Connect with us

National

എൻ പി ആർ കലണ്ടറിൽ മുസ്‌ലിം ആഘോഷങ്ങളില്ല

Published

|

Last Updated

ന്യൂഡൽഹി | മുസ്‌ലിം ആഘോഷങ്ങളെ ഒഴിവാക്കി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) തയ്യാറാക്കുന്നതിനുള്ള റഫറൻസ് ഡേറ്റ് കലണ്ടർ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

എൻ പി ആർ തയ്യാറാക്കുമ്പോൾ ശരിയായ ജനന തീയതി അറിയാത്തവർക്ക്, ഏതെങ്കിലും ആഘോഷത്തിന് മുമ്പാണോ ശേഷമാണോ ജനിച്ചതെന്ന് വ്യക്തമാക്കാനുള്ള ചോദ്യമുണ്ടാകും. ഇവയിൽ മുസ്്ലിം ആഘോഷങ്ങൾ ഒഴിവാക്കി ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ മതാഘോഷങ്ങൾ മാത്രമാണ് റഫറൻസായി ചോദിക്കേണ്ടത് എന്നാണ് നിർദേശം.

പൗരത്വപ്പട്ടികക്ക് മുന്നോടിയായുള്ള നടപടിയാണ് ജനസംഖ്യാ രജിസ്റ്റർ. ഇതിലെ വിവരങ്ങൾ പൗരത്വ പട്ടികക്കുള്ള അടിസ്ഥാന രേഖയായി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്രമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ജനസംഖ്യാ രജിസ്റ്ററിൽ ജനന തീയതി രേഖപ്പെടുത്തുന്നത് സുപ്രധാന നടപടിയാണെന്ന് ജനസംഖ്യാ രജിസ്റ്റർ കണക്കെടുപ്പ് നടത്തുന്ന എന്യുമിറേറ്റർ, സൂപ്പർവൈസർ എന്നിവർക്കുള്ള മാനുവലിലെ നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു വ്യക്തിക്ക് തന്റെ ജനന വർഷം മാത്രമാണ് അറിയുകയെങ്കിൽ മാസം കണ്ടെത്താൻ ജനിച്ചത് മഴക്കാലത്താണോ അല്ലയോ എന്ന് ചോദിക്കണം. മഴക്കാലത്തിന് മുമ്പാണ് എന്ന് പറഞ്ഞാൽ ഏതെങ്കിലും ആഘോഷത്തിന് മുമ്പാണോ ശേഷമാണോ എന്ന് ചോദിക്കും.
പുതുവർഷം, ഗുരുഗോബിന്ദ് സിംഗ് ജയന്തി, മകര സംക്രാന്തി, പൊങ്കൽ, റിപ്പബ്ലിക് ദിനം, ബസന്ത് പഞ്ചമി, മഹാഋഷി ദയാനന്ദ സരസ്വതി ജയന്തി, മഹാശിവരാത്രി, ഹോളി, ഗുഡി പട്്വ, രാം നവമി, വൈശാഖി, ബിഹു, മഹാബീർ ജയന്തി, ദുഃഖ വെള്ളി, ബുദ്ധ പൂർണിമ എന്നിവയാണ് ചോദിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
ജനിച്ചത് മഴക്കാലത്തിന് ശേഷമാണെങ്കിൽ നാഗപഞ്ചമി, ജന്മാഷ്ടമി, രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ഗണേശ ചതുർഥി, ഓണം, ദസറ, ഗാന്ധി ജയന്തി, ദിപാവലി, ഭായ്ദുജ്, മഹാഋഷി വാത്മീകി ജയന്തി, ഛാട്ട് പൂജ, ഗുരുനാനാക് ജയന്തി, അയ്യപ്പ ഫെസ്റ്റിവൽ, ക്രിസ്തുമസ് എന്നിവ ചോദിക്കണമെന്നും നിർദേശത്തിലുണ്ട്. പട്ടികയിൽ 30 ആഘോഷങ്ങൾ സൂചിപ്പിക്കുന്പോൾ ഒന്ന് പോലും മുസ്്ലിം ആഘോഷമായില്ല. 2011ൽ സെൻസസിന് ഉപയോഗിച്ച ചോദ്യാവലി തന്നെയാണ് ഇത്തവണയും ഉപയോഗിക്കുന്നതെന്നും ഇതിനായി പ്രത്യേക ചോദ്യാവലി ഉണ്ടാക്കിയിട്ടില്ലെന്നുമാണ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. 2011ലെ ചോദ്യാവലിയിലും മുസ്്ലിം ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

Latest