Connect with us

National

ജെ എന്‍ യു അക്രമം: വിദ്യാര്‍ഥികള്‍ ഒന്നിച്ച് രാജ്യവ്യാപക പ്രക്ഷോഭം

Published

|

Last Updated

ന്യൂഡല്‍ഹി |  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും എ ബി വി പി, ആര്‍ എസ് എസ് ഗുണ്ടകള്‍ അക്രമിച്ച സംഭവത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു. രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ ഇന്നലെ രാത്രി മുതല്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ക്യാമ്പസുകള്‍ വിട്ട് പുറത്തേക്ക് ഇന്ന് പ്രതിഷേധം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടക്കുകയാണ്.

ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുടെ തല മുഖംമൂടി ധരിച്ചെത്തിയ ആര്‍ എസ് എസുകാര്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നിരുന്നു. മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയാണ് പ്രതിക്ഷേധത്തിന് നേതൃത്വം നല്‍കിയത്. അക്രമികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പ് മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. ജാമിയ അധ്യാപക സംഘടന ജെ എന്‍ യു അക്രമത്തെ അപലപിച്ച് രംഗത്തെത്തി.

അക്രമത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാക്കാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ “റിസൈന്‍ അമിത് ഷാ” ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്. അക്രമത്തെ അപലപിച്ച് രാജ്യത്തെ പ്രമുഖ പാര്‍ട്ടി നേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. അമിത്ഷായുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ജനം ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ഉണ്ടാക്കിയ കൂട്ടുകെട്ടാണ് മോദി-അമിത്ഷായുടേതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ എന്‍ യു ക്യാമ്പസില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. 13 ഓളം വിദ്യാര്‍ഥികളാണ് ഗുരുതര പരുക്കേറ്റ് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Latest