Connect with us

Ongoing News

ഗ്രേറ്റ് ഗ്രാൻഡ് മാസ്റ്റർ ഫ്രം കോഴിക്കോട്

Published

|

Last Updated

കാൽനൂറ്റാണ്ട് മുമ്പാണ്. കോഴിക്കോട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജൂനിയർ ചെസ്സ് മത്സരം നടക്കുന്നു. ആരും അറിയാത്ത ഒരു പയ്യൻ മത്സരത്തിൽ പങ്കെടുക്കാൻ ട്രെയിൻ കയറി എത്തി. ചെസ്സ് കമ്പക്കാരനായ റെയിൽവേ ഉദ്യോഗസ്ഥൻ കൃഷ്ണനാഥൻ ആനന്ദിന്റെ മകൻ. പക്ഷേ, ലോകത്തിന്റെ അമരത്തേക്ക് ആ പയ്യൻ പിന്നീട് എത്തുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല, പി ടി ഉമ്മർ കോയ ഒഴികെ. ആ സുമുഖനായ ചെറുപ്പക്കാരനെ കോഴിക്കോട്ടെ ഇരുട്ടുമുറിയിൽ ചെസ്സ് കളിപ്പിച്ചത് പി ടി ഉമ്മർ കോയയെന്ന ലോകോത്തര ചെസ്സ് സംഘാടകനായിരുന്നു. പിന്നീട് അദ്ദേഹം വിശ്വനാഥൻ ആനന്ദെന്ന ലോക ചാമ്പ്യനാകുമ്പോൾ, ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് ഉയരുമ്പോൾ ആ യാത്രക്ക് പിന്നിൽ ഉമ്മർ കോയയെന്ന കോഴിക്കോട്ടുകാരനുണ്ടായിരുന്നുവെന്ന സത്യം എത്രപേർക്കറിയാം. വിശ്വനാഥൻ ആനന്ദിനെ പോലെ നൂറുകണക്കിന് താരങ്ങളെയാണ് വെറും എൽ പി സ്‌കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഉമ്മർ കോയ കൈപിടിച്ചുയർത്തിയത്. അതിന് അദ്ദേഹം കോഴിക്കോട് മുതൽ അന്താരാഷ്ട്ര തലം വരെയുള്ള ചെസ്സിന്റെ ലോകം പടുത്തുയർത്തി.

[irp]

കുറ്റിച്ചിറ സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിതാവ് മരണപ്പെടുന്നത്. ഇതോടെ പഠനം നിർത്തി. ജീവിതഭാരം ഉമ്മർ കോയയുടെ തലയിലായി. ഉമ്മ അടുത്ത വീടുകളിൽ കൂലിപ്പണിയെടുത്ത് കിട്ടുന്ന തൊഴിലിൽ നിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം പുലർത്തി. അതിനിടക്ക് ഉമ്മർകോയ നാട് മുഴുവൻ തൊഴിലിനായി അലഞ്ഞു. ചുമട്ട് ജോലിയും ഹോട്ടലിൽ പാത്രം കഴുകലും മേശ തുടക്കലും ഉൾപ്പെടെ എല്ലാ തൊഴിലും ചെയ്തു. ഇതിനിടയിൽ പലരിൽ നിന്നായി ചില സാങ്കേതിക പഠനങ്ങൾ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ദാരിദ്ര്യത്തിന്റെ നെരിപ്പോടിൽ ജീവിതം തള്ളിനീക്കുന്ന ബാല്യത്തിൽ തന്നെ മാതാവും വിട്ടുപിരിഞ്ഞതോടെ അദ്ദേഹം അനാഥനായി. പക്ഷേ, ഒറ്റപ്പെട്ട അവസ്ഥയിലും വല്യുപ്പ പഠിപ്പിച്ച് തന്ന ചെസ്സിന്റെ ഹരം അവന്റെ മനസ്സിൽ ഒരു സനാഥത്വത്തിന്റെ തണൽമരമായി വളർന്നുവന്നിരുന്നു. ആയിടക്കാണ് കാലിക്കറ്റ് സർവകലാശാലയിൽ പമ്പ് ഓപ്പറേറ്റർ എന്ന പാർട് ടൈം പണി അദ്ദേഹത്തിന് ലഭിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ തുച്ഛവേദനത്തിന് കിട്ടിയ ജോലിയായിരിക്കും ഒരു പക്ഷേ ഉമ്മർ കോയയെ ലോകം കണ്ട ചെസ്സ് സംഘാടകനായി ഉയർത്തിയത്. ചെസ്സിന്റെ കൂടുതൽ പാഠങ്ങൾ ഉമ്മർ കോയ പഠിച്ചെടുക്കുന്നത് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സി എ ഷെപ്പേഡിൽ നിന്നാണ്. പതിയെ ഇംഗ്ലീഷും അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുത്തു. റഷ്യക്കാർ കുത്തയാക്കി വെച്ച ചെസ്സിലേക്ക് ആഴ്ന്നിറങ്ങണമെങ്കിൽ റഷ്യൻ ഭാഷ പഠിക്കണമെന്നായി. യൂനിവേഴ്‌സിറ്റിയിൽ അക്കാലത്ത് വന്ന മദാമ്മയിൽ നിന്ന് റഷ്യൻ ഭാഷയും ഉമ്മർ കോയ കരഗതമാക്കി. മലയാളത്തിന് പുറമെ അഞ്ച് ഭാഷകൾ അദ്ദേഹം കരസ്ഥമാക്കി. അപ്പോഴും വെറും യൂനിവേഴ്‌സിറ്റിയിൽ ഒതുങ്ങിക്കൂടാനായിരുന്നില്ല ഉമ്മർ കോയയുടെ ആഗ്രഹം. പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ലോകത്തോളം വളരാൻ അദ്ദേഹം കൊതിച്ചു. മുൻവിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഉൾപ്പെടെയുള്ളവർ സംസ്ഥാനതല ചെസ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കാലമായിരുന്നു അത്. ഇത്തരത്തിൽ ചെസ്സ് കമ്പക്കാരായ നിരവധി പേരെ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ ചെസ്സ് അസോസിയേഷന് രൂപം നൽകി. സ്വന്തം നാടായ കോഴിക്കോട്ടും അദ്ദേഹം ഇത്തരത്തിൽ സംഘടനയുണ്ടാക്കി. അതിന് ശേഷം പിന്നീട് സംസ്ഥാന ചെസ്സ് അസോസിയേഷന്റെയും ദേശീയ ചെസ്സ് ഫെഡറേഷന്റെയും സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം ഉയർന്നു. ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് (ഫിഡെ)പദവിയിൽ വരെ അദ്ദേഹമെത്തി.

ഇക്കാലയളവിനിടക്ക് നിരവധി അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങളാണ് അദ്ദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ടെ ഇരുട്ടുമുറിയിൽ മെഴികുതിരി വെട്ടത്തിൽ മാത്രം നടന്നിരുന്ന ചെസ്സ് ടൂർണമെന്റുകൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് പറിച്ചു നടപ്പെട്ടത് ഉമ്മർ കോയ ദേശീയ ചെസ്സിന്റെ സാരഥ്യം ഏറ്റെടുത്തപ്പോഴാണ്. ആരും അറിയാതിരുന്ന, അത്രയൊന്നും കളിക്കാരില്ലാതിരുന്ന ചെസ്സിനെ ജനകീയമാക്കുന്നതിൽ അദ്ദേഹം ചെയ്ത ത്യാഗങ്ങൾ ഏറെയായിരുന്നു. ചെസ്സിനെ ലോക തലത്തിൽ വ്യാപിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പറന്നുനടന്നു. എസ് കെ പൊറ്റക്കാടിന് ശേഷം ലോകരാജ്യങ്ങൾ ചുറ്റിസഞ്ചരിച്ച കോഴിക്കോട്ടുകാരൻ ഒരു പക്ഷേ പി ടി ഉമ്മർ കോയയായിരിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യൻ ചെസ്സിന്റെ അന്തസ്സുയർത്തിയ ഉമ്മർ കോയക്ക് പക്ഷേ അർഹിക്കുന്ന അംഗീകാരങ്ങളൊന്നും സർക്കാറിൽ നിന്നോ സ്വന്തം നാട്ടുകാരായ കോഴിക്കോട്ടുകാരിൽ നിന്ന് പോലും ലഭിച്ചിരുന്നില്ലെന്നതാണ് സത്യം.

[irp]

ലോക ചെസ്സിന്റെ നെറുകയിൽ നിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾ ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയത് അവസാന കാലങ്ങളിൽ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ചാമ്പ്യൻഷിപ്പിൽ നിന്ന് ലഭിക്കുന്ന തുകയുടെ ചെറിയ ശതമാനം ചെസ്സ് അസോസിയേഷന്റെ വളർച്ചക്കായി നൽകണമെന്നത് പോലുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങൾ അദ്ദേഹത്തിന് പണം പിണുങ്ങാനാണെന്ന ആരോപണങ്ങളിൽ വരെയെത്തി. ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും കേരളത്തിനും അദ്ദേഹത്തിനുമുണ്ടായിരുന്ന ഉയർച്ചയിലുള്ള അസൂയയും താൻപോരിമയുമായിരുന്നു പലരുടെയും ഇത്തരം വാദഗതികൾക്കു പിന്നിൽ. ചെസ്സിന്റെ ഓഫീസ് കോഴിക്കോട്ട് സ്ഥാപിച്ചതിനെ പോലും കോടതിയിൽ കേസ് നൽകിയെങ്കിലും അദ്ദേഹത്തിന് അനുകൂല വിധിയുണ്ടായി. എട്ട് വർഷത്തോളമായി വീട്ടിൽ വിശ്രമിക്കുമ്പോഴും ചെസ്സ് മത്സരങ്ങൾ കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. അവസാനഘട്ടത്തിൽ രോഗങ്ങൾ പിടിമുറുക്കിയ അദ്ദേഹം ചെസ്സിന്റെ ലോകത്ത് നിന്ന് എന്നന്നേക്കുമായി വിടപറഞ്ഞു. ഉമ്മർ കോയ കളമൊഴിയുമ്പോൾ ഇന്ത്യൻ ചെസ്സിന്റെ ഭാവി തന്നെയാണ് ചോദ്യചിഹ്നമാകുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest