Connect with us

Uae

മത അസഹിഷ്ണുത: അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം പിഴയും

Published

|

Last Updated

അബൂദബി | മതനിന്ദക്കെതിരെ കർശന നടപടികളുമായി യു എ ഇ. നേരിട്ടോ നവമാധ്യമങ്ങൾ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ നിന്ദിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ഈടാക്കും. ആളുകളെ ജാതി, മതം, വർണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അൽ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വർഷത്തേക്ക് ജയിലിലടക്കുകയും ഒരു ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യു എ ഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്‌കാരം എന്നിവ പരിഗണിക്കാതെ തന്നെ യു എ ഇയിൽ അവരെ തുല്യമായി കാണുന്നു, എല്ലാവർക്കും തുല്യനീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അൽ മസ്രൂയി പറഞ്ഞു. ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രമാണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കാണ് കടുത്ത ശിക്ഷ നൽകുന്നത്. നവമാധ്യമങ്ങൾ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015ലെ ഫെഡറൽ ലോ നമ്പർ (2) അനുസരിച്ച്, ആർട്ടിക്കിൾ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാൽ 2,50,000 ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം തടവും വിധിക്കുന്നത്. പള്ളി, ക്ഷേത്രം, സിനഗോഗ്, ചർച്ച്, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാൾക്കെതിരെയും നിയമപ്രകാരം കർക്കശ നടപടിയുണ്ടാകുമെന്ന് അൽ മസ്രൂയി പറഞ്ഞു.