Connect with us

Editorial

വേണം, സമഗ്രമായൊരു ദേശീയ കുടിയേറ്റ നയം

Published

|

Last Updated

അതീവ പ്രസക്തവും അടിയന്തര പ്രാധാന്യവുമര്‍ഹിക്കുന്നതാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ലോക കേരളസഭ രണ്ടാം സമ്മേളനം ഉന്നയിച്ച ദേശീയ കുടിയേറ്റ നയം, സമഗ്രമായ പുനരധിവാസം തുടങ്ങിയ പദ്ധതികള്‍. രാജ്യത്തിനായി വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്നവരാണ് പ്രവാസി ഭാരതീയര്‍. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം ഒഴുകുന്നത് ഇന്ത്യയിലേക്കാണെന്നാണ് ലോക ബേങ്ക് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സമ്പാദ്യം കനപ്പിക്കുന്ന പ്രവാസികളുടെ ഭാവിക്കും ക്ഷേമത്തിനുമാവശ്യമായ പദ്ധതികളും നയങ്ങളും നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ദേശീയ കുടിയേറ്റ നയം ഈ ഗണത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. കുടിയേറ്റ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ഒരു ദേശീയ നയമോ നിയമമോ നിലവിലില്ല. അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, ഓണ്‍ലൈന്‍ മുഖേന ജോലി വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കല്‍, വേതനം തടഞ്ഞുവെക്കല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തുടങ്ങിയവ പൂര്‍വോപരി വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷിതവും നിയമപരവുമായ കുടിയേറ്റ നയം അനിവാര്യമാണ്. ഇതു സംബന്ധിച്ചു വിദേശകാര്യ വകുപ്പും നോര്‍ക്കയും പല തവണ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നുവെങ്കിലും അതിനപ്പുറമുള്ള ഒരു കാല്‍വെപ്പ് ഇതുവരെയുണ്ടായിട്ടില്ല.

വിദേശ രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും കുടിയേറ്റക്കാരുടെ എണ്ണമെത്രയെന്നുമുള്ള വ്യക്തമായ കണക്കു പോലും ഇതുവരെ കേന്ദ്രം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അനൗദ്യോഗിക കണക്കനുസരിച്ച് 1.05 കോടിയാണ് ജോലിയാവശ്യാര്‍ഥം വിദേശങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം. ലോകത്തെമ്പാടുമായി 1.71 ഇന്ത്യന്‍ വംശജരുമുണ്ട്. രാജ്യത്തിനകത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ 1.31 കോടി വരും. ഇതെല്ലാം ഏകദേശ കണക്കാണ്. യഥാര്‍ഥ കണക്ക് ലഭ്യമല്ല. പൗരത്വ പ്രശ്‌നത്തിന്റെ പേരില്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ ഇതിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടേണ്ടതും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അതേക്കുറിച്ചു ശരിയായ ധാരണയുണ്ടാകേണ്ടതും അനിവാര്യമാണ്.

പ്രവാസികളുടെ തൊഴിലും മനുഷ്യാവകാശവും സംരക്ഷിക്കാനും പ്രവാസ ജീവിതത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുമുള്ള ഇടപെടലുകള്‍ രാജ്യത്തെ ഭരണതലങ്ങളില്‍ നിന്നുണ്ടാകേണ്ടതുണ്ട്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയാണ് വിദേശ രാഷ്ട്രങ്ങള്‍ക്കിന്നാവശ്യം. അവിദഗ്ധ തൊഴിലാളികളെ അവര്‍ കൂട്ടത്തോടെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതുതലമുറക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ആവശ്യമാണ്. തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസവും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി അവശേഷിക്കുകയാണ്.
ഡോ. ആസാദ് മൂപ്പന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച, കരട് ബില്‍ പ്രവാസ കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഗതിവേഗം വര്‍ധിപ്പിക്കാന്‍ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ. കരടനുസരിച്ച് മുഖ്യമന്ത്രി സഭാനേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവുമാകുന്ന സഭയില്‍ 351 അംഗങ്ങളാണുണ്ടാകുക. സ്പീക്കര്‍ ചെയര്‍മാനായ ഏഴംഗ പ്രിസീഡിയത്തിനായിരിക്കും സഭയുടെ നിയന്ത്രണം. ഉദ്യോഗസ്ഥരും വിദഗ്ധരും ഉള്‍പ്പെടുന്ന ഉപദേശക ബോര്‍ഡ് രൂപവത്കരണം, നിയമസഭ മാതൃകയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, സഭയുടെ കാര്യങ്ങളില്‍ സിവില്‍ കോടതികള്‍ക്ക് ഇടപെടുന്നതിനു വിലക്ക് തുടങ്ങിയ വ്യവസ്ഥകളും ഉള്‍ക്കൊണ്ടിട്ടുണ്ട്. ബില്‍ നിയമമാകുന്നതോടെ സഭ ഒരു പൊതു ജനാധിപത്യ വേദിയായി മാറുകയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ആധികാരികത ലഭ്യമാകുകയും നയപരമായി കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും.
പ്രതിപക്ഷ കക്ഷികളുടെ ലോക കേരളസഭാ സമ്മേളന ബഹിഷ്‌കരണം ഖേദകരമായിപ്പോയി. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ കോടികള്‍ ചെലവിട്ടു ലോക കേരളസഭ നടത്തുന്നത് ധൂര്‍ത്താണെന്നാരോപിച്ചായിരുന്നു ബഹിഷ്‌കരണം. സമ്മേളനത്തില്‍ അത്യാഡംബരവും ധൂര്‍ത്തുമുണ്ടെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. അക്കാര്യം ചൂണ്ടിക്കാട്ടാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട് താനും. അതുപക്ഷേ, ചടങ്ങില്‍ സഹകരിച്ചു കൊണ്ടു തന്നെ നിര്‍വഹിക്കാമായിരുന്നില്ലേ? അപ്പേരില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്നോ? പ്രവാസി വ്യവസായ പ്രമുഖരായ എം എ യൂസുഫലി, രവിപിള്ള തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയതു പോലെ പിരിവിനായി പാര്‍ട്ടി നേതാക്കള്‍ സമീപിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം നോക്കാതെ കൈയയച്ചു സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. അവര്‍ ചോര നീരാക്കി നേടിയ പണം കൊണ്ടാണ് പാര്‍ട്ടി ഫണ്ടുകള്‍ കൊഴുപ്പിക്കുന്നതും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പൊടിപൊടിക്കുന്നതും. ആകെ ജനസംഖ്യയുടെ ഒന്നര ശതമാനമാണ് പ്രവാസികളെങ്കിലും രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ല് അവരാണ്. പ്രവാസികളുടെ പ്രതിവര്‍ഷ സംഭാവന ജി ഡി പിയുടെ(മൊത്തം ആഭ്യന്തര ഉത്പാദനം) നാല് ശതമാനം വരും. കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ പ്രവാസികളുടെ സംഭാവനകള്‍ വളരെ വലുതാണ്. ഈയൊരു സാഹചര്യത്തില്‍ പ്രവാസ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ വേദികള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ കക്ഷിരാഷ്ട്രീയ ഭിന്നത മാറ്റിവെച്ചു എല്ലാവരും സഹകരിക്കുകയായിരുന്നു വിവേകം.

ബഹിഷ്‌കരണ തീരുമാനം യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിലെ പ്രവാസി സുഹൃത്തുക്കള്‍ തന്നെ അംഗീകരിച്ചില്ലെന്നതു ശ്രദ്ധേയമാണ്. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം പരിപാടിയുമായി സഹകരിക്കുകയുണ്ടായി. പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് കെ എം സി സി നേതാക്കളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ലോക കേരള സഭയെ അനുമോദിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. കേരളീയ പ്രവാസികളെ ഒരു ചരടില്‍ കൊണ്ടുവരുന്ന സഭ മികച്ച വേദിയായി മാറുകയാണെന്നു രാഹുല്‍ ഗാന്ധി അനുമോദന സന്ദേശത്തില്‍ പറയുകയും ചെയ്യുന്നു. അതാണ് രാഷ്ട്രീയ മാന്യത.