Connect with us

Editorial

ശൈത്യകാലത്തും കുളിരറിയാതെ കേരളം

Published

|

Last Updated

കാലങ്ങളായി തുടര്‍ന്നു വരുന്ന പതിവുരീതികളും കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടുള്ള മാറ്റങ്ങളാണ് കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥയില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ശക്തമായ തണുപ്പിന്റെ സീസണാണ് ഇത്. സാധാരണ ഗതിയില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംസ്ഥാനത്ത് തണുപ്പനുഭവപ്പെടാറുള്ളത്. ഇത്തവണ പക്ഷേ, ജനുവരി പകുതി പിന്നിട്ടിട്ടും തണുപ്പെത്തിയിട്ടില്ല. രാത്രി കാലങ്ങളില്‍ തണുത്തു വിറക്കാറുള്ള ഈ ഘട്ടത്തില്‍ ഇത്തവണ ഉഷ്ണവും വിങ്ങലുമാണ് അനുഭവപ്പെടുന്നത്. പുതുവര്‍ഷത്തില്‍ തണുപ്പു തേടി മൂന്നാറിലേക്ക് പോയ വിനോദ സഞ്ചാരികളും നിരാശയോടെയാണ് ഇക്കുറി മടങ്ങിയത്. കേരളത്തില്‍ അതിശൈത്യത്തിനുള്ള സാധ്യത ഇത്തവണ കുറവാണെന്നാണ് നവംബര്‍ അവസാനത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പതിവില്‍ കവിഞ്ഞ തണുപ്പനുഭവപ്പെട്ടിരുന്നു. മിക്ക ജില്ലകളിലും നാല് ഡിഗ്രി വരെ കുറവ് താപനില രേഖപ്പെടുത്തി. 30 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ തണുപ്പെന്നായിരുന്നു ഇതേക്കുറിച്ച് വിദഗ്ധരുടെ പക്ഷം. അഗ്നി പര്‍വത സ്‌ഫോടനത്തിന്റെ പ്രതിഫലനവും ഇറാന്‍, അഫ്ഗാനിസ്ഥാന്‍ മേഖലയിലെ ശൈത്യ തരംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നതുമൊക്കെയാണ് ഇതിനു കാരണമായി പറയപ്പെട്ടിരുന്നത്. ഇക്കൊല്ലം ശൈത്യതരംഗങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത കുറവാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഒരാഴ്ച മുമ്പ് കലാവസ്ഥാ വിദഗ്ധര്‍ ഇത് മാറ്റി പ്രവചിച്ചു. ഈ വര്‍ഷവും കേരളം തണുത്തു വിറക്കുമെന്നും ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ അസാധാരണ തണുപ്പ് അനുഭവപ്പെടുമെന്നുമാണ് പുതിയ പ്രവചനം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടപറയാന്‍ വൈകിയതും കാറ്റിന്റെ ഗതിയില്‍ വന്ന മാറ്റവും അറബിക്കടലില്‍ വന്ന മാറ്റങ്ങളുമാണ് ശൈത്യം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചുഴലിക്കാറ്റുകള്‍ അപൂര്‍വമായിരുന്ന അറബിക്കടലില്‍ കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ ആറ് ചുഴലിക്കാറ്റുകള്‍ എത്തുകയും പതിവില്‍ നിന്ന് വ്യത്യസ്തമായി വെള്ളം കൂടുതല്‍ ചൂടു പിടിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ശൈത്യകാലത്തേക്ക് നയിക്കുന്ന വടക്കന്‍ കാറ്റ് ഇതുവരെ കേരളത്തിലേക്ക് എത്തിയിട്ടുമില്ല.
ശൈത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മഴയുടെയും ഉഷ്ണത്തിന്റെയും കാര്യത്തിലുമുണ്ട് ഗണ്യമായ മാറ്റങ്ങള്‍. മുന്‍കാലങ്ങളില്‍ ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചിരുന്നത്. ആഗസ്റ്റ് ആകുമ്പോഴേക്ക് മഴയുടെ അളവ് കുറഞ്ഞു വരും. കഴിഞ്ഞ രണ്ട് വര്‍ഷമായി ആഗസ്റ്റ് മാസത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. പോയ വര്‍ഷം മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുകയും ചെയ്തു. വേനല്‍ കാലത്ത് ഉഷ്ണത്തിന്റെ അളവും പൂര്‍വോപരി കൂടിവരുന്നു. സാധാരണ ഗതിയില്‍ ഏപ്രില്‍ മാസത്തിലാണ് സംസ്ഥാനത്ത് ചൂട് വര്‍ധിക്കാറെങ്കില്‍ ഇപ്പോള്‍ ഫെബ്രുവരിയില്‍ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഇത് 41 ഡിഗ്രിക്ക് മുകളില്‍ വരെയെത്തി. കടല്‍ വെള്ളത്തിന്റെ ചൂട് കൂടുകയും ഇത് മത്സ്യമുള്‍പ്പെടെ കടല്‍സമ്പത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കുകയും ചെയ്തു. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും ഒപ്പം കനത്ത വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണെന്നു കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതലത്തില്‍ തന്നെ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണിന്ന് കാലാവസ്ഥാ വ്യതിയാനം. ശൈത്യ മേഖലകളില്‍ പോലും താപനില വന്‍തോതില്‍ ഉയരുക, ധ്രുവങ്ങളിലെ മഞ്ഞുരുകുക, കടലിലെ ജലത്തിനു ചൂട് വര്‍ധിക്കുക, ജലനിരപ്പ് ഉയരുക, മഴയുടെ തീവ്രതയും കൊടുങ്കാറ്റുകളുടെ എണ്ണവും ശക്തിയും വര്‍ധിക്കുക തുടങ്ങി വിവിധയിടങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നത്. ദൃശ്യമാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഭൂമി. അമേരിക്കയിലെ ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന പല നഗരങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് മധ്യദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലയിലെ കാലാവസ്ഥയാണ്. നഗരങ്ങള്‍ കടലെടുക്കല്‍, കൃഷിയിടങ്ങള്‍ ഇല്ലാതാകല്‍, ജലസ്രോതസ്സുകള്‍ വറ്റിവരളല്‍, ജീവജാലങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ തുടങ്ങി ഗുരുതരമായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍. യൂറോപ്പിലും യു എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും അടുത്തിടെയുണ്ടായ, ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക രംഗത്തും ഇത് വലിയ ആഘാതം സൃഷ്ടിക്കും. ലോക സാമ്പത്തിക ഫോറത്തിന്റെ എക്കണോമിക് ഇന്റലിജന്റ്‌സ് യൂനിറ്റ് നടത്തിയ പഠനം കാണിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം ഏതാണ്ട് 7.9 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ലോക സാമ്പത്തിക മേഖലയിലുണ്ടാക്കുമെന്നാണ്. 2018ല്‍ ഇന്ത്യക്കുണ്ടാക്കിയ നഷ്ടം 2.71 ലക്ഷം കോടി രൂപയാണ്. ഇതേവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാനം അനുഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ജപ്പാന്‍, ജര്‍മനി, ഫിലിപ്പൈന്‍സ്, മഡഗാസ്‌കര്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പരിസ്ഥിതിയെ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത അപകടാവസ്ഥയിലേക്കെത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഇതിനിടെ ഒരു ആഗോള സംഘടന നടത്തിയ പഠനത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കേരളമുള്‍പ്പെടെ ലോകത്തെ പല പ്രദേശങ്ങളെയും സമുദ്രം വിഴുങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ തീരത്തെ സമുദ്രനിരപ്പ് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 8.5 സെന്റിമീറ്റര്‍ ഉയര്‍ന്നതായി രണ്ട് മാസം മുമ്പ് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ രാജ്യസഭയിലെ വെളിപ്പെടുത്തല്‍ ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ കേരളീയര്‍ ഏറെ ആശങ്കപ്പെടേണ്ടതുണ്ട്.