നിരിക്കെ ഈ നിലപാടുകളെ നിശിതമായി വിമർശിച്ച ഗവർണർ, ഇത്തരം ഭാഗങ്ങളെ എങ്ങനെ സമീപിക്കുമെന്നതിലാണ് ആകാംക്ഷ. റിപ്പബ്ലിക് ദിനത്തിൽ ഗവർണർ നടത്തുന്ന പ്രസംഗവും സമാനമായ രീതിയിലായിരിക്കും. ഗവർണർ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സർക്കാറും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യത.

അതേസമയം, കേന്ദ്ര സർക്കാറിനെതിരായി സംസ്ഥാനം സുപ്രീം കോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഹരജി പിൻവലിക്കണമെന്നാണ് ഗവർണർ പറയാതെ പറയുന്നത്. ഇതിനായി സർക്കാർ നടപടി നിയമലംഘനമാണെന്ന് ആവർത്തിക്കുന്ന ഗവർണർ, ഒപ്പം സംസ്ഥാനത്ത് ഭരണത്തകർച്ചയെന്ന് പറഞ്ഞുവെക്കുകയും ചെയ്യുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ ഗവർണറുമായി കൊമ്പുകോർക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിട്ടും അദ്ദേഹത്തിനെതിരായ പ്രതികരണങ്ങളിൽ മന്ത്രിമാർ മിതത്വം പാലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഗവർണറുടെ നിലപാടിന് നിയമപരമായ പിൻബലമില്ലെന്നാണ് സർക്കാറിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ആവശ്യമെങ്കിൽ നിയമപരമായി നേരിടുകയുമാകാമെന്നും സർക്കാർ കരുതുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം