Connect with us

Gulf

കാലഹരണപ്പെട്ട ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ സ്റ്റോറിന് 10 ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

അബൂദബി | കാലഹരണപ്പെട്ട ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ അബൂദബിയിലെ സ്റ്റോറിന് 10 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. അബൂദബി ക്രിമിനല്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സും അപ്പീല്‍ കോടതിയുമാണ് പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിലൂടെ സ്റ്റോര്‍ പൊതുജനാരോഗ്യ നിയമം ലംഘിച്ചതായി നേരത്തെ കീഴ്‌ക്കോടതി കണ്ടെത്തിയിരുന്നു. വിധി അബൂദബി കാസേഷന്‍ കോടതി ശരിവക്കുകയായിരുന്നു. പിഴക്കു പുറമെ, ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്റ്റോറിന്റെ ഒരു ഭാഗം മൂന്ന് മാസത്തേക്ക് അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. കാലഹരണപ്പെട്ട ഉത്പന്നങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തില്‍ കണ്ടുകെട്ടാനും നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

കടയില്‍ നിന്ന് വാങ്ങിയ ജ്യൂസ് കഴിച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ഉപഭോക്താക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കാലഹരണപ്പെട്ട നിരവധി ഭക്ഷ്യ ഉത്പന്നങ്ങള്‍ സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചതായി അധികൃതര്‍ കണ്ടെത്തി. നിയമ ലംഘനം കണ്ടെത്തിയതോടെ ഉടമയെ ഉടന്‍ അറസ്റ്റു ചെയ്തു. സ്ഥാപനത്തിന് പത്ത് ലക്ഷം ദിര്‍ഹം പിഴ നല്‍കാന്‍ കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ കഴിച്ച ദുരിതബാധിതര്‍ക്ക് 21,000 ദിര്‍ഹം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

Latest