Connect with us

International

ചൈനയിലെ അജ്ഞാത വൈറസ് അയൽ രാജ്യങ്ങളിലും

Published

|

Last Updated

ബീജിംഗ് | മധ്യ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത അജ്ഞാത വൈറസ് തലസ്ഥാനമായ ബീജിംഗിലേക്കും അയൽരാജ്യങ്ങളിലേക്കും പടർന്നു. ഇതുവരെയും ഉറവിടം കണ്ടെത്താനാകാത്ത വൈറസ് ജപ്പാൻ, തായ്‌ലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബീജിംഗ്, സാംഗ്‌സായി, ഷെൻജെൻ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപകമായി പടർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അയൽരാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തത്. ഇതുവരെ മൂന്ന് പേർ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ 200 ഓളം പേർക്ക് ഇതിനകം അജ്ഞാത ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന് സമാനമായ പകർച്ചവ്യാധി ഡിസംബറിലാണ് ആദ്യം തിരിച്ചറിഞ്ഞത്. ന്യൂമോണിയ ബാധിച്ച രീതിയിലാണ് ഇത് രോഗികളിൽ കാണപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ ദക്ഷിണ കൊറിയൻ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പേ തായ്‌ലാൻഡിലും ജപ്പാനിലും അജ്ഞാത വൈറസ് സ്ഥിരീകരിച്ചിരുന്നു.
ചൈനീസ് കലണ്ടർ പ്രകാരമുള്ള പുതുവത്സരത്തിന്റെ ആഘോഷങ്ങൾ തുടങ്ങാനിരിക്കെയാണ് വൈറസ് പടർന്നു പിടിക്കുന്നത്. ജനങ്ങൾ വ്യാപകമായി യാത്ര പോകാറുള്ള ഈ മാസങ്ങളിൽ വൈറസ് ബാധ അനിയന്ത്രിതമാകുമെന്നും ഭീതിയുണ്ട്. 2002 ൽ ചൈനയിൽ പടർന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാർസ് എന്ന കൊറോണ വൈറസിന് സമാനമാണ് ഈ അജ്ഞാത വൈറസ് എന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ പടർന്നു പിടിച്ച വൈറസിന്റെ ജെനിറ്റിക് കോഡും സാർസും തമ്മിൽ സാമ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ഒരാഴ്ചക്കുള്ളിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇന്നലെ 136 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വുഹാനിൽ കഴിഞ്ഞയാഴ്ച 62 പേരിൽ മാത്രമായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിച്ച 200 ഓളം പേരിൽ ഒമ്പത് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ബീജിംഗിലും സാംഗ്‌സായിലും വുഹാനിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോംങ്കോംഗിന് സമീപത്തെ ഷെൻജെനിൽ 66കാരനിലാണ് വൈറസ് സ്ഥിരീകരിച്ചത്. തെക്കൻ ചൈനയിലെ കാൻടോൺ പ്രവിശ്യയിൽ 14 പേരിൽ വൈറസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തായ്‌ലാൻഡിൽ രണ്ട് പേരിലും ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ബാധയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വൈറസ് ബാധ പടരുമ്പോഴും ആവശ്യമായ മുന്നറിയിപ്പ് നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. യാത്രാ വിലക്ക് ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയും മുതിർന്നിട്ടില്ല. എന്നാൽ, സിംഗപ്പൂർ, ഹോങ്കോംഗ്, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരെ വിദഗ്ധമായി പരിശോധിക്കുന്നുണ്ട്.

Latest