നാഗന്മാരുടെ നാട്; ഒറ്റക്കൊരു യാത്ര

നാഗാലാൻഡിലെ പ്രമുഖരായ 17 ഗോത്ര വർഗക്കാർ തമ്മിലുള്ള സഹകരണവും സഹവർത്തിത്വവും സാഹോദര്യവും വളർത്താനായി നാഗാലാൻഡ് ഗവൺമെന്റ് മുൻകൈയെടുത്തു നടത്തുന്ന പത്ത് ദിവസത്തെ കലാ മാമാങ്കമാണ് ഹോൺബിൽ ഫെസ്റ്റിവൽ.
Posted on: January 7, 2020 4:44 pm | Last updated: January 7, 2020 at 4:44 pm

നാഗാലാൻഡ് – പട്ടിയിറച്ചി തിന്നുന്നവരുടെ നാട്, മനുഷ്യരെ വേട്ടയാടി തല വെട്ടിയെടുത്ത് പ്രദർശിപ്പിക്കുന്നവരുടെ നാട്, കൊടും ഭീകരരുടെയും അതി ക്രൂരന്മാരുടെയും നാട്… തുടങ്ങിയ നിരവധി വിശേഷണങ്ങൾ കൊണ്ട് ചുറ്റുമുള്ളവരെയൊക്കെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചപ്പോഴും ഹോൺബിൽ ഫെസ്റ്റിവൽ കാണാനുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് യാത്രയിലേക്ക് നയിച്ചത്.
സമയക്കുറവ് കാരണം ഗുവാഹതി വരെ ഫ്‌ളൈറ്റിലും ദിമാപുർ വരെ ട്രെയിനിലും യാത്ര ചെയ്തു. ദിമാപൂർ എത്തിയപ്പോൾ സമയം വൈകീട്ട് 5.30. സൂര്യൻ അസ്തമിക്കുന്നതിനാൽ എങ്ങും കൂരിരുട്ട്. ഒരുതരത്തിൽ ഷെയർ ടാക്‌സി ഒപ്പിച്ചു. ദേശീയപാത എന്ന് പറയപ്പെടുന്ന ഒരു ഓഫ് റോഡിലൂടെ സഞ്ചരിച്ചു. രാത്രി പത്ത് മണിയായപ്പോൾ കോഹിമയിലെത്തി. അവിടെ നിന്ന് നേരത്തേ പറഞ്ഞു വെച്ചിരുന്ന ടാക്‌സിയിൽ താമസ സ്ഥലമായ കിഗ്വേമയിൽ എത്തി. അപ്പോഴേക്കും സമയം 11 മണിയായിരുന്നു.

ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ കിസ്സാമയിലേക്ക്

കൃത്യം അഞ്ച് മണിയായപ്പോൾ ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന കോഴി വിളിച്ചുണർത്തി. കണ്ണ് തുറന്നപ്പോൾ അതി മനോഹരമായ കാഴ്ച. പലവർണങ്ങളാൽ ആകാശം മനോഹരിയായിരിക്കുന്നു. ഒരു മണിക്കൂർ കുത്തിയിരുന്ന് ആ സൂര്യോദയം ആസ്വദിച്ചു. ഏഴ് മണിയായപ്പോൾ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന പൈതൃക ഗ്രാമമായ കിസ്സാമയിലേക്ക് നടന്നു.

നാഗാലാൻഡിലെ പ്രമുഖരായ 17 ഗോത്ര വർഗക്കാർ തമ്മിലുള്ള സഹകരണവും സഹവർത്തിത്വവും സാഹോദര്യവും വളർത്താനായി നാഗാലാൻഡ് ഗവൺമെന്റ് മുൻകൈയെടുത്തു നടത്തുന്ന പത്ത് ദിവസത്തെ കലാ മാമാങ്കമാണ് ഹോൺബിൽ ഫെസ്റ്റിവൽ.
എല്ലാ വർഷവും ഡിസംബർ ഒന്ന് മുതൽ പത്ത് വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതൽ പ്രധാന വേദിയിൽ ഗോത്രവർഗക്കാർ അവരുടെ കലാരൂപങ്ങൾ അവതരിപ്പിച്ചു തുടങ്ങും. വേദിക്ക് ചുറ്റുമായി ഓരോ ഗോത്രവർഗക്കാരും അവർക്ക് അനുവദിച്ചു നൽകിയ സ്ഥലത്ത് “മൊരുങ്ങ്’ തനതായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിലെ അവരുടെ വീടിന്റെ ഒരു മാതൃകയായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രാവിലെ 7.30 ആയപ്പോൾ മൊരുങ്ങിലെത്തി. ആളനക്കം വെച്ച് തുടങ്ങുന്നതെയുള്ളൂ. അര മണിക്കൂർ കൊണ്ട് അവിടം ഗോത്രവർഗക്കാരെക്കൊണ്ട് നിറഞ്ഞു. അന്ന് കലാ പ്രകടനം നടത്തേണ്ടവർ അവരുടെ മൊരുങ്ങിന്റെ മുമ്പിൽ പരിശീലനം ആരംഭിച്ചു. എങ്ങും വർണമയം. നല്ല ഈണത്തിലുള്ള നാടൻ പാട്ടുകൾ ആലപിക്കുകയും അതിനൊത്ത് ചുവടും വെക്കുകയും ചെയ്യുന്ന മനോഹര കാഴ്ച. അടുത്ത് നിന്ന് ഫോട്ടോയെടുക്കാൻ പറ്റിയ ഏറ്റവും നല്ല അവസരം. 9.30 ആയപ്പോൾ പ്രധാന വേദിയിലേക്ക് നീങ്ങി. അവിടെയെത്തിയപ്പോൾ കാഴ്ചകൾ കാണാനായി നിരവധിയാളുകൾ എത്തിയിട്ടുണ്ട്. ഭൂരിപക്ഷവും ഫോട്ടോഗ്രാഫർമാർ. വേദിക്ക് ചുറ്റുമുള്ള പവലിയൻ സഞ്ചാരികളെ കൊണ്ടും ഗോത്രവർഗക്കാരെ കൊണ്ടും നിറഞ്ഞു. ഗോത്രവർഗക്കാർ അവരുടെ പാട്ടും നൃത്തവും നാടൻ കളികളും എല്ലാം പ്രദർശിപ്പിച്ചു.
പിന്നീട് എല്ലാവരും മൊരുങ്ങിലേക്ക് നീങ്ങി. രാവിലെ ശൂന്യമായിരുന്ന മൊരുങ്ങ് ആളുകളെ കൊണ്ട് നിറഞ്ഞു. മൊരുങ്ങിൽ പ്രദർശിപ്പിച്ചിട്ടുള്ള കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എല്ലാം ഏറെ പുതുമയാർന്ന കാഴ്ചതന്നെയായിരുന്നു. ഓരോ മൊരുങ്ങിനും മുന്നിലും ഒരു സ്ത്രീയും പുരുഷനും അവരുടെ ഗോത്ര വർഗത്തിന്റെ വേഷവിധാനങ്ങൾ അണിഞ്ഞു സന്ദർശകരുടെ കൂടേ ഫോട്ടോയെടുക്കുന്നു. തലയിൽ വേഴാമ്പൽ തൂവൽ, മുള്ളൻ പന്നിയുടെ മുള്ള് മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കാതിൽ പല വിധത്തിലുള്ള കടുക്കൻ, കഴുത്തിൽ പല നിറത്തിലുള്ള മുത്തുമാലകൾ എല്ലാം അണിഞ്ഞുനിൽക്കുന്ന ഗോത്രവർഗക്കാരെ കാണാൻ വല്ലാത്തൊരു ചന്തം തന്നെയാണ്.

ഭക്ഷണ വൈഭവം

ഓരോ മൊരുങ്ങിലും അവരുടെ തനതായ ഭക്ഷണ വിഭവങ്ങൾ കിട്ടുന്ന ഭക്ഷണശാലയും ഉണ്ട്. പന്നി ഇറച്ചിയാണ് ഇവരുടെ പ്രധാന വിഭവം. ഇറച്ചി പുകയിൽ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഇത് കൂടാതെ ചേമ്പിന്റെ ഇല പുളിപ്പിച്ച് തയ്യാറാക്കിയ അനീഷി എന്ന വിഭവവും സോയാബീൻ പുളിപ്പിച്ച് ഉണ്ടാക്കുന്ന അഖുനിയും രുചിക്കാൻ സാധിച്ചു. ലോത ഗോത്ര വർഗക്കാരുടെ മുളയുടെ കാമ്പ് കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ പുതുമ നിറഞ്ഞതായിരുന്നു.

അഖിബോ എന്ന ഒച്ചിന്റെ കറി, പന്നി ഇറച്ചി കൊണ്ടുണ്ടാക്കിയ ഇല അട “അനിഫെട്’, റാഗി പോലത്തെ ധാന്യം അരച്ച് അരിയുടെകുടെ വേവിച്ച് നദിയ എന്ന് വിളിക്കുന്ന വിഭവം, ചേമ്പും വിവിധ പച്ചക്കറികളും ചേർത്ത് ഉണ്ടാക്കിയ ഹിംഗ്യേചൂ, അങ്ങനെ നീളുന്നു ഗോത്രവർഗക്കാരുടെ ആഹാര വിഭവങ്ങൾ. പട്ടി ഇറച്ചി കഴിക്കുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. അത് കഴിക്കുന്നതാകട്ടെ വളരെ നാളുകളായി അസുഖം പിടിച്ച് ക്ഷീണിച്ച് ഇരിക്കുന്നവരും. പട്ടി ഇറച്ചി രോഗ പ്രതിരോധ ശക്തി കൂട്ടുമെന്ന് ഒരു വിശ്വാസം നാഗ ഗോത്രവർഗക്കാരുടെ ഇടയിലുണ്ട്. ഏറ്റവും അധികം തിരക്ക് അവരുടെ തനത് പാനീയമായ Zutho അഥവാ റൈസ് ബീർ കുടിക്കാനായിരുന്നു. ഇത് മുളയുടെ കപ്പിലാണ് കുടിക്കാൻ തരുന്നത്. പ്രത്യേക തരം അരി പൊടിപ്പിച്ച് വെള്ളത്തിൽ വേവിച്ച് പുളിപിച്ചാണ് തയ്യാറാക്കുന്നത്.
ഉച്ചക്ക് രണ്ട് മണിയോടെ ഗോത്ര വർഗക്കാർ തമ്മിലുള്ള രസകരമായ മത്സരങ്ങൾ പ്രധാന വേദിയിൽ അരങ്ങേറി. എണ്ണകൊണ്ട് മെഴുകിയ കഴുക്കോലിൽ വലിഞ്ഞുകയറുക, കല്ല് ഉരച്ചു തീയുണ്ടാക്കുക, എരിവുള്ള മുളക് തിന്നുക മുതലായ പല തരം മത്സരങ്ങൾ.

അങ്ങനെ പകലന്തിയോളം നീളുന്ന പരിപാടികളാണ് ഹോൺബിൽ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത്. പത്ത് ദിവസവും വ്യത്യസ്തമായ കലാരൂപങ്ങളാണ് അവതരിക്കപ്പടുന്നത്. അതുകൊണ്ട് തന്നെയാണ് ഹോൺ ബിൽ ഫെസ്റ്റിവൽ ഉത്സവങ്ങളുടെ ഉത്സവമായാണ് അറിയപ്പെടുന്നത്്. കൂടാതെ ഗോത്രവർഗക്കാരുടെ സ്റ്റോൾ അണിനിരക്കുന്ന ബാംബൂ പവലിയൻ തൊട്ടടുത്താണ്. രണ്ടാം ലോക മഹായുദ്ധ മ്യൂസിയം, പഴം പച്ചക്കറി വിപണന പ്രദർശനം, ചിത്ര പ്രദർശനം മുതലായവയും ഇതോടനുബന്ധിച്ചുണ്ട്.

നാഗകൾ ക്രൂരന്മാരല്ല

നാഗന്മാരുടെ പെരുമാറ്റവും, സന്ദർശകരോടുള്ള കരുതലും സ്‌നേഹവും എല്ലാം വളരെ നല്ല അനുഭവമായിരുന്നു. നാഗാലാൻഡിലേ മനുഷ്യരെ പറ്റി നമ്മൾ വെച്ച് പുലർത്തുന്നത് വെറും തെറ്റിദ്ധാരണകൾ മാത്രമാണ്. ഇരുട്ടത്ത് ദിമാപൂറിൽ വിഷമിച്ചു നിന്ന എന്നെ അവരുടെ ഷെയർ ടാക്‌സിയിൽ (എന്നെ കൂടി അഡ്ജസ്റ്റ് ചെയ്യാനായിട്ട് രണ്ടുപേര് മുന്നിലെ ഒരു സീറ്റിലാണ് ഇരുന്നത്) കോഹിമ എത്തിച്ചതും, നടക്കാനിറങ്ങിയ എനിക്ക് വഴിയോരത്തെ ഒരു വൃദ്ധ അവരുടെ പേരമരത്തിൽ നിന്ന ഒരേയൊരു പേരക്ക പറിച്ചു തന്നതും എന്റെ വിശപ്പിന്റെ അസുഖം മനസ്സിലാക്കി ഇടക്കിടക്ക് വൈൽഡ് ആപ്പിൾ മുതലായ നാടൻ പഴ വർഗങ്ങൾ എനിക്ക് തന്ന ഹോം സ്റ്റേയിലെ ചേച്ചിയും എല്ലാം മനുഷ്യത്വത്തിന്റെ നേർക്കാഴ്ച്ചകളാണ്.

ഞങ്ങളോടൊപ്പം താമസിച്ച ബെംഗളൂരുവിൽ നിന്നുള്ള എൻജിനീയർ കാശ് കൊടുക്കാതെ മുങ്ങിയതിന് ചോര തിളച്ചു നിൽക്കുകയായിരുന്ന എന്നോട് നടത്തിപ്പുകാരൻ പറഞ്ഞത് ഇങ്ങനെ ‘സാരമില്ല അയാൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടാകും, അത് വിട്ടേക്ക് ‘ എന്നാണ്. സത്യം പറഞ്ഞാൽ ഇത്രേം പാവം മനുഷ്യരെ ഞാൻ എവിടെയും കണ്ടിട്ടില്ല. ഒറ്റക്കുള്ള നാഗാലാൻഡ് യാത്രയിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം’. കേട്ടറിവും കണ്ടറിവും’ തമ്മിൽ ധാരാളം അന്തരം ഉണ്ട് എന്നതു തന്നെയാണ്.

ഹോൺ ബിൽ ഫെസ്റ്റിവൽ കണ്ടിരിക്കേണ്ട ഒന്നുതന്നെയാണ്. നാഗന്മാരുടെ തനിമയും വൈവിധ്യവും നേരിൽ കണ്ടറിയാൻ പറ്റിയ ഒരു സുവർണ അവസരം. ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ ഇവിടം സന്ദർശിക്കണം.