Connect with us

Eranakulam

മരടിലെ ഫ്ലാറ്റുകൾ നാളെ പൊളിക്കും; ഇന്ന് ട്രയൽ റൺ

Published

|

Last Updated

മരട് | നിരന്തര വാദപ്രതിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ മൂന്നെണ്ണം നാളെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കും. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആൽഫ സെറിൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവയാണ് നാളെ പൊളിച്ചുനീക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയൽ റൺ ഇന്ന് നടത്തും. യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ അറിയിച്ചു.

സ്‌ഫോടനം നിയന്ത്രിക്കുന്ന കൺട്രോൾ യൂനിറ്റുകൾ ഈ ഫ്ലാറ്റുകളിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് സ്ഥാപിക്കുന്നത്. ആദ്യ സ്‌ഫോടനം നടക്കുന്ന ഹോളി ഫെയ്ത്തിൽ നൂറ് മീറ്റർ അകലെ കുണ്ടന്നൂർ തേവര പാലത്തിന് സമീപമാണ് കൺ
ട്രോൾ യൂനിറ്റ് സ്ഥാപിക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് ഇവിടെ സ്‌ഫോടനം നടക്കുന്നത്. 215 കിലോഗ്രാം സ്‌ഫോടക വസ്തുവാണ് ഈ ഫ്ലാറ്റിൽ നിറച്ചിരിക്കുന്നത്. അതിന് ശേഷം 11:05ന് ആൽഫാ സെറിനിൽ സ്‌ഫോടനം നടത്തും. 400 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കളാണ് ആൽഫാ സെറിനിൽ നിറച്ചിരിക്കുന്നത്. ഇതിന്റെ കൺട്രോൾ യൂനിറ്റ് മരട് നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ഭാരത് പെട്രോളിയം ഹൗസിൽ ആയിരിക്കും.

[irp]

മറ്റ് രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളായ െജയിൻ കോറൽകോവും കായലോരവും മറ്റന്നാൾ ആയിരിക്കും തകർക്കുക. സ്‌ഫോടനത്തിന് ശേഷം അന്തരീക്ഷ മലിനീകരണ തോത് അളക്കാനുള്ള എം ജി യൂനിവേഴ്‌സിറ്റിയുടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള വാഹനവും നഗരസഭയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസം സുരക്ഷക്കായി 2,000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പൊളിക്കുന്ന സമയത്ത് തൊട്ടടുത്തുള്ള വീടുകളിൽ ആരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഒമ്പത് മണിയോടെ പരിശോധന തുടങ്ങും. പൊളിക്കുന്ന സമയത്ത് വീഡിയോ പകർത്താൻ ഡ്രോണുകൾ അനുവദിക്കില്ല. സ്‌ഫോടനം നടക്കുന്ന പത്ത് മിനുട്ട് മുമ്പ് ദേശീയപാതയിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.

[irp]

അരമണിക്കൂർ മുമ്പ് ഫ്ലാറ്റിന് സമീപമുള്ള ഇട റോഡുകളിലെല്ലാം വാഹനങ്ങൾ തടയും. ഈ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം വിഛേദിക്കും. ഈ വഴിയുള്ള ജലഗതാഗതവും പൂർണമായി നിരോധിക്കും. ചിലവന്നൂരിലെയും മരടിലെയും കായലുകളിൽ കോസ്റ്റൽ, മറൈൻ പോലീസ് സുരക്ഷ ഉറപ്പാക്കും. സ്‌ഫോടനത്തിന് ശേഷം 15 മിനുട്ട് നേരം കനത്ത പൊടിയിൽ നിറയും. പൊടി നിയന്ത്രണവിധേയമായ ശേഷം അര മണിക്കൂർ കഴിഞ്ഞ് മാത്രമേ ആളുകളെ താത്കാലിക താമസ കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചുവരാൻ അനുവദിക്കുകയുള്ളൂ.