Connect with us

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് ബി ജെ പി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് ബി ജെ പിയുടെ നോട്ടീസ്. ബി ജെ പി നേതാവും എം പിയുമായി ജി വി എല്‍ നരസിംഹറാവു ആണ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയത്. പ്രമേയം ഭരണഘടനാ ലംഘനവും പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരുമാണെന്ന് നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. ഭരണപരമായ ആശയക്കുഴപ്പത്തിനും ഇടയാക്കുന്നതാണ് പ്രമേയം.

ഭരണഘടനയുടെ 11ാം വകുപ്പനുസരിച്ച് പൗരത്വ വിഷയത്തില്‍ പാര്‍ലിമെന്റിന് പൂര്‍ണ അധികാരമാണുള്ളത്. 256ാം വകുപ്പിന്റെ ഏഴാം പട്ടിക പ്രകാരം ഇത് യൂണിയന്‍ ലിസ്റ്റില്‍ വരുന്ന വിഷയവുമാണ്. ഇതില്‍ തീരുമാനമെടുക്കാന്‍ പാര്‍ലിമെന്റിന് സവിശേഷ അധികാരമുണ്ട്. പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കുന്ന കാര്യം ജനുവരി മൂന്നിന് ചേരുന്ന രാജ്യസഭയുടെ അച്ചടക്ക സമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും സമിതി അംഗം കൂടിയായ നരസിംഹ റാവു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രമേയമാണ് കേരള നിയമസഭ പാസാക്കിയത്. ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.