Connect with us

Editorial

ദേവീന്ദര്‍ സിംഗ് ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍

Published

|

Last Updated

പൊതുസമൂഹത്തോടൊപ്പം അധികൃത കേന്ദ്രങ്ങളിലും അമ്പരപ്പുളവാക്കിയിട്ടുണ്ട് കശ്മീര്‍ തീവ്രവാദികള്‍ക്കൊപ്പം കശ്മീര്‍ ശ്രീനഗര്‍ വിമാനത്താവളം ഡി വൈ എസ് പി ദേവീന്ദര്‍ സിംഗ് പിടിയിലായ സംഭവം. ഒരു സാധാരണ പോലീസുകാരനല്ല ദേവീന്ദര്‍ സിംഗ്. ധീരതക്കുള്ള ദേശീയ മെഡല്‍ നേടിയ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് രാഷ്ട്രപതിയില്‍ നിന്ന് ഇയാള്‍ മെഡല്‍ സ്വീകരിച്ചത്. അടുത്തിടെ കശ്മീര്‍ സന്ദര്‍ശിച്ച വിദേശ പ്രതിനിധി സംഘത്തെ അനുധാവനം ചെയ്ത സുരക്ഷാ സംഘത്തിലും അംഗമായിരുന്നു ഇദ്ദേഹം. ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറെന്ന് സൈന്യം പറയുന്ന നവീദ് ബാബുവിനും ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെന്നു വിശേഷിപ്പിക്കപ്പെടുന്ന അല്‍ത്താനുമൊപ്പം ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ കശ്മീരിലെ കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തീവ്രവാദികളെ തിരഞ്ഞുള്ള പരിശോധനക്കിടെ അവിചാരിതമായാണ് പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ചത്. അഞ്ച് ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട് ഇവരുടെ വാഹനത്തില്‍ നിന്ന്. പിന്നീട് ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് എ കെ 47 തോക്കുകളും കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തിനാണ് ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിച്ചത്? എന്തായിരുന്നു ഇവരുടെ ഡല്‍ഹി യാത്രയുടെ ഉദ്ദേശ്യം? ദുരൂഹമാണ്. എങ്കിലും രാജ്യത്താകമാനം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുകയും ഇത് കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു കൊണ്ടിരിക്കെ ഒരു “ഭീകരാക്രമണം” നടത്തി ജനശ്രദ്ധ അതിലേക്ക് തിരിച്ചുവിടാനുള്ള പുറപ്പാടായിരുന്നോ എന്ന സന്ദേഹമുയര്‍ന്നിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തീവ്രവാദികളെ ഡല്‍ഹിയിലെത്തിച്ച മുന്‍കാല ചരിത്രവുമുണ്ട് ദേവീന്ദര്‍ സിംഗിന്. 2001 ഡിസംബര്‍ 13ലെ പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാളായ മുഹമ്മദിനെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചതും അവിടെ താമസത്തിനു വീട് ഏര്‍പ്പാടാക്കിക്കൊടുത്തതും ദേവീന്ദര്‍ സിംഗിന്റെ നിര്‍ദേശ പ്രകാരമാണെന്നു കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും തൂക്കിലേറ്റുകയും ചെയ്ത അഫ്‌സല്‍ ഗുരു തന്റെ അഭിഭാഷകന്‍ സുഷീല്‍ കുമാറിനെഴുതിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി യാത്രക്കിടെ തനിക്കും മുഹമ്മദിനും ദേവീന്ദര്‍ സിംഗിനും അടിക്കടി ഫോണ്‍കോള്‍ വരാറുണ്ടായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്തിനായിരുന്നു കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ലിമെന്റ് ആക്രമണത്തിനു തീവ്രവാദികള്‍ക്ക് സഹായം ചെയ്തുകൊടുത്തതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഈ കേസുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍ വി എസ് മണി 2013 ജൂലൈയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സി ബി ഐ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയുടെ മൊഴിയില്‍ നിന്ന് ഇതിനുള്ള ഉത്തരം കണ്ടെത്താകുന്നതാണ്. പാര്‍ലിമെന്റ് ആക്രമണക്കേസിനും മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ സര്‍ക്കാറിന്റെ കരങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ മൊഴിയിലുള്ളത്.

[irp]

രാജ്യത്ത് നടപ്പാക്കിയ ഭീകരവിരുദ്ധ നിയമങ്ങളെ സാധൂകരിക്കാനും ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് മൊഴിയില്‍ പറയുന്നു. സതീഷ് വര്‍മയുടെ മൊഴിയെ സംബന്ധിച്ച വാര്‍ത്തയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സതീഷ് വര്‍മയോട് അഭിപ്രായമാരാഞ്ഞപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചില്ല. പകരം തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സതീഷ് വര്‍മ.
ആക്രമണ കേസിലെ പ്രതികളുമായി ദേവീന്ദര്‍ സിംഗിനുള്ള ബന്ധം അഫ്‌സല്‍ ഗുരുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമായിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാതിരുന്നതും അഫ്‌സല്‍ ഗുരുവിനും മുഹമ്മദിനും വന്ന ദേവീന്ദര്‍ സിംഗിന്റെ ഫോണ്‍ വിളികള്‍ തെളിവായി സ്വീകരിക്കാതിരുന്നതും ഈ കേസിലെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഭരണകൂടം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു രാഷ്ട്രീയായുധമായി മാറിയിട്ടുണ്ടിന്ന് “തീവ്രവാദി ആക്രമണ”ങ്ങളും അതിര്‍ത്തിയിലെ സൈനിക നടപടികളുമെല്ലാം. പഠാന്‍കോട്ട് സൈനിക കേന്ദ്രത്തിലെ തീവ്രവാദി ആക്രമണം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയവയെക്കുറിച്ചും ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റോടെ പുല്‍വാമ ഭീകരാക്രമണത്തില്‍ ആരാണു യഥാര്‍ഥ പ്രതിയെന്നതില്‍ സംശയം വര്‍ധിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലിമെന്റ് ആക്രമണ കേസും പുനരന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ട്.
ദേവീന്ദര്‍ സിംഗ് അറസ്റ്റിലായി അഞ്ച് ദിവസം കഴിഞ്ഞു. അദ്ദേഹത്തെ തീവ്രവാദികളുടെ കൂടെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന ഒഴുക്കന്‍ പ്രസ്താവനയല്ലാതെ ഇതേക്കുറിച്ച് അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സംഘ്പരിവാര്‍ കേന്ദ്രങ്ങളും ദേശീയ മാധ്യമങ്ങളും സംഭവത്തെക്കുറിച്ച് മൗനത്തിലുമാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞതു പോലെ ദേവീന്ദര്‍ സിംഗിന്റെ പേര് ദേവീന്ദര്‍ ഖാന്‍ എന്നായിരുന്നെങ്കില്‍ എന്തായിരുന്നു ഇവിടെ പുകില്? മുഴുവന്‍ മുസ്‌ലിം പോലീസുകാരെയും തീവ്രവാദ ബന്ധമുള്ളവരാക്കുമായിരുന്നില്ലേ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. ദേശീയ മാധ്യമങ്ങള്‍ക്ക് എന്തെല്ലാം നിറംപിടിപ്പിച്ച നുണകള്‍ എഴുതിപ്പിടിപ്പിക്കാനുണ്ടാകുമായിരുന്നു. പൗരത്വ വിഷയത്തില്‍ മോദി സര്‍ക്കാര്‍ കാണിച്ച പോലെ ആളുടെ പേരും മതവും ജാതിയുമൊക്കെ നോക്കിയാണല്ലോ ഇവിടെ തീവ്രവാദികളെയും ഭീകരവാദികളെയും നിശ്ചയിക്കുന്നത്.