Connect with us

Kerala

സിൽവർ ലൈൻ റെയിൽപാത: ആകാശ സർവേ പൂർത്തിയായി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിന്റെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സർവേ പൂർത്തിയായി. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സർവേ ആദ്യ ദിനം കണ്ണൂർ മുതൽ കാസർകോടു വരെയായിരുന്നു.
ഇന്നലെ തിരുവനന്തപുരത്താണ് സർവേ പൂർത്തിയായത്. സിൽവർ ലൈൻ ദൈർഘ്യമായ 531.45 കിലോമീറ്റർ സർവേ ചെയ്യുന്നതിന് പാർട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ ലൈഡാർ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്‌റ്റേഷൻ പ്രദേശങ്ങളും സർവേ ചെയ്തു. അഞ്ച് മുതൽ പത്ത് സെന്റിമീറ്റർ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനു (കെ റെയിൽ) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്.

നിർദിഷ്ട മുംബൈ അഹ്‌മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ലൈഡാർ സർവേയും ജിയോനോ തന്നെയാണ് നടത്തിയത്. സർവേ വിവരങ്ങൾ സർവേ ഓഫ് ഇന്ത്യയടക്കമുള്ള ഏജൻസികളും സർക്കാർ വകുപ്പുകളും ചേർന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകൾ ഒഴിവാക്കിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കുന്നത്.

തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ടി (ഡി പി ആർ)നുവേണ്ടിയുള്ള അലൈൻമെന്റ് നിർണയിക്കും. സർവേ കൃത്യമായി പൂർത്തിയാക്കിയ സ്ഥിതിക്ക് ഡി പി ആറും ലൊക്കേഷൻ സർവേയും വളരെ വേഗം തയ്യാറാക്കി പണി തുടങ്ങാൻ കഴിയുമെന്ന് കെ ആർ ഡി സിൽ എം ഡി വി അജിത് കുമാർ അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ റെയിൽ. തിരുവനന്തപുരം മുതൽ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റർ ഇപ്പോഴത്തെ റെയിൽപാതയിൽ നിന്ന് മാറിയും തൃശൂരിൽനിന്ന് കാസർകോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതക്ക് സമാന്തരമായിട്ടും ആയിരിക്കും സിൽവർ ലൈനിന്റെ അലൈൻമെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈൻ സ്ഥാപിക്കുന്നത്. ആകെ പത്ത് സ്‌റ്റേഷനുകളാണുള്ളത്. മറ്റു സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സിൽവർ ലൈനിനുണ്ട്. 200 കിലോമീറ്റർ വേഗത്തിലാണ് സിൽവർ ലൈനിലൂടെ വണ്ടിയോടുക.

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിന് തടസ്സമുണ്ടാക്കാതെ ലെഡാർ സർവേ വഴി ലഭ്യമായിട്ടുണ്ട്. കാട്, നദികൾ, റോഡുകൾ, നീർത്തടങ്ങൾ, വൈദ്യുതി ലൈനുകൾ, പൈതൃകമേഖലകൾ എന്നിവയും കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഇതിനായി ഉയർന്ന റെസൊല്യൂഷൻ ക്യാമറയാണ് ഉപയോഗിച്ചത്. രണ്ട് ലൈനുകൾക്കുള്ള സ്ഥലം മാത്രമാണ് സിൽവർ ലൈനിനു വേണ്ടിവരുന്നത്. നഗരങ്ങളിൽ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

Latest