Connect with us

Ongoing News

മൂന്നാം ടി20 ഇന്ന്; ലങ്കാ ദഹനത്തിനായി ഇന്ത്യ

Published

|

Last Updated

ഇന്ത്യൻ ടീം അംഗങ്ങൾ പരിശീലനത്തിൽ

പൂനെ | പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ മൂന്നാം ടി20 മത്സരത്തിനിറങ്ങും. പൂനൈയിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. എന്നാൽ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാൻ മലിംഗയും കൂട്ടരും ശ്രമിക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബൗളർമാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്.

പരുക്ക് മാറി ടീമിൽ തിരിച്ചെത്തിയ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെങ്കിലും ഈ കുറവ് മറ്റു ബൗളർമാർ നികത്തുകയായിരുന്നു. പേസർമാരായ നവദീപ് സെയ്‌നി, ശർദുൽ താക്കൂർ എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. താക്കൂർ മൂന്ന് വിക്കറ്റെടുത്തപ്പോൾ സെയ്‌നി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് വിക്കറ്റുമായി സ്പിന്നർ കുൽദീപ് യാദവും വിജയം അനായാസമാക്കി.

പെരേരയും മാത്യൂസും

ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുശാൽ പെരേര മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ശ്രീലങ്കൻ ക്യാമ്പിന്റെ പ്രതീക്ഷ. രണ്ടാം ടി20യിൽ പുറത്തിരുന്ന മുൻ ക്യാപ്റ്റനും ആൾറൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെ ഇന്ന് ലങ്കൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ലങ്കയെ മികച്ച സ്‌കോർ നേടുന്നതിൽ നിന്നും തടഞ്ഞത്. മാത്യൂസ് ടീമിലെത്തിയാൽ ഈ കുറവ് നികത്താൻ കഴിയുമെന്നാണ് ലങ്കൻ പ്രതീക്ഷ.

അതേസമയം പൂനൈയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ഇവിടുത്തെ പിച്ച് വളരെ വ്യത്യസ്തമാണ്. ചിലപ്പോൾ ബാറ്റ്‌സ്മാന്മാർക്കും മറ്റു ചിലപ്പോൾ സ്പിന്നർമാർക്കും മുൻതൂക്കം നൽകുന്നതാണ് പിച്ച്.

സഞ്ജുവിന് പ്രതീക്ഷയില്ല

മലയാളി താരം സഞ്ജു വി സാംസണെ മൂന്നാം ടി20യിലും അവസരം ലഭിക്കാൻ സാധ്യതയില്ല.
ഇന്നത്തെ മത്സരവും നഷ്ടമാകുകയാണെങ്കിൽ സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്ന തുടർച്ചയായ മൂന്നാമത്തെ പരമ്പരയും എട്ടാമത്തെ കളിയുമായിരിക്കും ഇത്. ബംഗ്ലാദേശ്, വെസ്റ്റൻഡീസ് എന്നിവർക്കെതിരേയുള്ള തൊട്ടുമുന്പുള്ള ടി20 പരമ്പരകളിലും സഞ്ജു ടീമിന് പുറത്തായിരുന്നു.
ടീം ഇന്ത്യ: ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.

ടീം ശ്രീലങ്ക: ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ പെരേര, ആഞ്ചലോ മാത്യൂസ്, ഭാനുക രാജപക്‌സ, ദസുൻ ശനക, ധനഞ്ജയ ഡിസിൽവ, വനിന്ദു ഹസരംഗ, ലഹിരു കുമാര, ലസിത് മലിങ്ക (ക്യാപ്റ്റൻ), കസുൻ രജിത/ ലക്ഷൺ ശണ്ടകൻ.

Latest