Connect with us

National

കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവം; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

Published

|

Last Updated

ന്യൂഡല്‍ഹി /കോട്ടയം | ജമ്മു കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നു എന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും.

ഇഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡല്‍ഹിയിലെ ചാണക്യനും കര്‍ട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംഭവത്തില്‍ മറുപടി പറയണമെന്നു സമൂഹമാധ്യമത്തിലെ കുറിപ്പില്‍സിപിഎം നേതാവ് എം ബി രാജേഷ് ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ യഥാര്‍ഥത്തില്‍ ആരായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. സംഭവത്തില്‍ വിശമായ അന്വഷണം നടത്താന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാലയും രംഗത്തെത്തി. ആരുടെ പ്രേരണയിലാണ് ദേവേന്ദ്ര സിങ് ഭീകരരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന കാര്യം വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

എം ബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു യഥാര്‍ഥ “രാജ്യസ്‌നേഹി” കശ്മീരില്‍ ഭീകരരോടൊപ്പം പിടിയിലായിട്ടും “രാജ്യസ്‌നേഹത്തിന്റെ” സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദര്‍ സിങ് ഒരു ചെറിയ മീനല്ല. പൊലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി മെഡല്‍ മാറിലണിയിച്ച് ആദരിച്ചവനാണ്. കൊടുംഭീകരരെ, ആര്‍മി കന്റോണ്‍മെന്റിനോട് അതിര്‍ത്തി പങ്കിടുന്ന സ്വന്തം വീട്ടില്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച്, അതിനുശേഷം അവരേയും കൂട്ടി ഡല്‍ഹിക്ക് കാറില്‍ സഞ്ചരിക്കുന്ന “വിശിഷ്ട സേവന”ത്തിനിടയിലാണ് യാദൃഛികമായി പിടിയിലാവുന്നത്.

ലക്ഷ്യം റിപ്പബ്ലിക് ദിനമായിരുന്നിരിക്കണം. “വിശിഷ്ട സേവന”ത്തില്‍ മുന്‍പരിചയമുണ്ട് ഈ വമ്പന്‍ സ്രാവിന്. പാര്‍ലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടത് അന്ന് ഡിവൈഎസ്പിയായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍ നടന്ന പാര്‍ലമെന്റ് ആക്രമണം ആര്‍ക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തിലുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ ബമ്പര്‍ ലോട്ടറിയടിച്ചവര്‍ ആരെന്നും ആര്‍ക്കാണറിയാത്തത്?

ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്തു ഭീകരര്‍ അവരുടെ നിതാന്ത ശത്രുക്കളായ “രാജ്യസ്‌നേഹി”കളുടെ രക്ഷയ്‌ക്കെത്തുന്നത് എങ്ങിനെയെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ഭുതത്തിനു പകരം ചില ചോദ്യങ്ങളാണുയരുന്നത്. ഉത്തരം പറയാന്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡല്‍ഹിയിലെ ചാണക്യനും കര്‍ട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം. വായും പൂട്ടി ഇരിക്കാതെ സമാധാനം പറയാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. സിപിഐ(എം) ഈ ആവശ്യം ഉയര്‍ത്തിയിട്ടുമുണ്ട്.

1. പാര്‍ലമെന്റ് ആക്രമണ കേസില്‍ ആരോപണ വിധേയനായിട്ടും സംരക്ഷണവും പിന്നെ പ്രമോഷനും അതും പോരാതെ രാഷ്ട്രപതിയുടെ മെഡലും കിട്ടിയത് എങ്ങനെ? ഇതെല്ലാം എന്തിനുളള ഉപകാരസ്മരണയായിരുന്നു?

2. പാര്‍ലമെന്റ് ആക്രമണക്കേസിലെ പങ്കിനെക്കുറിച്ച് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം വാജ്‌പേയി സര്‍ക്കാര്‍ അന്വേഷിക്കാതിരുന്ന അസാധാരണ നടപടിക്ക് എന്തുണ്ട് വിശദീകരണം?

3. ഭീകരരെ ആര്‍മി കന്റോണ്‍മെന്റിനോടു ചേര്‍ന്ന അതീവ സുരക്ഷാ മേഖലയിലെ തന്റെ ഔദ്യോഗിക വസതിയില്‍ താമസിപ്പിക്കാന്‍ ധൈര്യം കിട്ടിയതെങ്ങനെ? ഏത് ഉന്നതന്റെ പിന്‍ബലമാണയാള്‍ക്കുള്ളത്?

ഭീകരര്‍ക്കൊപ്പം അറസ്റ്റിലായത് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഡിവൈഎസ്പി
4. കൊടുംഭീകരര്‍ അതീവ സുരക്ഷാ മേഖലയില്‍ ഒരു ദിവസം താമസിച്ചിട്ടും അറിയാത്ത ഇന്റലിജന്‍സ് വീഴ്ചയും സുരക്ഷാവീഴ്ചയും യാദൃച്ഛികമെന്ന് വിശ്വസിക്കണോ?

5. പുല്‍വാമയിലും അതിനു മുമ്പു നടന്ന ഭീകരാക്രമണങ്ങളിലുമെല്ലാം ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ സുരക്ഷിതമായി സൗകര്യം ഒരുക്കി കൊടുത്തതിലും ദേവീന്ദറിന് പങ്കുണ്ടോ?

6. പാര്‍ലമെന്റ് ആക്രമണത്തിലെ പോലെ പഠാന്‍കോട്ട്, പുല്‍വാമ ഭീകരാക്രമണങ്ങളിലും ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാതെ പോയത് എന്തുകൊണ്ട്?

7. ഉറിയിലെ സൈനിക ക്യാംപിലേക്കും പുല്‍വാമയിലെ ജവാന്‍മാരുടെ കോണ്‍വോയിലേക്കും എല്ലാ സുരക്ഷയും മറികടന്ന് ഭീകരര്‍ക്ക് എത്താനായത് ആരുടെ സഹായത്തിലാണെന്നറിയാന്‍ “രാജ്യസ്‌നേഹി” സര്‍ക്കാര്‍ ഒരു താല്‍പര്യവും കാണിക്കാത്തത് എന്തുകൊണ്ടാവും?

ഭീകരാക്രമണങ്ങള്‍ രാഷ്ട്രീയ മൂലധനമാക്കുന്നതില്‍ വ്യഗ്രത കാണിക്കുന്ന ചിലരുടെ ഇപ്പോഴത്തെ നിസ്സംഗത കാണുമ്പോള്‍ കള്ളന്‍/ഭീകരന്‍ കപ്പലില്‍ തന്നെ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ.

---- facebook comment plugin here -----

Latest