Connect with us

National

തീവ്രവാദികള്‍ക്ക് ഒപ്പം പിടിയാലായ ഡിവൈഎസ്പി ഭീകരര്‍ക്ക് വീട്ടില്‍ അഭയം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് ഒപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവിന്ദര്‍ സിംഗ് ഭീകരര്‍ക്ക് തന്റെ അതീവ സുരക്ഷയുള്ള വസതിയില്‍ അഭയം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ശ്രീനഗറിലെ ബദാമി ബാഗ് കണ്ടോണ്‍മെന്റിലെ വസതിയിലാണ് ഇയാള്‍ ഭീകരരെ താമസിപ്പിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അറസ്റ്റിന് പിന്നാലെ ദേവിന്ദര്‍ സിംഗിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു എ കെ 47 തോക്കും രണ്ട് പിസ്റ്റളും വസതിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ഹിസ്ബുള്‍ തീവ്രവാദികളെ കാശ്മീരിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ വെച്ച് കഴിഞ്ഞ ദിവസം ദേവിന്ദര്‍ സിംഗ് പിടിയിലായത്. ഒപ്പം പിടിയിലായ തീവ്രവാദികളെ ഷോപ്പിയാനില്‍ നിന്ന് വെള്ളിയാഴ്ച രാത്രി ഇയാള്‍ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിക്കുകയായിരുന്നു. ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സിന് സമീപമുള്ള വീട്ടില്‍ ഒരു ദിവസം അവരെ താമസിപ്പിച്ച ശേഷം ഡല്‍ഹിയില്‍ എത്തിക്കുവാനായിരുന്നു ശ്രമം. എന്നാല്‍ ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് സംഘം വഴിമധ്യേ ദേവിന്ദര്‍ സിംഗിനെയും ഭീകരരെയും പിടികൂടുകയായിരുന്നു. പിടിയിലായ ഭീകരരില്‍ ഒരാളെ ഇയാള്‍ പലതവണ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം ലക്ഷ്യമിട്ടാണോ ദേവിന്ദര്‍ സിംഗ് തീവ്രവാദികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിടിയിലാകുന്നതിന് ഒരു ദിവസം മുമ്പ് ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഈ സമയം ഇവിടെ വന്നിറങ്ങിയ യുഎസ് നയതന്ത്രജ്ഞന്‍ ഉള്‍പ്പെടെ 15 വിദേശ പ്രതിനിധികളെയും സ്വീകരിച്ചത് ഇയാളുടെ സാന്നിധ്യത്തിലായിരുന്നു. ഈ സമയമൊന്നും തങ്ങള്‍ ഇയാളുടെ ഭീകരബന്ധം അറിഞ്ഞിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Latest