Connect with us

Gulf

നിയന്ത്രണം വിട്ട വാഹനമിടിച്ച് നാലു പേര്‍ മരിച്ച സംഭവം: പ്രതിക്ക് തടവും പിഴയും

Published

|

Last Updated

അബൂദബി | നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചു നാല് പേര് മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അറേബ്യന്‍ വംശജന് ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയും. ഇതിനു പുറമെ ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സറണ്ടര്‍ ചെയ്യാനും മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം ദിര്‍ഹം ചോരപ്പണം നല്‍കാനും കോടതി ഉത്തരവിട്ടു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അബൂദബി ഹൈവേയിലുണ്ടായ അപകടത്തില്‍ നാല് പേരാണ് മരിച്ചത്.  അശ്രദ്ധമായും അമിത വേഗതയിലും വാഹനമോടിച്ചതിന്റെ ഫലമായാണ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

അപകടത്തില്‍ നാല് പേരുടെ മരണം, അശ്രദ്ധമായി വാഹനമോടിക്കല്‍, റോഡില്‍ അനധികൃതമായി വാഹനമോടിക്കല്‍, മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ വാഹനമോടിക്കല്‍, പൊതു സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്കെതിരെ ചുമത്തിയത്. കോടതി വിചാരണയിലുടനീളം കുറ്റം സമ്മതിച്ച പ്രതി താന്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കോടതി ഒരു വര്‍ഷം തടവും പിഴയും വിധിക്കുകയായിരുന്നു. ഇരകളായ രണ്ട് പുരുഷന്മാരുടെ കുടുംബത്തിന് 200,000 ദിര്‍ഹം വീതവും സ്ത്രീകളുടെ കുടുംബത്തിന് 100,000 ദിര്‍ഹവും നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.