Connect with us

National

പ്രതിഷേധങ്ങൾ ഒഴിയാതെ ഡൽഹി ജുമാ മസ്ജിദ്

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി ജുമാ മസ്ജിദിന് പ്രതിഷേധങ്ങൾ ഒഴിയാത്ത മൂന്നാം വെള്ളിയാഴ്ച. തുടർച്ചയായി മൂന്നാം വെള്ളിയാഴ്ചയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധം അരങ്ങേറി. ദേശീയ പതാകയേന്തി യുവാക്കൾ ജുമാ മസ്ജിദിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ചകളിലെ പോലെ ശക്തമായ പ്രതിഷേധം ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾ പോലീസ് സ്വീകരിച്ചിരുന്നു. ജുമാമസ്ജിദിനും പരിസരങ്ങളിലും ശക്തമായ സുരക്ഷയാണ് പോലീസ് സജ്ജീകരിച്ചിരുന്നത്.

ജുമുഅ നിസ്‌കാരത്തിനായി എത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത് തടയാനായി അസാധാരണ രീതിയിലുള്ള സുരക്ഷാ വിന്യാസമാണ് നടത്തിയിരുന്നത്. ജുമാമസ്ജിദിന്റെ മുഴുവൻ കവാടങ്ങൾക്കരികിലും അർധസൈനികവിഭാഗങ്ങളെ ഉൾപ്പെടെയുള്ളവയെ വിന്യസിച്ചിരുന്നു. പുരാന ദില്ലിയിലെ പല ഭാഗങ്ങളിലും മുൻ കരുതൽ രീതിയിൽ ബാരിക്കേഡുകളും പോലീസ് വിഭാഗങ്ങളേയും നിർത്തിയിരുന്നു.

ഡൽഹിയിൽ ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഉത്തർപ്രദേശ് -ഡൽഹി അതിർത്തി പ്രദേശമായ ഷഹീൻ ബാഗ്, ജന്തർ മന്തർ എന്നിവിടങ്ങളിലും ഇന്നലെ പ്രതിഷേധം അരങ്ങേറി. ജാമിഅ സർവകലാശാലയിൽ പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. പ്രതിഷേധം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ക്യാമ്പസിന് മുന്നിലെ പ്രധാന റോഡിൽ വരച്ച് പ്രതിഷേധത്തിന്റെ മറ്റൊരുതലം കൂടി തീർക്കുന്നുണ്ട്.

ഇന്നലെ ക്യാമ്പസിൽ നടന്ന പരിപാടിയിൽ സിഖ് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ജാമിഅ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ട്രാൻസ്ജെൻഡേഴ്‌സ്, വനിതാ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമങ്ങളാണ് ഇന്നലെ ജന്തർമന്തറിൽ അരങ്ങേറിയത്.
ഉത്തർപ്രദേശ്- ഡൽഹി അതിർത്തിയായ ഷഹീൻ ബാഗിൽ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനങ്ങൾ പ്രതിദിനം സമരത്തിനെത്തുന്ന കാഴ്ചയാണ് കാണുന്നത്. പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമരത്തിലെ മുൻനിരയിലുണ്ട്. ഡൽഹി നേരിടുന്ന കടുത്ത തണുപ്പിനെ അവഗണിച്ചാണ് ദേശത്തെയും ഭരണഘടനയേയും രക്ഷിക്കാൻ ഈ പൗര സമൂഹം ഇറങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്ന സൂചനയാണ് ഡൽഹിയിൽ കാണുന്നത്.

Latest