Connect with us

Cover Story

കഥ പറയുന്ന ഖലാസിപ്പെരുമ

Published

|

Last Updated

ബക്കാ… ബക്കാ….
ബാനി…. ബക്കാ…..
അള്ളാസേ… ഏലെ മാലി
അള്ളാസേ… ഏലെ ചുമ്പ്ര
ആർത്തിരമ്പുന്ന കടൽത്തിരമാലകൾക്കരികിൽ നിന്നും ഈ ഈരടികൾ ഉയർന്നു തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടു. കടൽ ഭിത്തിയിൽ ആഞ്ഞു പതിച്ചില്ലാതെയാകുന്ന തിരമാലകൾ പറയുന്ന ഇന്നലെയുടെ വർത്തമാനങ്ങളിൽ നാമറിയാതെ മയങ്ങുന്ന ചരിത്രമുത്തുകൾ ഏറെയുണ്ടാകും. ഗതി മാറിവരുന്ന കാലത്തിന്റെ കുത്തൊഴുക്കിൽ ഈ വരികൾ കാലയവനികക്കുള്ളിൽ മറഞ്ഞു തുടങ്ങിയെങ്കിലും ചരിത്രത്താളുകൾക്ക് അതിസാഹസികരായ കുറെ മനുഷ്യരുടെ പച്ചയായ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമകൾ സമ്മാനിക്കുകയാണ്. ആ ഓർമകൾ ലോകത്തിന് സമർപ്പിച്ചവരാണ് ഖലാസികൾ.

വേരുകൾ തേടി

ആയിരക്കണക്കിന് വർഷങ്ങൾക്കപ്പുറം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ഹൃദയത്തിൽ കൂടുകൂട്ടിയ സ്വപ്‌നങ്ങളുടെ ഭാണ്ഡവുമായി പങ്കായങ്ങളുമേന്തി അറബിക്കടലിന്റെ അക്കരെനിന്നുമവർ യാത്ര തിരിച്ചു. ചാലിയം തുറമുഖത്ത് കപ്പലിറങ്ങിയ അറബികൾക്ക് കേരള ജനത ഊഷ്മളമായ വരവേൽപ്പ് നൽകി. അനുദിനം വാണിജ്യമേഖല വളർന്നുകൊണ്ടിരുന്നു. അറബികൾക്ക് പുറമേ ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ ഇവരെല്ലാം മലബാറിലെ വാണിജ്യ സാധ്യതകളെ വളർത്തിക്കൊണ്ടിരുന്നു. വെള്ളിയും ആനക്കൊമ്പും മയിലുകളും “ഒഫിർ” എന്ന തുറമുഖത്തുനിന്നും ധാരാളം കൊണ്ടുപോയിരുന്നതായി ചരിത്രത്തിൽ കാണുന്നു. “ഒഫിർ” എന്നത് ബേപ്പൂർ ആണെന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു.

കച്ചവടത്തിന് വരുന്ന അറബികൾ മാസങ്ങളോളം ഇവിടെ താമസിക്കും. വാണിജ്യാവശ്യങ്ങൾക്ക് ശേഷം തങ്ങളുടെ നാട്ടിലേക്ക് ഉരു കയറുകയും ചെയ്യും. ഈ ഇടവേളകളിൽ പ്രാദേശിക സ്ത്രീകളെ വിവാഹം കഴിക്കും. വിവാഹശേഷം ഇവിടെ സ്ഥിരതാമസമാക്കുന്നവരുമുണ്ട്. കറുത്തവരായ സ്ത്രീകളും വെളുത്തവരായ അറബികളും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ നിന്നാണ് ഒരു ഖലാസി ജന്മം കൊള്ളുന്നത്. പൊതുവേ തവിട്ടുനിറമുള്ള കുട്ടികൾ ആയതിനാൽ പിതാക്കന്മാർ സ്‌നേഹത്തോടെ “ഖലാസി” എന്ന് വിളിച്ചു. അറബിയിൽ “ഖലസ” എന്ന വാക്കിനർഥം കറുപ്പും വെളുപ്പും കലർന്നത് എന്നാണ്.
അറേബ്യൻ പൗരന്മാരെ തന്നെയായിരുന്നു അവർ കപ്പലിൽ ജോലിക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ മിശ്രവിവാഹത്തിൽ പിറന്ന കുട്ടികളെ കപ്പലിൽ തൊഴിലാളികളായി നിയമിക്കുകയും ചെയ്തു. ഭൂരിഭാഗവും മുസ്്ലിംകൾ ആയതിനാൽ അവരെല്ലാവരും മാപ്പിള ഖലാസികൾ എന്നറിയപ്പെട്ടു.

വൻകിട പാലങ്ങൾ മുതൽ
അണക്കെട്ട് നിർമാണം വരെ

ടൺ കണക്കിന് ഭാരമുള്ള വസ്തുക്കൾ തൂക്കിയെടുത്ത് ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാൻ ആളുകൾ ഖലാസികളെ ആശ്രയിച്ചു തുടങ്ങി. ഉരു നിർമാണ മേഖലയിൽ ആയിരുന്നു ആദ്യകാല ഖലാസികളുടെ പ്രവർത്തനം. തങ്ങളുടെ നാടൻ യന്ത്രങ്ങളുപയോഗിച്ച് വലിയ ഉരുക്കൾ അവർ കടലിലേക്ക് തള്ളി. ഇന്ത്യയിലുണ്ടായ വ്യാവസായിക വിപ്ലവത്തിൽ ഖലാസികൾ തങ്ങളുടെ പാരമ്പര്യ തൊഴിലുകൾക്ക് പുറമേ മറ്റു തൊഴിലുകളും ചെയ്യാനാരംഭിച്ചു. റെയിൽപാളങ്ങൾ, പാലങ്ങൾ, ഫാക്ടറികൾ എന്നിവയുടെയെല്ലാം നിർമാണത്തിന് ഈസ്റ്റിന്ത്യാ കമ്പനി സർദാറുകളോട് കൂടെ ഖലാസികളുടെയും സഹായംതേടി. അങ്ങനെ ഖലാസിപ്പെരുമ അതിർത്തികൾ കടന്ന് ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിലെത്തി. ഇന്ത്യയിലെ വൻകിട അണക്കെട്ടുകളുടെയും പാലങ്ങളുടെയും കൂറ്റൻ കെട്ടിടങ്ങളുടെയും പിന്നിൽ അവരുടെ വിയർപ്പും വൈദഗ്ധ്യവും അലിഞ്ഞു ചേർന്നിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം , ബസ്വറ-മെസപ്പെട്ടോമിയ റെയിൽവേ പണി ആരംഭിക്കാനിരിക്കുന്നു. വളരെ പെട്ടെന്ന് ഈ ജോലി ആര് പൂർത്തിയാക്കും? ബ്രിട്ടീഷുകാർ തലപുകഞ്ഞാലോചിച്ചു. “കൂടുതൽ ആലോചിക്കാൻ സമയമില്ല എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി യുദ്ധഭൂമിയിലേക്കയക്കണം” ജനറൽ അട്ടഹസിച്ചു അപ്പോഴാണ് കൂട്ടത്തിൽ ഒരുവൻ എഴുന്നേറ്റുനിന്നു പറഞ്ഞത് “ജനറൽ ഇന്ത്യയിലെ കേരളത്തിൽ ചാലിയം എന്ന ഗ്രാമത്തിൽ അതിസാഹസികരായ ഒരു പറ്റം മനുഷ്യരുണ്ട്. അവരെ ജോലി ഏൽപ്പിച്ചാൽ ഭംഗിയായി നമുക്കിത് പൂർത്തിയാക്കാം.” ജനറൽ അവരെ കൊണ്ടുവരാൻ ഉത്തരവിറക്കി. പി കെ അബ്ദുൽ ഖാദർ കുട്ടി മരക്കാർ, കുഞ്ഞുബാവ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഖലാസികൾ വണ്ടി കയറി. പണി പൂർത്തിയാക്കി മടങ്ങിവന്നവരെ തീരദേശത്തെ തരിശു ഭൂമി പതിച്ചു നൽകി ബ്രിട്ടീഷ് ഗവൺമെന്റ് ആദരിച്ചു. കടലുണ്ടി റെയിൽ പാലം മുതൽ രാമേശ്വരം പാമ്പൻ പാലം, മേട്ടൂർ ഡാം തുടങ്ങി കേരളത്തിന് അകത്തും പുറത്തുമായി ഖലാസികളുടെ വൈദഗ്ധ്യം അമ്പരപ്പിക്കുന്നതാണ്. മക്കയിലെ ക്ലോക്ക് ടവർ നിർമാണത്തിലും ഖലാസികൾ പങ്കാളികളായിട്ടുണ്ട്.

വേറിട്ടുനിൽക്കുന്ന ഭാഷ

ചരിത്രത്തിൽ ഖലാസിഭാഷ എന്നൊന്നില്ലെങ്കിലും
ഖലാസികൾ അവരുടെ ജോലികൾക്കായി മാത്രം പ്രത്യേകം വാക്കുകൾ തന്നെ ഉപയോഗിക്കുന്നു. നിത്യജീവിതത്തിൽ അത്തരം പദങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും ജോലിക്കെത്തിയാൽ അവരെല്ലാവരുമൊന്നാണ്.
മസ്റ്റൂൾ – ഒരു പണി
ഒതാർ – നിർത്തുക
അബേസ് – മേൽപ്പോട്ടുയർത്തൂ
ആര്യ – താഴ്ത്തുക
ഈ ഭാഷയുടെ വേരുകൾ തേടിയാൽ മിക്ക വാക്കുകളും ഒരു ഭാഷയിലും കാണപ്പെടാത്തവയാണന്ന് ബോധ്യമാകും. ഹിന്ദി, അറബി എന്നീ ഭാഷകളിൽ നിന്നുള്ള വളരെ കുറഞ്ഞ പദങ്ങളുമുണ്ട്. ഭൂരിഭാഗവും സങ്കരയിനം വാക്കുകളാണ്. അതായത് ഖലാസികളുടെ സ്വയം നിർമിത ഭാഷയാണ് എന്നർഥം.

കറകളഞ്ഞ ദൈവ വിശ്വാസമാണ് ഖലാസികളുടെ മറ്റൊരു ആയുധം. ദിനവും ജോലി ആരംഭിക്കുമ്പോൾ മൺമറഞ്ഞുപോയ മഹത്തുക്കളെ വിളിക്കുകയും അവരുടെ പേരിൽ എന്തെങ്കിലും നേർച്ചയാക്കുകയും ചെയ്യുന്നു. ദൈവ വചനങ്ങളും മഹത്തുക്കളുടെ നാമങ്ങളും ഒക്കെ വിളിക്കുമ്പോൾ അവർ തങ്ങളുടെ ജോലികളിൽ അപകടം വരാതെ സംരക്ഷിക്കാനും സഹായിക്കാനും എത്തുന്നുവെന്ന് അവർ വിശ്വസിക്കുന്നു.

അപകടം നിഴലായുണ്ട്

“നിലം വിട്ടുള്ള കളിയാണിത്..” ഖലാസികൾ അവരുടെ തൊഴിലുകളെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അതുകൊണ്ടുതന്നെ എന്നെ ഓരോ ഖലാസിയുടെയും ജീവനു പിറകിൽ മരണം പതുങ്ങിയിരിപ്പുണ്ടാകും. കരയിലും വെള്ളത്തിലും ഒരുമിച്ച് ജോലി ചെയ്യുക എന്നത് വലിയ ദുഷ്‌കരമാണ്. മിക്ക ജോലികളും ജീവൻ പണയപ്പെടുത്തിയുള്ളതാണ്. എട്ടുമണിക്കൂർ ജോലി എടുത്താൽ തുല്യമായ വേതനമാണ് ലഭിക്കുക. എന്നാലും ഒട്ടിയ വയറുകളെയോർത്ത് ഓരോ ഖലാസിയും കത്തുന്ന സൂര്യനു താഴെ ഭാരമേറ്റി നടന്നുപോകും.

1920 ചാലിയത്തെ തിരമാലകൾക്കരികിൽ നിന്നും തീവണ്ടിയുടെ ചൂളം വിളിക്കൊപ്പം അതിർത്തി കടന്നുപോയ രണ്ട് യുവാക്കളുടെ കഥകൾ നിണത്തിന്റെ ഗന്ധമുള്ള കണ്ണീരോർമകളാണ്. മൂന്ന് രൂപ ദിവസ വേതനത്തിനായി ട്രെയിൻ കയറിയ ഒരാൾ. മമ്മദ് എന്നായിരുന്നു പേര്. ബ്രിട്ടീഷുകാർക്ക് കീഴിൽ ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ അതിൽ ഒരു വലിയ പാലത്തിന്റെ പണി നടക്കുന്നു. പെട്ടെന്നാണ് 10 ടണ്ണിലധികം ഭാരമുള്ള ഗ്രേഡർ യഥാസ്ഥാനത്തേക്ക് നീക്കുന്നതിനിടെ ഇരുമ്പ് റോപ്പ് പൊട്ടി ബുള്ളി (കപ്പി) ഇടനെഞ്ചിൽ ആഞ്ഞു പതിച്ചത്. രക്തം വാർന്ന് അയാൾ മരണമടഞ്ഞു.

ഇതുപോലെയാണ് മധ്യപ്രദേശിലെ റെയിൽ പാളത്തിന്റെ ജോലിക്കിടെ അപകടത്തിൽ മരിച്ച ചാലിയത്തെ മറ്റൊരു ഖലാസി. ഇത്തരം ദയനീയ കാഴ്ചകൾ ഖലാസികൾക്ക് പുതുമയൊന്നുമല്ല. ഓരോ ഖലാസിയുടെയും ഓർമകളിൽ രക്തത്തിന്റെ ചൂടുള്ള ഇത്തരം അനുഭവങ്ങൾ തിളച്ചുമറിയുന്നുണ്ടാകും.

ദുരന്തങ്ങളിൽ കൈത്താങ്ങായി…

1988 ജൂലൈ എട്ട്, പകൽ സമയം 12. 45, പകലോൻ ഉച്ചിയിൽ നിന്ന് പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കന്യാകുമാരിയിലെ അസ്തമയം കാണാതെപോയ ഐലൻഡ് എക്‌സ്പ്രസ് പതിവുപോലെ 1500ലധികം യാത്രക്കാരുമായി കായലിനു കുറുകെയുള്ള പെരുമൺ പാലത്തിൽ പ്രവേശിച്ചു. പാതി പിന്നിട്ടപ്പോൾ കാതടിപ്പിക്കുന്ന ഒരു ശബ്ദം. ജനങ്ങൾ പരിഭ്രാന്തരായി. ട്രെയിനിന്റെ ഓരോ ബോഗികളായി കായലിൽ പതിക്കാൻ തുടങ്ങി. എട്ട് ബോഗികളിൽ ആയിരക്കണക്കിനാളുകളുടെ ജീവൻ കായലിൽ താഴ്ന്നുകൊണ്ടിരുന്നു. ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ, പീടികക്കോലായിലും വീട്ടു വരാന്തകളിലും റേഡിയോയിലൂടെ ആ വാർത്ത കേട്ട് ജനം നടുങ്ങി.

“പെരുമണിൽ ട്രെയിൻ പാളംതെറ്റി കായലിൽ വീണു നിരവധി ജീവനുകൾ പൊലിഞ്ഞു രക്ഷാപ്രവർത്തനം ദുഷ്‌കരം”ജനം പെരുമണിലേക്കൊഴുകി. പോലീസും ഫയർഫോഴ്‌സും ആധുനിക സംവിധാനങ്ങളും കായലിൽ മുങ്ങിത്താഴുന്ന ജീവനുകളെ നോക്കി അന്ധാളിച്ചു നിന്നു. വളരെ പ്രയാസപ്പെട്ട് കുറഞ്ഞ ആളുകളെ കരക്കെത്തിച്ചു. ബോഗികളെ ഉയർത്തുന്നതിൽ ക്രെയിനുകൾ പരാജയപ്പെട്ടു. മരണപ്പെട്ട തങ്ങളുടെ ഉറ്റവരുടെ
ഭൗതിക ശരീരം അവസാന നോക്കു കാണാൻ സാധിക്കുമോ എന്നോർത്ത് കരയുന്നവർ… അപ്പോഴേക്കും അപകട വാർത്തയറിഞ്ഞ് ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിൽനിന്നും ഒരുപറ്റം ഖലാസികൾ ബിഞ്ചിയും ബുള്ളിയും റോപ്പുമായി കാവൽ മാലാഖമാരെ പോലെ വള്ളങ്ങളിൽ പുറപ്പെട്ടിരുന്നു.
“ക്രെയിൻ പോലും പരാജയപ്പെട്ടു ഇവരീ കപ്പിയും കയറും കൊണ്ട് എന്നാ ചെയ്യാനാ…?!” ജനങ്ങൾ ഖലാസികളെ നോക്കി പിറുപിറുത്തു. വളരെ പെട്ടന്ന് ഖലാസിക്കൂട്ടം കായലിനടിയിൽ നിന്നും ഒരു ബോഗി പൊക്കിയെടുത്ത് കരക്കടുപ്പിക്കുന്നത് കണ്ട് നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം വാ പൊളിച്ചു നിന്നു. പിന്നീട് ദ്രുതഗതിയിൽ രണ്ട് ബോഗികൾ കൂടി അവർ കരയിലെത്തിച്ചു. പിന്നീടെത്തിയ കരസേനയോടൊപ്പം ആ കടലിന്റെ മക്കൾ നിരവധി ജീവനുകളെ തങ്ങൾക്കിടയിലേക്ക് തിരിച്ചുവിളിച്ചു. 2001 ജൂൺ 22ന് സംഭവിച്ച കടലുണ്ടി ദുരന്തത്തിലും ഖലാസികളുടെ കരങ്ങൾ നിരവധി ജീവനുകളെ മരണക്കയത്തിൽനിന്നും വലിച്ചുകയറ്റി. ഒരിക്കൽ വ്യോമസേന പോലും ഖലാസികളുടെ അതിസാഹസികതക്ക് മുന്നിൽ അടിയറവു പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം രക്ഷപ്പെടുത്തുന്നതിൽ ആധുനിക സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ അവർ ഖലാസികളുടെ സഹായം തേടി. അവരാ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.
ഏട്ടിലൊന്നും പതിയാത്ത ഖലാസി അത്ഭുതങ്ങൾ നിരവധിയാണ്. അവരതൊന്നും ഓർമയിൽ സൂക്ഷിക്കാറില്ല. ഒരു പണി പൂർത്തിയായി കഴിഞ്ഞാൽ അവരത് മറക്കും. എല്ലാം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയിലെ നിത്യ കാഴ്ചകൾ മാത്രം. അതിലുപരി അവരിൽ 95 ശതമാനവും വിദ്യാഭ്യാസം നന്നേ കുറഞ്ഞവരാണ്. “സ്രാങ്കേ… ആ ബോയിലർ എടുത്ത് ദേ ആസ്ഥലത്ത് ഇറക്ട് ചെയ്യണം” എന്ന് പറഞ്ഞ് സ്രാങ്കിനെ ( അറബികളുടെ പായക്കപ്പലിലുണ്ടായിരുന്ന ലീഡർമാരെ പറങ്ക് എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് സ്രാങ്കായി മാറി.) എൻജിനീയർ സാറന്മാർ ഓഫീസിൽ പോയിരിക്കുകയാണ് പതിവ്. അൻപതും അതിലധികവും ടൺ ഭാരമുള്ള ബോയ്‌ലർ സ്രാങ്കും അദ്ദേഹത്തിന്റെ അധ്വാനികളായ ജോലിക്കാരും എത്തേണ്ടടത്ത് എത്തിക്കും.

ഒട്ടനവധി സാഹസിക കൃത്യങ്ങൾ ചെയ്ത ഖലാസികൾ ഈ ലോകത്ത് നിന്നും മറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഓർമകൾ മാത്രം ബാക്കിയാക്കി.

(റഫറൻസ്:”മാപ്പിള ഖലാസി കഥപറയുന്നു”
-സി എം മുസ്തഫ ഹാജി ചേലേമ്പ്ര)

Latest