Connect with us

Editorial

മുഖംമൂടികള്‍ക്കെതിരെ നിര്‍ഭയം ഈ സമരം തുടരണം

Published

|

Last Updated

ഭരണഘടനാ മൂല്യങ്ങളെയും രാജ്യത്തിന്റെ പാരമ്പര്യത്തെയും ചവിട്ടിമെതിക്കുകയും അമിതാധികാര പ്രയോഗത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്ന ഭരണകൂടത്തോടുള്ള ഏറ്റവും വലിയ പ്രതിരോധം ഭയമില്ലാതിരിക്കുക എന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളെ ചരിത്രത്തിലുടനീളം മനുഷ്യര്‍ മറികടന്നത് നിര്‍ഭയം നിലപാടുകളെടുത്തു കൊണ്ടാണ്. ക്ലാസിക്കല്‍ ഫാസിസത്തിന് മുന്നില്‍ പകച്ച് പോയ ജര്‍മനിയിലെയും ഇറ്റലിയിലെയും മനുഷ്യര്‍ ഒരു ഘട്ടത്തിന് ശേഷം ശക്തമായ പ്രതിരോധത്തിലേക്ക് ഉണര്‍ന്നു. കവികളും എഴുത്തുകാരും സാമൂഹിക നേതാക്കളുമെല്ലാം ഉറച്ച വാക്കുകള്‍ തൊടുത്തു വിട്ട് ഫാസിസ്റ്റുകളെ വെല്ലുവിളിച്ചു. ചിന്താശേഷിയുള്ള യുവാക്കളില്‍ നിന്നാണ് ചരിത്രത്തിലുടനീളം ഇത്തരം ധീരമായ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിട്ടുള്ളത്. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് എത്രമാത്രം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ജാമിഅ മില്ലിയ്യയിലെയും അലിഗഢ് സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും മറ്റനേകം കലാലയങ്ങളിലെയും വിദ്യാര്‍ഥി സമൂഹം ഉയര്‍ത്തിയ പോരാട്ടവീര്യത്തെ തളര്‍ത്താനാകില്ലെന്ന് വ്യക്തമായിരിക്കുന്നു.

മുഖംമൂടിയണിഞ്ഞെത്തിയ ഗുണ്ടകളുടെ ആക്രമണത്തില്‍ തലപൊട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെ എന്‍ യു സ്റ്റുഡന്റ്സ് യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെപ്പോലുള്ള വിദ്യാര്‍ഥികള്‍ അടുത്ത ദിവസം തന്നെ സമര മുന്നണിയിലേക്ക് കുതിച്ചെത്തുന്നത് ഇതിന്റെ തെളിവാണ്. അവര്‍ ഉന്നയിച്ച പ്രധാന ആവശ്യം ഫീസ് വര്‍ധന പിന്‍വലിക്കണമെന്നായിരുന്നു. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്ന വൈസ് ചാന്‍സലറെ മാറ്റണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്ന് മുന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയും ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവുമായ മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കുകയുണ്ടായി. എത്രമാത്രം അടിച്ചമര്‍ത്തിയിട്ടും വിദ്യാര്‍ഥി സമൂഹം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും നന്നായറിയാം. അതുകൊണ്ടാണ് പോലീസിനെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ നിലക്ക് നിര്‍ത്താനാകുമോ എന്ന് നോക്കുന്നത്.

ജാമിഅ ക്യാമ്പസില്‍ കയറി വെടിയുതിര്‍ത്തിട്ടില്ലെന്ന് വാദിച്ച പോലീസിന് പിന്നീടത് വിഴുങ്ങേണ്ടി വന്നു. ജെ എന്‍ യുവില്‍ പോലീസ് എന്താണ് ചെയ്തതെന്ന് പുറത്തുവരുന്നത് തടയാന്‍ രാഷ്ട്രീയ പ്രേരിതമായ കേസുകളെടുക്കുകയാണ്. സമാനതകളില്ലാത്ത ഗുണ്ടായിസമാണ് അവിടെ നടന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി, മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, പുറത്തു നിന്നുള്ള ഗുണ്ടകളെ കൂടി ഇറക്കി എ ബി വി പിയുടെ പ്രവര്‍ത്തകര്‍ മുഖംമൂടിയാക്രമണം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ സഹിതം തെളിവുകളുണ്ട്. എന്നിട്ടും പോലീസ് കേസെടുക്കുന്നത് മര്‍ദനത്തില്‍ പരുക്കേറ്റ ഐഷിയടക്കമുള്ളവര്‍ക്കെതിരെയാണ്. പോലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം ഒമ്പത് പേരാണ് പ്രതികള്‍. ഇവരില്‍ ഏഴ് പേരും അക്രമത്തിന്റെ ഇരകളാണ്. ഇത്രയും നഗ്നമായ നിയമലംഘനം നടന്നിട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ജനുവരി അഞ്ചിനാണ് സംഭവം നടന്നതെന്നോര്‍ക്കണം. ഇന്ന് മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങുമെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥിനികള്‍ അടക്കമുള്ള ഇടതു സംഘടനാ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് തങ്ങളുടെ നിഗമനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് പരിപാടി. സെര്‍വര്‍ റൂമിന് സംഭവിച്ച കേടുപാടിലാണ് അന്വേഷണവും തെളിവു ശേഖരിക്കലും. മുഖംമൂടി ധരിച്ചെത്തി ക്യാമ്പസില്‍ അഴിഞ്ഞാടിയത് ഒരു സംഭവമേ അല്ല. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞത്, പല സംസ്ഥാനങ്ങളിലും പോലീസാണ് ഭരിക്കുന്നതെന്ന്.

ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറാ ഓപറേഷനില്‍ കാര്യങ്ങള്‍ മുഴുവന്‍ വെളിച്ചത്ത് വന്നിരുന്നു. ആക്രമണത്തിന്റെ പിന്നില്‍ ഇടത് സംഘടനകളും വിദ്യാര്‍ഥികളുമാണെന്ന് ഡല്‍ഹി പോലീസ് പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് കഴിഞ്ഞ ദിവസം ചാനല്‍ സ്റ്റിംഗ് ഓപറേഷന്‍ വാര്‍ത്ത പുറത്തുവിട്ടത്. ജെ എന്‍ യുവിലെ ബി എ ഫ്രഞ്ച് പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ എ ബി വി പിക്കാരാണെന്നും അക്രമത്തില്‍ പങ്കെടുത്തതായും സ്റ്റിംഗ് ഓപറേഷനില്‍ പറയുന്നുണ്ട്. ഒളിക്യാമറയില്‍ കുടുങ്ങിയ അക്ഷത് അശ്വതി മുഖം മറച്ച് ഹോസ്റ്റല്‍ ഇടനാഴിയിലൂടെ റോന്തുചുറ്റുന്ന വീഡിയോ സ്റ്റിംഗ് ഓപറേഷനില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. നിങ്ങളുടെ കൈയിലെന്തായിരുന്നു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊരു വടിയാണ് സര്‍, സമീപത്തെ പെരിയാര്‍ ഹോസ്റ്റലിലെ പതാകയില്‍ നിന്ന് വലിച്ചൂരിയതാണ് എന്ന് അക്ഷത് പറയുന്നു. ആക്രമണം മുഴുവന്‍ ആസൂത്രണം ചെയ്തത് താനാണെന്നും അക്ഷത് പറയുന്നു. എല്ലാവരെയും വിളിച്ചുകൂട്ടിയത് താനാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെയൊരു വിചാരമുണ്ടായിരുന്നില്ല. എവിടെ ഒളിക്കണം, എവിടേക്ക് പോകണം തുടങ്ങി എല്ലാ കാര്യങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുത്തു. എല്ലാം ആസൂത്രണത്തോടെ വ്യവസ്ഥാപിതമായി ചെയ്യണം. എനിക്ക് വലിയ സ്ഥാനമോ മറ്റോ ഇല്ല. എന്നാലും അവരെന്നെ ശ്രദ്ധയോടെ കേട്ടു. അക്രമി സംഘത്തെ വിളിച്ചുകൂട്ടുക മാത്രമല്ല ശരിയാം വിധം അവരുടെ ക്ഷോഭം ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു അക്ഷത്. തിരിച്ചടിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ പ്രേരിപ്പിച്ചതും അക്ഷത് അശ്വതി വീഡിയോയില്‍ പറയുന്നുണ്ട്. വിളക്കുകള്‍ പോലീസ് അണച്ച് കൊടുത്തു. അക്രമികള്‍ക്ക് കാവലായി ഗേറ്റില്‍ നിലയുറപ്പിക്കുകയും ചെയ്തു പോലീസുകാര്‍. വിഷയം ഗൗരവതരമാണ്. ജെ എന്‍ യു സംഭവത്തില്‍ പോലീസിന്റെയും സർവകലാശാല വിസിയുടെയും പങ്കാണ് യഥാര്‍ഥത്തില്‍ അന്വേഷിക്കേണ്ടത്.

എന്നാല്‍ ഇരകളെ പ്രതികളാക്കി പോലീസ് രക്ഷപ്പെടുകയാണ്. പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്ന് ഉപദേശിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ജെ എന്‍ യു പൂര്‍വ വിദ്യാര്‍ഥിയായ നിര്‍മലാ സീതാരാമന്‍ മാത്രമാണ് പേരിനെങ്കിലും അക്രമത്തെ അപലപിച്ചത്. ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ചെന്ന ദീപികാ പദുക്കോണ്‍ അടക്കമുള്ളവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സംഘ്പരിവാര്‍. മുഖംമൂടി ആക്രമണം നടത്തുന്ന തീവ്രവാദികളെ സംരക്ഷിക്കുമ്പോള്‍ ഇത്തരം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ഭരണകൂടം ചെയ്യുന്നത്. അതുകൊണ്ട് ഇത് ജെ എന്‍ യുവില്‍ ഒതുങ്ങുന്ന വിഷയമല്ല.