Connect with us

Eranakulam

പൗരത്വ ഭേദഗതി നിയമം: സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു

Published

|

Last Updated

കൊച്ചി | പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിറോ മലബാർ സഭയിൽ തർക്കം മുറുകുന്നു. ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സഭ സ്വീകരിച്ച സമീപനത്തിൽ കടുത്ത അതൃപ്തിയുള്ള ഒരു വിഭാഗം വൈദികർ വിഷയത്തിൽ അടിയന്തര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ലൗവ് ജിഹാദ് വിഷയത്തിൽ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ വൈദികർ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് സിനഡ് എടുത്ത തീരുമാനങ്ങൾ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പറയുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരാണ് ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രാജ്യ താത്പര്യം മുൻനിർത്തി കൃത്യമായ പ്രമേയം പാസ്സാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അത് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങൾക്ക് മുമ്പ് ചേർന്ന സിറോ മലബാർ സിനഡ് വിലയിരുത്തിയിരുന്നു.
മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയിൽ നടപടി വേണമെന്നായിരുന്നു സിനഡ് ആവശ്യപ്പെട്ടത്.

എന്നാൽ, സിനഡിന്റെ നിലപാടിനെതിരേ എറണാകുളം അങ്കമാലി അതിരൂപത രംഗത്തെത്തുകയും ചെയ്തു. അതിനിടെ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി രൂപവത്കരിച്ച സീറോ മലബാർ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷൻ പൗരത്വ നിയഭേദഗതി വിഷയത്തിൽ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്നാണ് സിനഡ് ആവശ്യപ്പെട്ടതെന്ന് കമ്മീഷൻ അറിയിച്ചു.

ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്.
തിരിച്ചുപോകാൻ ഇടമില്ലാത്തതിനാൽ രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയ്യാറാകണം. പുതുതായി പൗരത്വം നൽകുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം.

അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാമ്പുകളിൽ പാർപ്പിക്കുകയും ചെയ്യാനുള്ള നീക്കം പുനപരിശോധിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടുവെന്നും കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ ബഹുമാന്യരായ മുസ്‌ലിം നേതാക്കളോ പ്രവർത്തന പാരമ്പര്യമുള്ള സംഘടനകളോ ഈ വിഷയത്തിൽ സഭയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ലെന്നും കമ്മീഷൻ എടുത്ത് പറയുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest