Connect with us

Gulf

യു എസ് - ഇറാന്‍ സംഘര്‍ഷ സാഹചര്യം; ഇന്ത്യന്‍ സെക്ടറുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കുയര്‍ന്നേക്കും

Published

|

Last Updated

മസ്‌കത്ത് | രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ സെക്ടറുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ സാധ്യത. യു എസ് ഇറാന്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ധന വില കുതിച്ചുയരുന്നതാണ് കാരണം. വരും ദിവസങ്ങളില്‍ മേഖലയുടെ വിധി തന്നെ നിര്‍ണയിക്കുന്നതാകും പ്രശ്‌നം എന്നതിനാല്‍ സാമ്പത്തിക മേഖലയെയും ബാധിക്കും. അതേസമയം, ഇരുപക്ഷവും നിലപാട് മയപ്പെടുത്തിയാല്‍ എണ്ണ വിലയില്‍ അത് നേരിട്ട് ചലനമുണ്ടാക്കും.

വിമാന നിരക്ക് ഉടനെ വര്‍ധിക്കാന്‍ ഇടയില്ലെന്ന് വിമാന കമ്പനി വൃത്തങ്ങള്‍ പറയുന്നു. മസ്‌കത്തില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള യാത്ര കുറഞ്ഞ കാലമായതിനാലാണിത്. പൊതു അവധി സീസണിന്റെ അവസാനമായതിനാല്‍ നിരക്കുകള്‍ കുറഞ്ഞ നിലയിലാണ്. ക്രൂഡ് എണ്ണ വര്‍ധിക്കുകയും പ്രാദേശിക കറന്‍സികള്‍ ദുര്‍ബലപ്പെടുകയും ചെയ്യുമ്പോള്‍ തെക്കന്‍ ഏഷ്യയിലേക്കുള്ള വിമാന നിരക്കാകും വര്‍ധിക്കുക. വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനത്തോളമാണ് ഇന്ധനത്തിന്റെത്. തിങ്കളാഴ്ച മുംബൈയിലേക്കുള്ള ഡയറക്ട് വണ്‍വേ നിരക്ക് 42 ഒമാനി റിയാലും ഡല്‍ഹിയിലേക്ക് 88ഉം കൊച്ചിയിലേക്ക് 65ഉം ധാക്കയിലേക്ക് 145ഉം ലാഹോറിലേക്ക് 60ഉം മനിലയിലേക്ക് 195ഉം ഒമാനി റിയാലാണ്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഉരുത്തിരിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ധന വില വര്‍ഷാദ്യത്തില്‍ ബാരലിന് 63 ഡോളറായി കുറയേണ്ടതായിരുന്നു. വിമാന ഇന്ധന വില ബാരലിന് 75.60 ഡോളറായും താഴേണ്ടതായിരുന്നു. കഴിഞ്ഞ വര്‍ഷമിത് 77 ഡോളറായിരുന്നു. വിമാന മേഖലയുടെ മൊത്തം ഇന്ധന ബില്‍ 182 ബില്യന്‍ ഡോളറാകുമെന്നായിരുന്നു നിഗമനം. കഴിഞ്ഞ വര്‍ഷത്തെ ചെലവ് 188 ബില്യന്‍ ഡോളറാണ്. വര്‍ധിക്കുന്ന മത്സരത്തിനിടെ ലാഭനിരക്കില്‍ ഇന്ധന വില ആഘാതമുണ്ടാക്കുമെങ്കില്‍ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

ആഗോള വിമാന യാത്രക്കാരുടെ എണ്ണം 472 കോടിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമിത് 454 കോടിയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നത് തുടരുന്ന പ്രവണതയാണുള്ളത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതിനൊപ്പം എണ്ണ വില ഉയരുന്നത് ഇടിത്തീയായി. രൂപയുടെ മൂല്യശോഷണം ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കും ഗുണപ്രദമാണ്. കടം വീട്ടാനും ബേങ്ക് വായ്പകള്‍ അടക്കാനും ഈയവസരം ഉപയോഗിക്കാം.

മേഖലയിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നും ക്രൂഡ് ഓയില്‍ നിരക്കില്‍ ഇടിവുണ്ടാകുമെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു. സംഘര്‍ഷ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധ നിരീക്ഷണം.