Connect with us

National

ജെ എൻ യു സന്ദർശനം: ദീപികയുടെ സ്‌കിൽ ഇന്ത്യാ പ്രമോ വീഡിയോ ഒഴിവാക്കി കേന്ദ്ര സർക്കാർ

Published

|

Last Updated

ന്യൂഡൽഹി | ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ നടി ദീപികാ പദുകോൺ സന്ദർശിച്ച് രണ്ട് ദിവസം പിന്നിട്ടിരിക്കെ സ്‌കിൽ ഇന്ത്യയെ കുറിച്ചുള്ള നടിയുടെ പ്രമോ വീഡിയോ ഒഴിവാക്കി കേന്ദ്ര സർക്കാർ. നൈപുണ്യ വികസന മന്ത്രാലയം തയ്യാറാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ സംബന്ധിച്ച് നടി സംസാരിക്കുന്ന വീഡിയോയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. നടി ജെ എൻ യു വിദ്യാർഥികളെ സന്ദർശിച്ചതിനെതിരെ ബി ജെ പി- സംഘ്പരിവാർ വൃത്തങ്ങൾ വ്യാപക കടന്നാക്രമണം നടത്തിയിരുന്നു.

പദുകോണിന്റെ പുതിയ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സംഘ്പരിവാർ നടത്തിയിരുന്നു.
ദീപികാ പദുകോൺ സംസാരിക്കുന്ന സ്‌കിൽ ഇന്ത്യ പ്രമോഷൻ വീഡിയോ ബുധനാഴ്ച പുറത്തിറക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. മന്ത്രാലയം ഓഫീസായ ശ്രാം ശക്തി ഭവനിൽ ഇത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ചത്തെ സംഭവ വികാസങ്ങളോടെ വീഡിയോ പെട്ടെന്ന് ഒഴിവാക്കുകയായിരുന്നു. വീഡിയോ വിശകലനം ചെയ്യുകയാണ് തങ്ങളെന്നാണ് മന്ത്രാലയം പ്രതികരിച്ചത്. 45 സെക്കൻഡ് വരുന്ന വീഡിയോയിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശത്തെ സംബന്ധിച്ചാണ് ദീപികാ പദുകോൺ സംസാരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരകളായെങ്കിലും അതിനെ അതിജീവിച്ചവരുമായി സംസാരിക്കാൻ മന്ത്രാലയം പദുകോണിന് അവസരമൊരുക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ജെ എൻ യുവിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്കേറ്റിരുന്നു. ഇതിനെതിരെയുള്ള വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ദീപിക ജെ എൻ യുവിലെത്തിയത്. എ ബി വി പിയാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.

Latest