Connect with us

National

പൗരത്വ പ്രക്ഷോഭം: ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്

Published

|

Last Updated

ദമാം | പൗരത്വ നിയമത്തിനെതിരായ സർക്കാർവിരുദ്ധ പ്രതിഷേധം ഇന്ത്യയുടെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു. യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശിച്ചതോടെ ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്.
ഇതുമൂലം രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് കോടികളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പ്രധാന നഗരങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് പകുതിയായി കുറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ താജ്മഹൽ സന്ദർശിക്കാനിരുന്ന 2,00,000 വിദേശ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കിയതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ മാത്രം കണക്കാണിത്. പ്രതിവർഷം 6.5 ദശലക്ഷത്തിലധികം സഞ്ചാരികളാണ് ആഗ്ര നഗരത്തിലെ താജ്്മഹൽ കാണാൻ എത്തിയിരുന്നത്.
പ്രവേശന ഫീസായി പ്രതിവർഷം 14 മില്യൺ ഡോളറാണ് ലഭിക്കുന്നത്. താജ്മഹൽ മൈതാനത്ത് പ്രവേശിക്കാൻ ഒരു വിദേശ ടൂറിസ്റ്റ് 15 ഡോളറാണ് നൽകേണ്ടത്.
ഹിമാചൽ പ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഹിമാചൽ പ്രദേശിൽ, പ്രമുഖ ഹിൽ സ്റ്റേഷനായ ധർമശാല ഉൾപ്പെടെ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവുണ്ട്.

Latest