Connect with us

Gulf

സഊദി വിഷന്‍ 2030ന് ജപ്പാന്റെ പൂര്‍ണ പിന്തുണ

Published

|

Last Updated

ദമാം | അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര ഗള്‍ഫ് പര്യടനത്തിനെത്തിയ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെ സഊദി സന്ദര്‍ശനം പൂര്‍ത്തിയാക്കി യു എ ഇയിലേക്ക് മടങ്ങി. സന്ദര്‍ശന വേളയില്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ്, കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ച റിയാദിലെ കൊട്ടാരത്തിലും കിരീടാവകാശിയുമായുള്ളത് ചരിത്ര പ്രധാനമായ അല്‍ ഉലയില്‍ വെച്ചുമാണ് നടന്നത്. സഊദി വിഷന്‍ 2030ന് ജപ്പാന്റെ പൂര്‍ണ പിന്തുണ ആബെ അറിയിച്ചു.
വ്യാപാരം, നിക്ഷേപം, സംസ്‌കാരം എന്നീ മേഖലകളിലെ നിക്ഷേപങ്ങള്‍, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് പറഞ്ഞ ജപ്പാന്‍ പ്രധാനമന്ത്രി സഊദി അറേബ്യ വിഷയത്തില്‍ സംയമനം പാലിച്ചതിനെ പ്രത്യേകം അഭിനന്ദിച്ചു.
ഇറാന്‍ ഉള്‍പ്പടെ പശ്ചിമേഷ്യയില്‍ യുദ്ധം ഉണ്ടായാല്‍ അത് ലോകത്തെ മുഴുവന്‍ ബാധിക്കുമെന്ന് ആബെ പറഞ്ഞു. ഈ വര്‍ഷം റിയാദില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിനായി ജപ്പാന്‍ സഊദി അറേബ്യയെ പിന്തുണക്കുമെന്നും ആബെ സഊദി നേതൃത്വത്തെ അറിയിച്ചു.

Latest