Connect with us

National

ജെ എന്‍ യുവിലെ ആക്രമണം: ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു)യില്‍ ജനുവരി അഞ്ചിനുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സര്‍വകലാശാലയിലെ മൂന്ന് പ്രൊഫസര്‍മാര്‍ നല്‍കിയ ഹരജിയിലാണ് ആപ്പിള്‍, ഗൂഗിള്‍, വാട്‌സാപ്പ് എന്നീ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

പ്രൊഫസര്‍മാരായ അമീത് പരമേശ്വരന്‍, അതുല്‍ സൂദ്, ശുക്ല വിനായക് സാവന്ത് എന്നിവരാണ് ഹരജിക്കാര്‍. യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍ എസ് എസ് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കം പ്രസക്തമായ വിവരങ്ങളെല്ലാം സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

അതിനിടെ, വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വാട്‌സാപ്പിന് കത്ത് നല്‍കിയതായും അവരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജെ എന്‍ യു അധികൃതരില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് കോടതിയോടു പറഞ്ഞു.

ജനുവരി അഞ്ചിന് ജെ എന്‍ യു കാമ്പസില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം ഇരുമ്പുണ്ഡുകളും വടികളും കല്ലുകളും മറ്റുമുപയോഗിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ജെ എന്‍ യു സ്റ്റുഡന്‍സ് യൂണിയന്‍ (ജെ എന്‍ യു എസ് യു) പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് അക്രമത്തില്‍ സാരമായി പരുക്കേറ്റു. കാമ്പസിലെ ജനലുകളും ഫര്‍ണിച്ചറുകളും മറ്റും അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് എഫ് ഐ ആറുകളാണ് നോര്‍ത്ത് വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Latest