Connect with us

International

ആണവ നിയന്ത്രണ കരാറുകളില്‍ നിന്നെല്ലാം ഇറാന്‍ പിന്‍മാറി

Published

|

Last Updated

ടെഹ്‌റാന്‍ | ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എല്ലാ ആണവ നിയന്ത്രണ കരാറുകളില്‍ നിന്നും പിന്‍മാറാന്‍ ഇറാന്റെ തീരുമാനം. ആണവായുധങ്ങള്‍ കൈവശം വെക്കല്‍, ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തന മേഖലകളില്‍ ഒരു നിയന്ത്രണവും ഇനി ഉണ്ടാകില്ലെന്ന് ഇറാന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന ഇറാന്‍ മന്ത്രിസഭയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

ആണവായുധങ്ങളുമായി ബന്ധപ്പെട്ട ജെ സി പി ഒ എ കരാറില്‍ നിന്ന് പിന്‍വാങ്ങും. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണ്. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ലെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ആണവ പദ്ധതികളുമായുള്ള എല്ലാ നടപടികളും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു. 2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്.

Latest