Connect with us

National

ബേലൂര്‍ മഠം സന്ദര്‍ശനം മോദി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ സന്യാസിമാര്‍

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ മോദി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. മഠത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിനെതിരെ ഇവിടുത്തെ ഒരു വിഭാഗം സന്യാസിമാര്‍ മഠം മേധാവികള്‍ക്ക് കത്ത് നല്‍കിയതോടെയാണിത്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ രാമകൃഷ്ണ മിഷന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 19-ാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച മഠമാണ് ബേലൂരിലെത്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ  പ്രസ്താവനകള്‍ നടത്തിയ മോദിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കാന്‍ വേദി നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. നേരത്തെ. വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളും മോദിയുടെ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാന മന്ത്രി ശനിയാഴ്ചയാണ് ബേലൂര്‍ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമ ഹംസര്‍ക്ക് ആദരമര്‍പ്പിച്ച അദ്ദേഹം സ്വാമി വിവേകാനന്ദന്‍ ഉപയോഗിച്ച മുറി സന്ദര്‍ശിക്കുകയും ചെയ്തു. ഞായറാഴ്ച ഈ ചിത്രങ്ങള്‍ പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെയാണ് മോദി ബേലൂര്‍ മഠം സന്ദര്‍ശിച്ചത്. ഇതിനു ശേഷം നടന്ന പരിപാടികളിലും നിയമ ഭേദഗതിയെ ന്യായീകരിച്ച് നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയത്. ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കാനല്ല, പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നതെന്നും മറ്റു പ്രചാരണങ്ങള്‍ നടത്തി രാജ്യത്തെ യുവാക്കളെ വഴിതിരിച്ചുവിടുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വ്യാപകമായതിനിടെ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക ചിഹ്നമായി കണക്കാക്കപ്പെടുന്ന ബേലൂര്‍ മഠത്തില്‍ മോദി സന്ദര്‍ശനം നടത്തിയതും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതും തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്നാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ള സന്യാസിമാര്‍ വ്യക്തമാക്കുന്നത്. “മഠത്തിന് രാഷ്ട്രീയമില്ല. “രാഷ്ട്രീയ വിവാദം കത്തിനില്‍ക്കുമ്പോള്‍ മഠത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. രാഷ്ട്രീയമില്ലാത്ത ആധ്യാത്മിക വേദിയായി രാമകൃഷ്ണ മിഷന്‍ നിലനില്‍ക്കണമെന്നും കത്തില്‍ സന്യാസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മിഷനിലെ മുതിര്‍ന്ന അംഗമായിരുന്ന സ്വാമി ആത്മസ്ഥാനന്ദ തന്റെ ഗുരുവാണെന്ന് മഠം സന്ദര്‍ശനത്തിനിടെ മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആത്മസ്ഥാനന്ദ ദീക്ഷ നല്‍കിയ സന്യാസിമാരില്‍ ഒരാളായ ഗൗതം റോയ് ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.

“പശ്ചിമ ബംഗാളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഇടമാണ് രാമകൃഷ്ണ മിഷനും ബേലൂര്‍ മഠവും. ഈ വേദിയെ വിവാദ രാഷ്ട്രീയ പ്രസ്താവനകള്‍ക്കോ രാഷ്ട്രീയ സന്ദേശങ്ങള്‍ക്കോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് രാഷ്ട്രീയമില്ലാത്ത വേദിയാണ്” ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മിഷനില്‍ ഒരു സന്യാസി വര്യന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിന് കര്‍ശനമായ ചിട്ടകളും രീതികളുമുണ്ട്. അതനുസരിച്ച് നരേന്ദ്ര മോദി ഇവിടെ ആരുടെയും ശിഷ്യത്വം സ്വീകരിച്ചിട്ടില്ല. തന്റെ ഗുരുവാണ് രാമകൃഷ്ണാശ്രമത്തിലെ ഒരു സന്യാസിവര്യന്‍ എന്ന തരത്തില്‍ രാഷ്ട്രീയ നേതാവായ മോദി പ്രസ്താവന നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. കുറച്ച് കാലമായി രാമകൃഷ്ണ മിഷനിലും രാഷ്ട്രീയവത്കരണം നടക്കുന്നുണ്ട്. ആര്‍ എസ് എസുമായി ബന്ധമുള്ളവരെയാണ് ഇവിടെ പല ഉയര്‍ന്ന സ്ഥാനങ്ങളിലേക്കും നിയമിക്കുന്നത്. ഗൗതം റോയ് പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാമകൃഷ്ണ മിഷനിലെ മുതിര്‍ന്ന ചില അംഗങ്ങള്‍ ഞായറാഴ്ച നടന്ന പ്രാര്‍ഥനാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതായും വിവരമുണ്ട്.

---- facebook comment plugin here -----

Latest