Connect with us

National

ജെ എന്‍ യുവില്‍ എവിടേയും ഒരു 'തുക്‌ഡെ തുക്‌ഡെ' സംഘത്തെ താന്‍ കണ്ടിട്ടില്ല: വിദേശകാര്യമന്ത്രി ജയശങ്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  താന്‍ ജെ എന്‍ യുവില്‍ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും കണ്ടിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ഡല്‍ഹിയില്‍ ചൈനയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇടത് പ്രതിഷേധങ്ങളെ പ്രത്യേകിച്ച് ജെ എന്‍ യു വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ അധിക്ഷേപിക്കാനായി ബി ജെ പി നേതാക്കള്‍ നിരന്തരം പറയുന്ന പ്രയോഗമാണ് തുക്‌ഡെ തുക്‌ഡെ ഗാങ്. കഴിഞ്ഞ ദിവസവും പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് ആവര്‍ത്തിച്ചിരുന്നു. ബി ജെ പി നേതാക്കളുടെ ഈ പരിഹാസമാണ് മുന്‍ ജെ എന്‍ യു വിദ്യാര്‍ഥികൂടിയായ ജയശങ്കര്‍ തള്ളിയത്. ജെ എന്‍ യുവിന്റെ പാരമ്പര്യത്തിന് നിരക്കാത്ത ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ എന്നിവ പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു. പ്രശ്‌ന പരിഹാരത്തിന് കഴിവുള്ള സര്‍ക്കാറാണിതെന്നാണ് ഇത് തെളിയിക്കുന്നത്. ഒരു പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് ചൈനയില്‍ നിന്ന് നമ്മള്‍ പഠിക്കണം. അവര്‍ ലക്ഷ്യമിടുന്നത് പ്രാവര്‍ത്തികമാക്കുന്നതില്‍ ചൈനക്കാര്‍ മികച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.