Connect with us

Kerala

കൂടത്തായി കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവ്

Published

|

Last Updated

വടകര | കൂടത്തായി റോയി തോമസ് വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യ പ്രതി ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ റോയിയുടെ ഭാര്യ ജോളിയമ്മ എന്ന ജോളി (47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി പി എം മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ മനോജ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

കൊലക്കുറ്റം, ഗൂഢാലോചന തുടങ്ങി ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ 246 സാക്ഷികളുണ്ട്. അന്വേഷണ സംഘത്തിന്റെ തലവന്‍ എസ് പി. കെ ജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്. കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവായതായും കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രാസപരിശോധനാ റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഡി എന്‍ എ ടെസ്റ്റിന്റെ ആവശ്യം വന്നില്ലെന്ന് എസ് പി പറഞ്ഞു.

322 രേഖകളാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.യു ജി സി നെറ്റ്, എം കോം, ബികോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി തയ്യാറാക്കിയിരുന്നുവെന്നതിന് തെളിവായി ഇവയുടെ പകര്‍പ്പുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തില്‍ പങ്കില്ലെന്നും കെജി സൈമണ്‍ പറഞ്ഞു.